Site iconSite icon Janayugom Online

വിളര്‍ച്ചരഹിത ഭാരതം പാഴ്‍വാക്കായി; ബജറ്റ് വിഹിതം കേന്ദ്രം വെട്ടിക്കുറച്ചു

വിളര്‍ച്ചരഹിത ഭാരതം കെട്ടിപ്പടുക്കുമെന്ന കേന്ദ്ര സര്‍ക്കാര്‍ വാഗ്ദാനം പാഴ്‍വാക്കായി. 2018 ല്‍ പ്രഖ്യാപിച്ച വിളര്‍ച്ച (അനീമിയ)രഹിത ഭാരതം പദ്ധതി, വികലമായ നയം കാരണം ലക്ഷ്യം കൈവരിക്കാതെ മുടന്തിനീങ്ങുന്നു. 2020 ല്‍ രാജ്യം വിളര്‍ച്ചാമുക്തമാകുമെന്നായിരുന്നു കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപനം. 2023–24 ലെ ബജറ്റ് പ്രഖ്യാപനം അനുസരിച്ച് 2047ല്‍ വിളര്‍ച്ചരഹിത ഭാരതമെന്ന സ്വപ്നം സാക്ഷാല്‍ക്കരിക്കുമെന്നാണ് കേന്ദ്രം ഏറ്റവുമൊടുവിലായി പ്രഖ്യാപിച്ചിരിക്കുന്നത്.

വിളര്‍ച്ച മൂലമുളള രോഗങ്ങള്‍ തടയാനും, ഗവേഷണത്തിനും ആവശ്യമായ തുക അനുവദിക്കാതെ പദ്ധതിയെ ഞെക്കിക്കെല്ലാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നത്. വിളര്‍ച്ച രോഗത്തിന്റെ വകഭേദങ്ങളായ അരിവാള്‍ രോഗം (സിക്കിള്‍ സെല്‍ അനീമിയ) ഹീമോഗ്ലോബിനോപതിസ് അടക്കമുള്ളവ തുടച്ച് നീക്കാന്‍ ലക്ഷ്യമിട്ട് ആരംഭിച്ച പദ്ധതിയുടെ തകര്‍ച്ച രോഗബാധിതരെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണെന്ന് ന്യൂസ് ക്ലിക്ക് റിപ്പോര്‍ട്ട് ചെയ്യുന്നു.

സിക്കിള്‍ സെല്‍ അനീമിയ (എസ്‍സിഎ) അടക്കമുള്ള രോഗങ്ങള്‍ രാജ്യത്ത് നിന്ന് തുടച്ചുനീക്കാന്‍ മികച്ച ചികിത്സാ സൗകര്യമില്ലെന്നും ആവിഷ്കരിച്ച പദ്ധതികള്‍ ഫലപ്രദമല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വിളര്‍ച്ചയുടെ ഫലമായി രക്തവൈകല്യ രോഗം പിടിപെടുന്നവരുടെ ആരോഗ്യ സംരക്ഷണത്തിന് മാര്‍ഗനിര്‍ദേശം പ്രസിദ്ധീകരിക്കാനോ, പദ്ധതികള്‍ ആവിഷ്കരിക്കാനോ ഇതുവരെ സാധിച്ചിട്ടില്ല.

