1952 ഓഗസ്റ്റ് 12ന് സര്‍വേശ്വര സോമയാജലു യെച്ചൂരി — കല്‍പകം ദമ്പതികളുടെ മകനായി മദ്രാസില്‍ ഒരു തെലുങ്കു ബ്രാഹ്മണ കുടുംബത്തില്‍ ജനിച്ച സീതാറാം, ഹെെദരാബാദിലെ ഓള്‍ സെയിന്റ്സ് സ്കൂളില്‍ നിന്ന് സെക്കന്‍ഡറി വിദ്യാഭ്യാസവും ന്യൂഡല്‍ഹിയിലെ പ്രസിഡന്‍സ് എസ്റ്റേറ്റ് സ്കൂളില്‍ നിന്ന് സിബിഎസ്‌സി ഹയര്‍സെക്കന്‍ഡറി പരീക്ഷയില്‍ ഇന്ത്യയില്‍ ഒന്നാം റാങ്കും നേടി. പിന്നീട് സെന്റ് സ്റ്റീഫന്‍സ് കോളജില്‍ നിന്ന് സാമ്പത്തികശാസ്ത്രത്തില്‍ ബിരുദവും 1975ല്‍ ജെഎന്‍യുവില്‍ നിന്ന് ബിരുദാനന്തര ബിരുദവും നേടി. പഠനകാലത്തെ അക്കാദമിക് മികവിനനുസരിച്ച് നോക്കിയാല്‍ ലോകം ആദരിക്കുന്ന ഒരു സാമ്പത്തിക ശാസ്ത്രജ്ഞന്‍, സിവില്‍ സര്‍വീസില്‍ പ്രവേശിച്ചിരുന്നെങ്കില്‍ ലോകത്തെ ഏതെങ്കിലും പ്രധാന രാജ്യങ്ങളിലെ ഇന്ത്യന്‍ സ്ഥാനപതി അങ്ങനെ സീതാറാമിന് മുന്നില്‍ സൗഭാഗ്യങ്ങളുടെ പട്ടുപരവതാനി വിരിച്ച വഴിത്താരകങ്ങളുണ്ടായിരുന്നു. എന്നാല്‍ സീതാറാം യെച്ചൂരി തിരഞ്ഞെടുത്തത് ജനപക്ഷത്ത് നിന്നുകൊണ്ടുള്ള സമരതീഷ്ണമായ ജീവിതമായിരുന്നു. 2024 സെപ്റ്റംബര്‍ 12ന് ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ 72-ാം വയസില്‍ ഇനിയുമെത്രയോ പ്രക്ഷോഭങ്ങളുടെ നേതൃനിരയെ ശൂന്യമാക്കിക്കൊണ്ട് സഖാവ് വിട പറയുമ്പോള്‍, കലുഷിതമായ ഇന്ത്യന്‍ രാഷ്ട്രീയരംഗത്തെ ഏറ്റവും ധിഷണാശാലിയായ നേതാവിന്റെ അഭാവമാണ് സംഭവിച്ചത്.
എഴുപതുകളില്‍, പ്രശസ്തമായ സെന്റ് സ്റ്റീഫന്‍സ് കോളജിലെ ബിരുദ വിദ്യാര്‍ത്ഥിയെ സ്വാഭാവികമായും ആകര്‍ഷിച്ചത് തീവ്ര ഇടതുപക്ഷ ആശയങ്ങളായിരുന്നു. എന്നാല്‍ ആ ആശയങ്ങളുടെ പ്രായോഗികമായ പരിമിതികള്‍ ബോധ്യമായ സഖാവ് 1974ല്‍ എസ്എഫ്ഐ പ്രവര്‍ത്തകനായി. അടിയന്തരാവസ്ഥയ്ക്കെതിരെയുള്ള പ്രതിഷേധങ്ങളില്‍ പങ്കാളിയായി അറസ്റ്റിലാവുമ്പോള്‍ ജെഎന്‍യുവില്‍ പിഎച്ച്ഡി പഠനം നടത്തുകയായിരുന്നു സഖാവ് യെച്ചൂരി. മൂന്ന് തവണ ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. 1978ല്‍ എസ്എഫ്ഐ അഖിലേന്ത്യാ പ്രസിഡന്റായും തിരഞ്ഞെടുക്കപ്പെട്ടു.
