‘അവസാനമായി ഒരപേക്ഷ കൂടിയുണ്ട്. അത് നിഷേധിക്കരുത്. മാറ്റങ്ങളുടെ കൂട്ടത്തിൽ വേണ്ടാത്ത ചില വിശ്വാസങ്ങളുമുണ്ടായിപ്പോയി. ഞാൻ മരിച്ചുപോയാൽ വായ്ക്കരിയിടാനും മറ്റു കർമ്മങ്ങൾ എന്താണെന്നുവെച്ചാൽ ചെയ്യാനും ഇവനെ അനുവദിക്കണം. അതാണ് ആചാരം. അച്ഛന്റെ ചിതയ്ക്ക് മകനാണ് തീ കൊളുത്തേണ്ടത്. പരലോകത്തെങ്കിലും മോക്ഷം കിട്ടാതെ പോകണ്ട… ’ — കുഞ്ഞിനെ ചന്ദ്രദാസിനെയും ആനിയേയും ഏൽപ്പിച്ച് വിതുമ്പൽ അടക്കിപ്പിടിച്ച് രാജീവ് മേനോൻ നടക്കുന്നു. ജോലിക്കാരിയായ മാഗിയോട് ‘ആനി കുഞ്ഞിനെ സ്നേഹിക്കുന്നതുപോലെ മാഗിക്ക് തന്നെ സ്നേഹിക്കാൻ കഴിയുമോ’ എന്ന് കരഞ്ഞുകൊണ്ട് പുഞ്ചിരിക്കുന്ന രാജീവ് മേനോനിലാണ് ലോഹിതദാസ് തിരക്കഥയെഴുതി സിബി മലയിൽ സംവിധാനം ചെയ്ത് 1989‑ൽ പുറത്തിറങ്ങിയ ‘ദശരഥം’ എന്ന സിനിമ അവസാനിക്കുന്നത്. വർഷങ്ങൾക്ക് മുമ്പ് വാടക ഗർഭധാരണം പോലൊരു വിഷയം മലയാളികൾക്ക് മുമ്പിലവതരിപ്പിച്ച ചിത്രം അക്കാലത്ത് സൂപ്പർഹിറ്റൊന്നും ആയില്ല. എന്നാൽ ടെലിവിഷൻ ചാനലുകളിൽ ആവർത്തിച്ചുവരുന്ന ഈ സിനിമ ഇന്ന് മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ചിത്രങ്ങളിലൊന്നും മദ്യപാനിയും ലക്ഷ്യബോധവുമില്ലാത്തവനുമായ രാജീവ് മേനോൻ എന്ന കഥാപാത്രം അവരുടെ ഏറെ പ്രിയപ്പെട്ട കഥാപാത്രങ്ങളിലൊന്നുമാണ്.
മദ്യലഹരിയിൽ താളം തെറ്റി ജീവിക്കുന്നതിനിടയിലാണ് രാജീവ് മേനോൻ തനിക്കൊരു മകൻ വേണമെന്ന് ആഗ്രഹിക്കുന്നത്. എന്നാൽ വിവാഹത്തിന് താത്പര്യമില്ലാത്ത അയാൾ തനിക്കുവേണ്ടി കുഞ്ഞിനെ പ്രസവിച്ചുതരാൻ താത്പര്യപ്പെടുന്ന ഒരു വാടക ഗർഭപാത്രത്തിനുടമയെ അന്വേഷിക്കുകയാണ്. രോഗബാധിതനായ ഭർത്താവ് ചന്ദ്രദാസിന്റെ ചികിത്സയ്ക്കായി ആനി രാജീവിന്റെ കുഞ്ഞിന് ജന്മം നൽകാൻ സന്നദ്ധയാകുന്നു. എന്നാൽ തന്റെ ഗർഭപാത്രത്തിൽ രൂപം കൊള്ളുന്ന കുഞ്ഞുമായി വൈകാരികമായി അടുപ്പമുണ്ടാകുന്ന ആനി കുഞ്ഞിനെ വിട്ടു നൽകാൻ വിസമ്മതിക്കുന്നു. അമ്മയും കുഞ്ഞും തമ്മിലുള്ള ബന്ധത്തിന്റെ തീവ്രത തിരിച്ചറിയുന്ന രാജീവ് മേനോൻ കുഞ്ഞിനെ ആനിയെ ഏൽപ്പിച്ച് തന്റെ പതിവ് ജീവിതത്തിലേക്ക് മടങ്ങുകയാണ്.