അരിവാള്‍ രോഗം ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത് 1910ല്‍ സ്പെയിനിലാണ്. അരിവാളിന്റെ മാതൃകയില്‍ ചുവന്ന രക്തത്തില്‍ കണ്ടെത്തിയ രോഗമായിരുന്നു സിക്കിള്‍ സെല്‍ അനിമീയ. 1952ല്‍ നീലഗിരി മേഖലയിലാണ് ഇന്ത്യയില്‍ ആദ്യം ഈ രോഗം റിപ്പോര്‍ട്ട് ചെയ്യുന്നത്. പാരമ്പര്യരോഗത്തിന്റെ ഗണത്തില്‍പ്പെടുന്ന ഇത് ലോകത്ത് ഏറ്റവും കുടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് ഇന്ത്യയിലാണെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലും അടക്കം ആദിവാസി ഗോത്ര വിഭാഗം അധിവസിക്കുന്ന മേഖലകളിലാണ് രോഗം കുടുതലായി വ്യാപിച്ചിരിക്കുന്നത്. ശരീരവേദന, രക്തം കട്ടപിടിക്കല്‍, ശ്വാസകേശം സംബന്ധമായ ബുദ്ധിമുട്ട്, വിളര്‍ച്ച, മഞ്ഞപ്പിത്തം, ന്യൂമോണിയ എന്നിവയാണ് രോഗലക്ഷണങ്ങള്‍. അരിവാള്‍ രോഗികളുടെ ജീവിതദൈര്‍ഘ്യം 42 മുതല്‍ 48 വരെയാണ്. രോഗം ബാധിക്കുന്ന 50 ശതമാനം കുട്ടികളും നാലുവയസിനുള്ളില്‍ മരണത്തിന് കീഴടങ്ങുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ജീന്‍ തെറപ്പി, കോശങ്ങള്‍ മറ്റിവയ്ക്കല്‍ എന്നിവയാണ് പ്രധാന ചികിത്സാമാര്‍ഗങ്ങള്‍. ഇതിന് ചെലവ് ഏറെയാണ്. ദേശീയ ഗ്രാമീണ ആരോഗ്യദൗത്യം പദ്ധതിയനുസരിച്ച് വിളര്‍ച്ചാ അനുബന്ധ രോഗങ്ങള്‍ തടയുന്നതിനും നിയന്ത്രിക്കുന്നതിനും ആവശ്യമായ ഗവേഷണം, സൗകര്യങ്ങള്‍ എന്നീവ സജ്ജമാക്കുന്നതില്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം വീഴ്ച വരുത്തുകയാണ്. ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള ഗവേഷണ പദ്ധതികള്‍ക്കുള്ള തുക അടക്കം വ്യാപകമായി വെട്ടിക്കുറയ്ക്കുന്നത് വിളര്‍ച്ചാ മുക്ത ഭരതം എന്ന ലക്ഷ്യത്തിനു വിലങ്ങുതടിയായി മാറിയെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

മാതൃകയായി വിവ കേരളം

കേന്ദ്രത്തിന്റെ വിളര്‍ച്ചരഹിത ഭാരതം മുടന്തിനീങ്ങുമ്പോള്‍ ഇച്ഛാശക്തിയോടെ വഴികാട്ടുകയാണ് വിവ കേരളം പദ്ധതി. വിളര്‍ച്ച മുക്ത കേരളത്തിന് സംസ്ഥാന ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ആവിഷ്കരിച്ച വിവ (വിളര്‍ച്ചയില്‍ നിന്നും വളര്‍ച്ചയിലേക്ക്) കേരളം കാമ്പയിന്റെ സംസ്ഥാനതല ഫെബ്രുവരി 18നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചത്.

15 മുതല്‍ 59 വയസുവരെയുള്ള പെണ്‍കുട്ടികളിലും സ്ത്രീകളിലും അനീമിയ കണ്ടെത്തുകയും ആവശ്യമായവര്‍ക്ക് ചികിത്സ ഉറപ്പാക്കുകയും ചെയ്യുകയാണ് ലക്ഷ്യം. പരിശോധനയും ചികിത്സയും കൂടാതെ ശക്തമായ ബോധവല്‍ക്കരണവും ലക്ഷ്യമിടുന്നു.

ദേശീയ കുടുംബാരോഗ്യ സര്‍വേയനുസരിച്ച് രാജ്യത്ത് അനീമിയയുടെ തോത് 40 ശതമാനത്തില്‍ താഴെയുള്ള ഏക സംസ്ഥാനമാണ് കേരളം. എങ്കിലും ഫലപ്രദമായ ഇടപെടലുകളിലൂടെ വിളര്‍ച്ച മുക്ത കേരളമാക്കാനാണ് ലക്ഷ്യമിടുന്നത്. രക്തക്കുറവ് പരിഹരിക്കാനായി അയണ്‍ സമ്പുഷ്ടമായ ഭക്ഷണം, അങ്കണ്‍വാടികളിലും സ്കൂളുകളിലും അയണ്‍ ഗുളികകള്‍ നല്കുക, വിരശല്യം ഒഴിവാക്കുക എന്നിവയും ലക്ഷ്യമിടുന്നു. വിളര്‍ച്ചയില്‍ നിന്നും മുക്തി നേടിയാല്‍ വ്യക്തികളുടെ ശാരീരിക മാനസിക ആരോഗ്യത്തോടൊപ്പം സമൂഹത്തിന്റെ പുരോഗതിയ്ക്കും ഉല്പാദനക്ഷമത വര്‍ധിപ്പിക്കാനും സാധിക്കുമെന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്.

Eng­lish Sum­ma­ry: Fail­ure to Achieve Anaemia Mukt Bharat
You may also like this video

Exit mobile version