1985ല്‍ സിപിഎം കേന്ദ്രകമ്മിറ്റിയിലേക്കും 1988ല്‍ കേന്ദ്ര സെക്രട്ടേറിയറ്റിലേക്കും 1992ല്‍ മദ്രാസ് പാര്‍ട്ടി കോണ്‍ഗ്രസില്‍ പോളിറ്റ് ബ്യൂറോയിലേക്കും തെരഞ്ഞെടുക്കപ്പെട്ട സഖാവ് യെച്ചൂരി സിപിഐഎമ്മിലെ സമീപകാലത്തെ ഏറ്റവും മികച്ച സെെദ്ധാന്തികനും സംഘാടകനുമായിരുന്നു. 2015ല്‍ വിശാഖപട്ടണം പാര്‍ട്ടി കോണ്‍ഗ്രസില്‍ സിപിഐ(എം) ദേശീയ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷം തുടര്‍ച്ചയായി മൂന്നുതവണ അതേ സ്ഥാനത്ത് തുടരുകയായിരുന്നു.
മനുഷ്യാവകാശങ്ങള്‍ക്കും നീതിക്കും വേണ്ടിയുള്ള പോരാട്ടങ്ങളില്‍ വിജയം കാണുംവരെ ഉറച്ചുനില്‍ക്കുവാനുള്ള ധീരത വിദ്യാര്‍ത്ഥി പ്രസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന കാലംമുതല്‍ യെച്ചൂരി പ്രകടിപ്പിച്ചിരുന്നു. ഇറാന്‍ വിപ്ലവത്തിന്റെ നാളുകളില്‍ 1978ല്‍ ജെഎന്‍യുവിലും മറ്റ് ഡല്‍ഹിയിലെ കലാലയങ്ങളിലും പഠിച്ചിരുന്ന ഇറാനിയന്‍ വിദ്യാര്‍ത്ഥികള്‍ വിപ്ലവാനുകൂല മുദ്രാവാക്യങ്ങളുമായി ഇറാനിയന്‍ എംബസിക്ക് മുന്നില്‍ പ്രതിഷേധ പ്രകടനം നടത്തുക പതിവായിരുന്നു. ഷാ ഭാരണകൂടം ഇന്ത്യന്‍ സര്‍ക്കാരിനോട് ഇവരെ തിരിച്ച് ഇറാനിലേക്ക് നാടുകടത്താന്‍ അഭ്യര്‍ത്ഥിച്ചു. നാടുകടത്താനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചപ്പോള്‍, ഇറാനിലെത്തിയാല്‍ ഈ വിദ്യാര്‍ത്ഥികളുടെ വധശിക്ഷയില്‍ കലാശിക്കും എന്ന ബോധ്യത്തില്‍ നിന്ന് യെച്ചൂരിയുടെ നേതൃത്വത്തില്‍ ഇടതുപക്ഷ വിദ്യാര്‍ത്ഥികള്‍ നാടുകടത്തലിനെതിരെ വലിയ പ്രതിഷേധമുയര്‍ത്തി. നേരിട്ട് അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ കണ്ട് യുഎന്‍ ചാര്‍ട്ടര്‍ ഉദ്ധരിച്ചുകൊണ്ട് സംസാരിച്ച യെച്ചൂരിക്കും സഹവിദ്യാര്‍ത്ഥികള്‍ക്കും പ്രധാനമന്ത്രിയെ നാടുകടത്തലിലെ നീതികേട് ബോധ്യപ്പെടുത്താനാവുകയും ഇന്ത്യന്‍ സര്‍ക്കാര്‍ ഇറാനിയന്‍ വിദ്യാര്‍ത്ഥികളെ നാടുകടത്താനുള്ള തീരുമാനം ഉപേക്ഷിക്കുകയും ചെയ്തു. ഇന്നത്തെ ഇന്ത്യന്‍ സാഹചര്യത്തില്‍ ഇത്തരമൊരു സന്ദര്‍ഭം ആലോചിക്കാനാവുമോ?