രാജീവ് മേനോൻ തന്റെ മകനെ പിന്നീട് കണ്ടിട്ടുണ്ടാവുമോ..?
അമിത മദ്യപാനിയായ രാജീവ് മേനോന്റെ ജീവിതം ഇപ്പോൾ എങ്ങിനെയായിരിക്കും… അയാൾ പിന്നീടെപ്പോഴെങ്കിലും തന്റെ മകനെ കണ്ടിട്ടുണ്ടാവുമോ… തുടങ്ങിയ ചോദ്യങ്ങളിൽ നിന്നാണ് ഹേമന്ത് കുമാർ എന്ന എഴുത്തുകാരന്റെ മനസ്സിൽ ദശരഥത്തിന് ഒരു രണ്ടാം ഭാഗം എന്ന ആലോചന ഉദിക്കുന്നത്. ദശരഥത്തിന്റെ സംവിധായകൻ സിബിമലയിലുമായി ആലോചിച്ചപ്പോൾ അദ്ദേഹത്തിനും താത്പര്യമായി. അങ്ങിനെ ലോഹിതദാസ് എന്ന മഹാനായ എഴുത്തുകാരനുള്ള ആദരാഞ്ജലി കൂടി ആയിട്ടാണ് ദശരഥത്തിന്റെ രണ്ടാം ഭാഗം ഒരുക്കാൻ തീരുമാനമെടുത്തത്.
ദശരഥം എന്ന സിനിമയ്ക്ക് അതിന്റേതായ പൂർണ്ണതയുണ്ട്. എന്നാൽ രാജീവ് മേനോന്റെ ദശരഥ നിയോഗത്തിന്റെ രണ്ടാം കാണ്ഡമെന്ന നിലയിൽ താനെഴുതിയ തിരക്കഥയ്ക്ക് സ്വന്തമായൊരു അസ്തിത്വമുണ്ടെന്ന് ഹേമന്ത് കുമാർ പറയുന്നു. കഥ കേട്ട് ഇഷ്ടപ്പെട്ട മോഹൻലാൽ ചെയ്യാമെന്ന് സമ്മതിച്ചു. ദശരഥത്തിൽ പ്രധാനപ്പെട്ടൊരു കഥാപാത്രത്തെ അവതരിപ്പിച്ച നെടുമുടി വേണു കഥ കേട്ടപ്പോൾ വലിയ ത്രില്ലിൽ ആയിരുന്നു. എന്നാൽ നെടുമുടിയും കെപിഎസി ലളിതയും യാത്രയായതോടെ തിരക്കഥയിൽ പൊളിച്ചെഴുത്തുകൾ വേണ്ടിവരുമെന്നും സിനിമ മുന്നോട്ട് എങ്ങിനെ പോകുമെന്ന് വ്യക്തതയില്ലെന്നും ഹേമന്ത് കുമാർ പറയുന്നു.
