Site iconSite icon Janayugom Online

അവിവാഹിതരായ ദമ്പതികളെ ലോഡ്ജ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

ബെംഗളൂരുവിൽ ലോഡ്ജ് മുറിയിൽ അവിവാഹിതരായ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി. ബെംഗളൂരുവിലെ യെലഹങ്ക ന്യൂ ടൗണിലെ ലോഡ്ജ് മുറിയിലാണ് സംഭവം. കർണാടകം സ്വദേശികളായ കാവേരി (24), രമേശ് ബന്ദിവദ്ദർ (25) എന്നിവരെയാണ് മരിച്ചത്. വ്യാഴാച അഞ്ച് മണിക്ക് ശേഷമാണ് സംഭവം നടന്നത്. കാവേരിയെ റൂമിലെ ശുചിമുറിയിലും, രമേശിനെ കിടക്കയിലുമാണ് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. വ്യാഴാഴ്ച ഉച്ചകഴിഞ്ഞാണ്‌ ഇരുവരും ലോഡ്ജ് മുറിയിൽ റൂമെടുത്തത്. അഞ്ച് മണിയോടെ മുറിയിൽ തീപടരുകയായിരുന്നു. 

തീ പടരുന്ന വിവരം കാവേരി റൂം സർവീസിൽ വിളിച്ച് അറിയിച്ചിരുന്നു. ലോഡ്ജ് ജീവനക്കാർ ഫയർഫോഴ്‌സിനെ അറിയിക്കുകയും ചെയ്തു. അവർ അവിടെയെത്തി റൂം തുറക്കാൻ ശ്രമിച്ചപ്പോൾ അകത്ത് നിന്ന് പൂട്ടിയ നിലയിൽ ആയിരുന്നു. വാതില്‍ തുറന്ന് അകത്തേയ്ക്ക് പ്രവേശിച്ചപ്പോൾ രമേശ് കത്തിക്കരിഞ്ഞ നിലയിലും കാവേരി അബോധാവസ്ഥയിലുമായിരുന്നു. കാവേരിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. ശ്വാസംമുട്ടിയാണ് കാവേരി മരിച്ചത്. സംഭവത്തിൽ യെലഹങ്ക ന്യൂ ടൗൺ പൊലീസ് സംശയാസ്പദമായ മരണത്തിന് കേസെടുത്തു. പ്രാഥമിക അന്വേഷണത്തിൽ രമേശ് പെട്രോൾ ഒഴിച്ച് മുറിക്ക് തീയിട്ടിരിക്കാമെന്നാണ് പൊലീസ് സംശയിക്കുന്നത്. അതേസമയം കാവേരി തീയിൽ നിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിൽ ശുചിമുറിയിലേക്ക് ഓടിയതാവാമെന്നും പൊലീസ് പറയുന്നു.

Exit mobile version