Site iconSite icon Janayugom Online

ഗാബയിലും ചാരം; ആഷസ് രണ്ടാം ടെസ്റ്റിലും ഓസ്ട്രേലിയയ്ക്ക് ജയം

ആഷസ് ടെസ്റ്റില്‍ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ഓസ്ട്രേലിയയ്ക്ക് വിജയം. ഇംഗ്ലണ്ടിനെതിരെ എട്ട് വിക്കറ്റിന്റെ ആധികാരിക ജയമാണ് സ്വന്തമാക്കിയത്. 65 റണ്‍സ് മാത്രമുണ്ടായിരുന്ന വിജയലക്ഷ്യം നാലാം ദിനം രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ഓസീസ് മറികടക്കുകയായിരുന്നു. ഓപ്പണർ ട്രാവിസ് ഹെഡ് 22 റൺസെടുത്തപ്പോൾ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത് 23 റൺസെടുത്ത് പുറത്താകാതെ നിന്നു. ഇതോടെ പരമ്പരയില്‍ 2–0ന് ഓസീസ് മുന്നിലെത്തി.
ആറ് വിക്കറ്റ് നഷ്ടത്തില്‍ 134 റണ്‍സെന്ന നിലയില്‍ ഇന്നലെ ബാറ്റിങ് ആരംഭിച്ച ഇംഗ്ലണ്ട് 241 റൺസിന് ഓൾഔട്ടാകുകയായിരുന്നു. വില്‍ ജാക്‌സ് (41) — സ്റ്റോക്‌സ് സഖ്യം 96 റണ്‍സ് കൂട്ടിച്ചേര്‍ത്തതോടെയാണ് ഇംഗ്ലണ്ടിന് ലീഡ് ലഭിച്ചത്. ജാക്‌സിനെ സ്ലിപ്പില്‍ സ്റ്റീവ് സ്മിത്തിന്റെ കൈകളിലെത്തിച്ച് നെസറാണ് ബ്രേക്ക് ത്രൂ നല്‍കിയത്. പിന്നാലെ സ്റ്റോക്‌സിനെ കൂടി നെസര്‍ മടക്കി. വിക്കറ്റ് കീപ്പര്‍ അലക്‌സ് ക്യാരിക്ക് ക്യാച്ച്. ഗുസ് ആറ്റ്കിന്‍സണ് (3) തിളങ്ങാനായില്ല. ഇംഗ്ലണ്ടിനായി ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സ് (50) അര്‍ധ സെഞ്ചുറി നേടി. ഓപ്പണര്‍ സാക് ക്രൗളി (44), വില്‍ ജാക്‌സ് (41) എന്നിവരും തിളങ്ങി. ഓസ്‌ട്രേലിയയ്ക്കായി മിച്ചല്‍ നെസര്‍ അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തി.
ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്സ് 334 റണ്‍സില്‍ അവസാനിപ്പിച്ച ഓസീസ് മറുപടി ബാറ്റിങ്ങില്‍ 511 റണ്‍സെടുത്ത് 177 റണ്‍സിന്റെ ലീഡ് സ്വന്തമാക്കി. ഒമ്പതാം സ്ഥാനത്തിറങ്ങിയ സ്റ്റാര്‍ക്കാണ് ഓസീസിന്റെ ടോപ് സ്‌കോറര്‍. 77 റണ്‍സാണ് താരം നേടിയത്. ആദ്യ ഇന്നിങ്സില്‍ ആറ് വിക്കറ്റുകള്‍ നേടിയും സ്റ്റാര്‍ക്ക് തിളങ്ങിയിരുന്നു. ഒമ്പതാം വിക്കറ്റില്‍ സ്റ്റാര്‍ക്ക്- ബോളണ്ട് സഖ്യം 75 റണ്‍സ് ചേര്‍ത്താണ് പിരിഞ്ഞത്. ഈ കൂട്ടുകെട്ടാണ് ഓസീസിന്റെ സ്കോര്‍ 500 കടത്തിയത്. ആകെ അഞ്ച് അര്‍ധ സെഞ്ചുറികളാണ് ഓസീസ് ഇന്നിങ്സില്‍ പിറന്നത്. സ്റ്റാര്‍ക്കിനെ കൂടാതെ ജെയ്ക് വെതറാള്‍ഡ് (72), മാര്‍നസ് ലാബുഷെയ്നെ (65), സ്റ്റീവ് സ്മിത്ത് (61), അലക്സ് ക്യാരി (63), എന്നിവരുടെ അര്‍ധസെഞ്ചുറിയാണ് ഓസീസിന് കരുത്തായത്. ഇംഗ്ലണ്ടിനായി ബ്രൈഡന്‍ കഴ്സ് നാലും ബെന്‍ സ്റ്റോക്സ് മൂന്ന് വിക്കറ്റും നേടി.
ആദ്യ ഇന്നിങ്സില്‍ ജോ റൂട്ടിന്റെ സെഞ്ചുറിയാണ് ഇംഗ്ലണ്ടിനെ തകര്‍ച്ചയില്‍ നിന്നും രക്ഷിച്ചത്. 38 റണ്‍സെടുക്കന്നതിനിടെയാണ് ഇംഗ്ലണ്ടിന് അഞ്ച് വിക്കറ്റുകള്‍ നഷ്ടമായത്. ഒരു ഘട്ടത്തില്‍ 300 കടക്കുമോ എന്നു സംശയിച്ച സ്കോര്‍ ഈ നിലയ്‌ക്കെത്തിച്ചത് അവസാന വിക്കറ്റില്‍ ഒന്നിച്ച റൂട്ട്-ജോഫ്ര ആര്‍ച്ചര്‍ സഖ്യത്തിന്റെ കൂറ്റനടികളായിരുന്നു. ഇരുവരും ചേര്‍ന്നു പിരിയാത്ത പത്താം വിക്കറ്റില്‍ 61 റണ്‍സ് അതിവേഗം ചേര്‍ത്തതോടെ ഇംഗ്ലീഷ് സ്കോര്‍ 300 കടന്നു. 

Exit mobile version