അരങ്ങിലെ അഗ്നി
പൊള്ളുന്ന വിഷയങ്ങളെ അരങ്ങിലേക്ക് പകർത്തിയ എഴുത്തുകാരനാണ് ഹേമന്ത് കുമാർ. കരിങ്കുട്ടി, അകവൂർ ചാത്തൻ, അരിങ്ങോടർ, കുറിയേടത്ത് താത്രി, കുരുത്തി, കടത്തനാടൻ പെണ്ണ് തുമ്പോലാർച്ച, പഞ്ചമി പെറ്റ പന്തിരുകുലം, കരുണ, യക്ഷനാരി, ആങ്ങളത്തെയ്യം, കോങ്കണ്ണൻ, വെയിൽ, പേര് അറിവാളൻ ബോൺ ഡെത്ത് 1991, ലക്ഷ്മി അഥവാ അരങ്ങിലെ അനാർക്കലി, ഒരുക്കം, കാരി, എട്ടു നാഴിക പൊട്ടൻ തുടങ്ങിയ നാടകങ്ങളെല്ലാം കേരളത്തിൽ ഏറെ ചർച്ച ചെയ്യപ്പെട്ടതാണ്. നിരവധി തവണ സംസ്ഥാന പുരസ്ക്കാരങ്ങളും ഇദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. ഇത്തവണത്തെ കേരള സംഗീത നാടക അക്കാദമി സംസ്ഥാന പ്രൊഫഷണൽ നാടക മത്സരത്തിൽ മികച്ച നാടക കൃത്തായി തെരഞ്ഞെടുക്കപ്പെട്ടതും ഹേമന്ത് കുമാറാണ്. രാജേഷ് ഇരുളം സംവിധാനം ചെയ്ത വേനലവധി എന്ന നാടകത്തിലൂടെയാണ് ഹേമന്ത് കുമാർ മികച്ച നാടക കൃത്തായി തെരഞ്ഞെടുക്കപ്പെട്ടത്. വേനലവധിക്കൊപ്പം മികച്ച രണ്ടാമത്തെ നാടകമായി തെരഞ്ഞെടുക്കപ്പെട്ട പാട്ടുപാടുന്ന വെള്ളായി എന്ന നാടകത്തിന്റെ രചനയും ഹേമന്ത് കുമാറിന്റേതായിരുന്നു. സൗഹൃദങ്ങളെയും പ്രണയത്തെയും തിരിച്ചറിയാൻ പെൺകുട്ടികൾക്ക് സാധിക്കണമെന്ന സന്ദേശം നാടകം നൽകുന്നുണ്ട്.
ഹേമന്ത് കുമാറിന്റെ നാടക ലോകം
പന്തിരുകുലം കഥകൾ ഏറ്റവും കൂടുതൽ നാടകമാക്കിയിട്ടുള്ള നാടകകൃത്താണ് ഹേമന്ത് കുമാർ, രജകൻ, ഉപ്പുകൂറ്റൻ, പെരുന്തച്ചൻ, അകവൂർ ചാത്തൻ, വടുതല നായർ, ആദ്യ വള്ളുവൻ, പഞ്ചമി പെറ്റ പന്തിരുകുലം.… നാടകങ്ങൾ അങ്ങിനെ തുടരുന്നു. ഹേമന്ത് കുമാറും രാജേഷ് ഇരുളവും ചേർന്നൊരുക്കിയ നാടകമാണ് കരിങ്കുട്ടി. ആയിരക്കണക്കിന് വേദികളിൽ അവതരിപ്പിച്ച ഈ നാടകം പ്രേക്ഷകർ കൈയ്യടികളോടെയാണ് വരവേറ്റത്. നിയമവ്യവസ്ഥയെക്കുറിച്ചുള്ള സാധാരണക്കാരന്റെ ഉൾഭയങ്ങളുടെ നേർസാക്ഷ്യമായ പേരറിവാളന്റെ ജീവിതമാണ് ‘പേര് അറിവാളൻ ബോൺ ഡെത്ത് 1991’ എന്ന നാടകം പറഞ്ഞത്. രാജീവ് ഗാന്ധി വധക്കേസിൽ പ്രതിചേർക്കപ്പെട്ട് ജയിലിലടക്കപ്പെട്ട പേരറിവാളൻ നേരിട്ട ക്രൂരമായ നീതി നിഷേധങ്ങൾ ചൂണ്ടിക്കാണിക്കുകയായിരുന്നു ഈ നാടകം. അവനവൻ തുരുത്ത് എന്ന നാടകവും സമാനമായ പ്രമേയം കൈകാര്യം ചെയ്യുന്നു. ആയിരം കുറ്റവാളികൾ രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുതെന്ന തത്ത്വത്തിൽ വിശ്വാസം നഷ്ടപ്പെടുന്നതാണ് ഈ നാടകത്തിന്റെ ഇതിവൃത്തം.
