Site iconSite icon Janayugom Online

ആനക്കാംപൊയിൽ‑കള്ളാടി-മേപ്പാടി തുരങ്കപാത പ്രവൃത്തി ഉദ്ഘാടനം നാളെ

ആനക്കാംപൊയിൽ‑കള്ളാടി-മേപ്പാടി തുരങ്കപാത പ്രവൃത്തി ഉദ്ഘാടനം നാളെ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. വൈകിട്ട് മൂന്നുമണിക്ക് ആനക്കാംപൊയിൽ സെന്റ് മേരീസ് സ്കൂൾ ഗ്രൗണ്ടിൽ നടക്കുന്ന ചടങ്ങില്‍ പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് അധ്യക്ഷനാവും. ധനകാര്യവകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ, വനം വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ, പട്ടികജാതി-പട്ടികവർഗ വികസനം വകുപ്പ് മന്ത്രി ഒ ആർ കേളു, പ്രിയങ്ക ഗാന്ധി എംപി, എംഎൽഎ മാരായ ലിന്റോ ജോസഫ്, ടി സിദ്ധിഖ്, ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിങ് തുടങ്ങിയവർ പങ്കെടുക്കും.
കോഴിക്കോട്, വയനാട് ജില്ലകളിലെ ആനക്കാംപൊയിൽ‑കള്ളാടി-മേപ്പാടി പ്രദേശങ്ങളെ ബന്ധിപ്പിക്കുന്നതിനായി അപ്രോച്ച് പാത ഉൾപ്പെടെ 8.73 കിലോമീറ്റർ നീളമുള്ള നാലുവരി തുരങ്കപാതയാണ് നിർദിഷ്ട പദ്ധതി. 2134 കോടി രൂപയാണ് പദ്ധതി ചെലവ്. ഭോപ്പാൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന ദിലിപ് ബിൽഡ്കോൺ, കൊൽക്കത്ത ആസ്ഥാനമായി പ്രവർത്തിക്കുന്ന റോയൽ ഇൻഫ്രാസ്ട്രക്ചർ എന്നീ സ്ഥാപനങ്ങളാണ് കരാർ ഏറ്റെടുത്തത്. നി​ർ​മ്മാ​ണം പൂര്‍ത്തിയാവുന്നതോടെ രാ​ജ്യ​ത്തെ മൂ​ന്നാ​മ​ത്തെ വ​ലി​യ തു​ര​ങ്കപാതയായിരിക്കും ഇത്.
കോഴിക്കോട് ജില്ലയിലെ മറിപ്പുഴ മുതൽ വയനാട്ടിലെ മീനാക്ഷി പാലംവരെ അപ്രോച്ച് റോഡ് ഉൾപ്പെടെ 8.73 കിലോമീറ്റർ ദൈർഘ്യമുള്ള തുരങ്കപാതയുടെ 8.11 കിലോമീറ്റർ ദൂരം ഇരട്ടത്തുരങ്കങ്ങളാണ്. പദ്ധതിയിൽ ഇരുവഴിഞ്ഞി പുഴയ്ക്ക് കുറുകെ രണ്ട് പ്രധാന പാലങ്ങളും മറ്റ് മൂന്ന് ചെറുപാലങ്ങളും ഉൾപ്പെടും. ആറ് വളവുകളുള്ള റൂട്ടിൽ ഓരോ മുന്നീറ് മീറ്ററിലും ഇരട്ട തുരങ്കങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന ക്രോസ് പാസേജ് ഉണ്ടാവും. പദ്ധതിക്കായി 33 ഹെക്ടർ ഭൂമിയാണ് ഏറ്റെടുക്കുന്നത്. 5771 മീറ്റർ വനമേഖലയിലൂടെയും 2964 മീറ്റർ സ്വകാര്യ ഭൂമിയിലൂടെയുമാണ് തുരങ്കപാത കടന്നു പോകുന്നത്. പദ്ധതി പൂർത്തിയായാൽ കോഴിക്കോട്–വയനാട് ഗതാഗതം സുഗമമാവും. യാത്രാസമയം കുറയുകയും വിനോദസഞ്ചാര‑വ്യാപാര മേഖലകൾക്ക് വൻ ഉണർവ് ലഭിക്കുകയും ചെയ്യുമെന്നാണ് പ്രതീക്ഷ.

Exit mobile version