ദേശീയതലത്തിലും അന്താരാഷ്ട്രതലത്തിലും വളരെ വിപുലമായ വ്യക്തിബന്ധങ്ങള്‍ക്കുടമയായിരുന്നു സഖാവ് യെച്ചൂരി. നേപ്പാളിലെ കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന്റെ രൂപീകരണത്തിലും തുടര്‍ന്ന് നേപ്പാള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ഭിന്നത ഉടലെടുത്തപ്പോഴും എല്ലാ വിഭാഗങ്ങളും അംഗീകരിച്ച മധ്യസ്ഥന്‍ സീതാറാം യെച്ചൂരി ആയിരുന്നു. ഇന്ത്യയില്‍ ഒന്നാം യുപിഐ സര്‍ക്കാരിന്റെ ശില്പികളില്‍ പ്രധാനിയാണ് യെച്ചൂരി. ഒന്നാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് ഇന്ത്യന്‍ നിയമനിര്‍മ്മാണ ചരിത്രത്തിലെ നാഴികക്കല്ലുകളായ വിവരാവകാശനിയമം, ദേശീയ തൊഴിലുറപ്പ് നിയമം, വനാവകാശ നിയമം, ഭക്ഷ്യഭദ്രതാ നിയമം എന്നിവ പാര്‍ലമെന്റില്‍ പാസാക്കുന്നതിനും അവ നടപ്പിലാക്കുന്നതിന് ചട്ടങ്ങള്‍ രൂപീകരിക്കുന്നതിലും സീതാറാം യെച്ചൂരി നിര്‍ണായകമായ പങ്ക് വഹിച്ചു എന്നത് സഖാവിനെ എക്കാലവും സാധാരണ മനുഷ്യരുടെ ഓര്‍മ്മയില്‍ നിലനിര്‍ത്തുന്നതാണ്.
ദേശീയ അന്തര്‍ദേശീയ വിഷയങ്ങളെക്കുറിച്ച് ‘ലെഫ്റ്റ് ഹാന്റ് ഡ്രെെവ്’ എന്ന പേരില്‍ യെച്ചൂരി വളരെക്കാലം ഹിന്ദുസ്ഥാന്‍ ടെെംസില്‍ എഴുതിയിരുന്ന പംക്തി അക്കാലത്തെ വിദ്യാര്‍ത്ഥികളെയും ബുദ്ധിജീവികളെയും ഇടത് നിലപാടുകളിലേക്ക് ആകര്‍ഷിച്ചു. സോഷ്യലിസ്റ്റ് ആശയങ്ങള്‍ക്കും മതനിരപേക്ഷതയ്ക്കും വേണ്ടി സന്ധിയില്ലാത്ത നിലപാട് സ്വീകരിച്ച നേതാവാണ് യെച്ചൂരി. വ്യക്തിപരമായ ലാളിത്യം അദ്ദേഹത്തെ കൂടുതല്‍ ഉന്നതനാക്കുന്നു. തമാശകള്‍ പറയാനും കേള്‍ക്കാനും പൊട്ടിച്ചിരിക്കാനും കയ്യടിക്കാനും മടിയേതുമില്ലാതിരുന്ന യെച്ചൂരിയുടെ നിലപാടുകള്‍, ഈ രാജ്യത്തെ മതനിരപേക്ഷ നിലപാടുകളുള്ള എല്ലാ രാഷ്ട്രീയ കക്ഷികളുടെയും അത് എസ്‌പിയോ, എന്‍സിപിയോ, കോണ്‍ഗ്രസോ, തൃണമൂല്‍ കോണ്‍ഗ്രസോ, ഡിഎംകെയോ ഏതായാലും ഒരുപോലെ ശ്രദ്ധിച്ചിരുന്നു. ഇടതുപക്ഷ കക്ഷികളുടെ ഐക്യവും മതേതര ജനാധിപത്യ കക്ഷികളുടെ വിശാലമായ ഐക്യവും സാധ്യമാക്കി ഇന്ത്യന്‍ രാഷ്ട്രീയ ചക്രവാളത്തില്‍ ഉരുണ്ടുകൂടിയ വര്‍ഗീയശക്തികളുടെ കാര്‍മേഘങ്ങളെ അകറ്റുവാനായി ഇന്ത്യ സഖ്യം രൂപീകരിച്ചതിലും മുന്നണിക്ക് ദേശീയതലത്തില്‍ പ്രാമുഖ്യം നേടിക്കൊടുക്കുവാനും അക്ഷീണം യത്നിച്ച സഖാവ് അകാലത്തിലുള്ള തന്റെ വിയോഗം വരെ ഒരു പുതിയ ഇന്ത്യക്കായുള്ള അക്ഷീണമായ പ്രവര്‍ത്തനം തുടരുകയായിരുന്നു. സഖാവ് യെച്ചൂരി തെളിയിച്ച സമവായത്തിന്റെയും ഐക്യമുന്നണിയുടെയും പാതയിലൂടെ ഇന്ത്യയിലെ മതേതര ജനാധിപത്യ കക്ഷികള്‍ക്കും ഇടതുപക്ഷ കക്ഷികള്‍ക്കും ഇനിയും ബഹുദൂരം മുന്നേറാനുണ്ട്. സഖാവ് യെച്ചൂരിയുടെ ഓര്‍മ്മ ഈ മുന്നേറ്റത്തിന് പ്രചോദനമായിരിക്കും.