Site iconSite icon Janayugom Online

ഹരിയാനയില്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍ ജീവനൊടുക്കിയ സംഭവം; പുരണ്‍ കുമാര്‍ ജാതി അധിക്ഷേപം നേരിട്ടതായി ആത്മഹത്യാകുറിപ്പില്‍ പരാമര്‍ശം

ചണ്ഡീഗഡില്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍ സ്വയം വെടിയുതിര്‍ത്ത് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ജാതി അധിക്ഷേപം നേരിട്ടതായി ആത്മഹത്യാകുറിപ്പില്‍ പരാമര്‍ശം. കേസില്‍ മുതിര്‍ന്ന ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. ഐപിഎസ് ഓഫീസറായ പുരണ്‍ കുമാറിന്റെ മരണത്തില്‍ ആത്മഹത്യാ പ്രേരണാക്കുറ്റത്തിനും പട്ടികജാതി-പട്ടികവര്‍ഗ (അതിക്രമങ്ങള്‍ തടയല്‍) നിയമപ്രകാരവുമാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

 

ഹരിയാന പൊലീസ് മേധാവി ശത്രുജീത് സിംഗ് കപൂര്‍, റോഹ്തക് പോലീസ് മേധാവി നരേന്ദ്ര ബിജാര്‍ണിയ എന്നീ  ഉദ്യോഗസ്ഥരുടെ പേരുകളാണ് എഫ്‌ഐആറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 2001 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ പുരണ്‍ കുമാര്‍ ചൊവ്വാഴ്ചയാണ് ചണ്ഡീഗഡിലെ വസതിയില്‍ സ്വയം വെടിയുതിര്‍ത്ത് മരിച്ചത്. ഇവിടെ  നിന്നും എട്ട് പേജുള്ള ആത്മഹത്യാ കുറിപ്പും പൊലീസ് കണ്ടെത്തിയിരുന്നു. മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ കടുത്ത മാനസിക പീഡനത്തെ തുടര്‍ന്നാണ് ആത്മഹത്യയെന്ന് പുരണ്‍ കുമാര്‍ ആത്മഹക്യാകുറിപ്പില്‍ എഴുതിയിട്ടുണ്ട്. സര്‍വീസ് റിവോള്‍വര്‍ ഉപയോഗിച്ചാണ് വെടിയുതിര്‍ത്തിരിക്കുന്നത്.  മകളാണ് പുരണ്‍ കുമാറിന്റെ മൃതദേഹം ആദ്യം കണ്ടത്. പുരണ്‍ കുമാറിന്റെ ഭാര്യയും ഐഎഎസ് ഉദ്യോഗസ്ഥയുമായ അംനീത് കുമാര്‍ നല്‍കിയ പരാതിയിലാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ശത്രുജീത് സിംഗ് കപൂര്‍, നരേന്ദ്ര ബിജാര്‍ണിയ എന്നീ ഉദ്യോഗസ്ഥര്‍ പുരണ്‍ കുമാറിനെ ജാതീയമായി അധിക്ഷേപിച്ചിരുന്നതായി അംനീത് നല്‍കിയ പരാതിയില്‍ പറയുന്നു. ഭര്‍ത്താവിന്റെ മരണത്തില്‍ നീതി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും കത്ത് നല്‍കിയിട്ടുണ്ട്.

 

ആന്ധ്രപ്രദേശില്‍ നിന്നുള്ള ഐപിഎസ് ഉദ്യോഗസ്ഥനായിരുന്ന പുരണ്‍ കുമാര്‍ പൊലീസ് സേനയിലെ ജാതി വിവേചനത്തിനെതിരേയും ഹരിയാനയിലെ ഐപിഎസ് ഉദ്യോഗസ്ഥരുടെ സ്ഥാനക്കയറ്റത്തിനെതിരെയുമെല്ലാം തുറന്നു പറച്ചിലുകള്‍ നടത്തിയ വ്യക്തികൂടിയാണ്. ഹരിയാനയിലെ 1991, 1996, 1997, 2005 ബാച്ചുകളിലെ ഐപിഎസ് ഉദ്യോഗസ്ഥരുടെ സ്ഥാനക്കയറ്റങ്ങള്‍ നിയമവിരുദ്ധമാണെന്നായിരുന്നു പുരണ്‍ കുമാര്‍ ആരോപിച്ചത്.

Exit mobile version