നാടകങ്ങളിലൂടെ സിനിമയിലേക്ക്
‘മേൽവിലാസം’ എന്ന ചിത്രത്തിന് ശേഷം മാധവ് രാംദാസ് സംവിധാനം ചെയ്ത ‘അപ്പോത്തിക്കിരി’ എന്ന സിനിമയുടെ തിരക്കഥാ രചനയിൽ പങ്കാളിയായാണ് ഹേമന്ത് കുമാർ ചലച്ചിത്ര രംഗത്തേക്കെത്തുന്നത്. രോഗികളുടെ അറിവോ സമ്മതമോ ഇല്ലാതെ അവരെ പരീക്ഷണ വസ്തുക്കളാക്കുന്ന മരുന്ന് പരീക്ഷണങ്ങളുടെ നേർക്കാഴ്ചകളായിരുന്നു ഈ ചിത്രം കാട്ടിത്തന്നത്. കച്ചവടമായി മാറിക്കൊണ്ടിരിക്കുന്ന ആതുരശുശ്രൂഷാ രംഗത്തെ ദുഷ് പ്രവണതകളെ തുറന്നുകാട്ടിയ ചിത്രം ഏറെ ശ്രദ്ധേയമായി. സംവിധായകനൊപ്പം ചേർന്ന് ഹേമന്ത് കുമാർ എഴുതിയ തിരക്കഥ തന്നെയായിരുന്നു ഈ സിനിമയുടെ കരുത്ത്.
സിബി മലയിൽ നൽകിയ പരിഗണന
നാടകം തനിക്ക് യാഥാർത്ഥ്യവും സിനിമ സ്വപ്നത്തിൽ മാത്രം സംഭവിക്കുന്ന ഒന്നുമായിരുന്നെന്ന് ഹേമന്ത് കുമാർ വ്യക്തമാക്കുന്നു. സ്വപ്നങ്ങളുടെ സാംഗത്യത്തിൽ വലിയ വിശ്വാസമില്ലാത്തതുകൊണ്ട് തന്നെ സിനിമയ്ക്ക് വേണ്ടിയുള്ള വലിയ പരിശ്രമങ്ങളൊന്നും തന്നെ താൻ മുമ്പ് നടത്തിയിട്ടില്ലെന്ന് ഹേമന്ത് കുമാർ തന്നെ എഴുതിയിട്ടുണ്ട്. ‘കുറിയേടത്ത് താത്രി’ സിനിമയാക്കുന്നതിനെക്കുറിച്ച് സംസാരിക്കുന്നതിന് വേണ്ടിയാണ് സിബി മലയിലിനെ കാണുവാൻ ചെല്ലുന്നത്. അന്ന് അദ്ദേഹം തന്നെ ഒഴിവാക്കിയിരുന്നെങ്കിൽ പിന്നീട് സിനിമയിൽ ഒരു പരീക്ഷണത്തിന് താൻ തയ്യാറാകുമായിരുന്നില്ലെന്ന് ഹേമന്ത് കുമാർ പറയുന്നു.
കുറിയേടത്ത് താത്രി പല കാരണങ്ങളാൽ മാറ്റിവെച്ചെങ്കിലും സിബിമലയിൽ ഹേമന്ത് കുമാറിനെ ഒപ്പം ചേർത്തു. തുടർന്നാണ് ദശരഥത്തിന്റെ രണ്ടാം ഭാഗം എഴുതുന്നത്. അതും
വൈകിയപ്പോഴാണ് ‘കൊത്ത് ’ എന്ന സിനിമയിലേക്ക് എത്തുന്നത്.
അക്രമ രാഷ്ട്രീയം പ്രമേയമാക്കി ‘കൊത്ത്’
കൈയ്യും കാലും എടുക്കുന്നതിലും എളുപ്പമല്ലേ തീർക്കുന്നത്.. ’ തീരാത്ത പകയുടെ സൂചനകളുമായി പുറത്തിറങ്ങിയ ‘കൊത്ത്’ എന്ന സിനിമയുടെ ടീസർ ഏറെ ശ്രദ്ധേയമായിരുന്നു. അക്രമ രാഷ്ട്രീയം പ്രമേയമാക്കിയുള്ള ഏറെ ശ്രദ്ധേയമായ കുരുത്തി എന്ന നാടകത്തെ അടിസ്ഥാനമാക്കിയാണ് ഈ ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നതെന്ന് ഹേമന്ത് കുമാർ വ്യക്തമാക്കുന്നു. ഉത്തര മലബാറിലെ ഗ്രാമത്തിലും പരിസരപ്രദേശങ്ങളിലുമായി ജീവിക്കുന്ന പച്ചയായ മനുഷ്യരുടെ ജീവിതമാണ് ഈ സിനിമ പറയുന്നത്. പ്രൊഫഷൽ നാടകങ്ങളുടെ പതിവ് ചട്ടക്കൂടുകൾ ഭേദിച്ച കുരുത്തി എന്ന നാടകം നിരവധി അംഗീകാരങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്. ആർക്കൊക്കെയോ വേണ്ടി കൊല്ലുകയും കൊല്ലപ്പെടുകയും ചെയ്യുന്ന മനുഷ്യരുടെ കഥയായിരുന്നു നാടകം. നാടകത്തിലെ സിനിമാ സാധ്യതകൾ തിരിച്ചറിഞ്ഞാണ് കൊത്ത് എന്ന പേരിൽ തിരക്കഥ രചിച്ചത്. സിബി മലയിൽ സംവിധാനം ചെയ്ത ചിത്രത്തിൽ ആസിഫലിയാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. റേഷൻ മാത്യുവാണ് മറ്റൊരു പ്രധാന വേഷത്തിലെത്തുന്നത്. തിരക്കഥ വായിച്ചു കേട്ട പ്രശസ്ത സംവിധായകനും തിരക്കഥാകൃത്തുമായ രഞ്ജിത്ത് ചിത്രം നിർമ്മിക്കാൻ തയ്യാറാവുകയായിരുന്നു. മെയ് മാസത്തിൽ ചിത്രം പ്രദർശനത്തിനെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഹേമന്ത് കുമാർ പറയുന്നു.
നുണകളിലൂടെയുള്ള യാത്ര
ഹേമന്ത് കുമാർ എഴുതിയ ഭൂരിഭാഗം നാടകങ്ങളും സംവിധാനം ചെയ്തത് രാജേഷ് ഇരുളമാണ്. സിനിമയിലും ഇവർ ഒന്നിക്കുന്ന ചിത്രമാണ് ഇന്ദ്രൻസിനെ കേന്ദ്ര കഥാപാത്രമാക്കി വയനാട് പശ്ചാത്തലത്തിൽ ഒരുങ്ങിയ ‘നൊണ.’ കുറ്റകൃത്യം നായകനും കുറ്റബോധം വില്ലനുമാകുന്ന സിനിമയാണിതെന്ന് ഹേമന്ത് കുമാർ പറയുന്നു. സത്യം മാത്രം പറഞ്ഞുശീലമുള്ള ഒരാളെ കള്ളം എത്രമാത്രം ദുർബലനും അധീരനുമാക്കുമെന്ന് ചിത്രം പറയുന്നു. തന്റെ ചിന്തകളും എഴുത്തും പ്രേക്ഷകരിലേക്ക് ഏറ്റവും ശക്തമായി എത്തിക്കാൻ കഴിഞ്ഞ സംവിധായകനാണ് രാജേഷ് ഇരുളമെന്ന് ഹേമന്ത് കുമാർ പറയുന്നു. അരങ്ങിലെ വിജയം നൊണയിലൂടെ വെള്ളിത്തിരയിലും ആവർത്തിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് താനെന്നും അദ്ദേഹം വ്യക്തമാക്കുന്നു. റോഷൻ മാത്യു, സുഹാസിനി എന്നിവരെ കേന്ദ്ര കഥാപാത്രമാക്കിയുള്ള ചിത്രത്തിന്റെ തിരക്കഥ പൂർത്തിയായിട്ടുണ്ട്. സിബി മലയിലാണ് സംവിധാനം. അമ്മയും മകനും തമ്മിലുള്ള അസാധാരണമായ ബന്ധത്തിന്റെ കഥയാണ് ചിത്രം പറയുന്നത്.
കോവിഡ് പ്രതിസന്ധികൾക്ക് ശേഷം അരങ്ങും വെള്ളിത്തിരയും ഉണരുന്നതിലുള്ള സന്തോഷത്തിലാണ് ഹേമന്ത് കുമാർ. പട്ടാമ്പി തൃത്താല സ്വദേശിയായ ഹേമന്ത് കുമാർ ഇപ്പോൾ തൃശ്ശൂരിലാണ് താമസം.