Site iconSite icon Janayugom Online

ഉറുഗ്വേയിലും ഇടതുപക്ഷം; യമാൻഡൂ ഒർസി പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു

തെക്കേ അമേരിക്കൻ രാജ്യമായ ഉറുഗ്വേയിൽ നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഇടതു സ്ഥാനാർത്ഥി യമാൻഡൂ ഒർസിക്ക് ജയം. സുപ്രധാന തെരഞ്ഞെടുപ്പിൽ കടുത്ത മൽസരത്തിനൊടുവിലാണ് യമാൻഡൂ ഒർസി യാഥാസ്ഥിതിക ഭരണസഖ്യത്തെ പുറത്താക്കിയത്. മധ്യ‑വലത് ഭരണസഖ്യ പ്രസിഡന്റ് സ്ഥാനാർത്ഥി അൽവാരോ ഡെൽഗാഡോ ഒര്‍സിയോട് പരാജയം സമ്മതിച്ചു. ഭൂരിഭാഗം വോട്ടുകളും എണ്ണിക്കഴിഞ്ഞപ്പോൾ ഒർസി 49 ശതമാനവും ഡെൽഗാഡോ 46 ശതമാനവും വോട്ടുകൾ നേടിയതായി തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. 

തൊഴിലാളിവർഗ മുൻ ചരിത്ര അധ്യാപകനും ഉറുഗ്വേയുടെ ബ്രോഡ് ഫ്രണ്ട് സഖ്യത്തിൽനിന്നും രണ്ട് തവണ മേയറുമായ നേതാവാണ് ഒര്‍സി. സ്വാതന്ത്ര്യത്തി​ന്റെയും സമത്വത്തി​ന്റെയും സാഹോദര്യത്തി​ന്റെയും രാജ്യം ഒരിക്കൽ കൂടി വിജയിച്ചുവെന്ന് അനുയായികളെ അഭിസംബോധന ചെയ്ത് അദ്ദേഹം പറഞ്ഞു. ഓർസി അധികാരത്തിലേറുമെന്ന് സർവേകളിൽ ഭൂരിഭാഗവും പ്രവചിച്ചിരുന്നു.
ഗൂഗിള്‍ പോലുള്ള കമ്പനികളെ രാജ്യത്തേക്ക് ആകര്‍ഷിച്ച് ബിസിനസ് മേഖലകളെ സൗഹാര്‍ദപരമാക്കാന്‍ നികുതി ഇളവുകള്‍ പോലുള്ള കാര്യങ്ങള്‍ ഒര്‍സിയുടെ പരിഗണനയിലുണ്ട്. നികുതി ഇളവ് നല്‍കി നിക്ഷേപകരെ ആകര്‍ഷിക്കുന്ന തരത്തിലേക്ക് തൊഴില്‍ വിപണിയെ നയിക്കുമെന്നും തൊഴിലാളികളെ നൈപുണ്യമുള്ളവരാക്കി തീര്‍ക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു. മയക്കുമരുന്ന് കച്ചവടത്തിനെതിരെ പോരാടുമെന്നും ജയില്‍ സംവിധാനങ്ങള്‍ക്ക് കൂടുതല്‍ ധനസഹായം നല്‍കുന്നതിനായി യൂറോപ്പുമായി അടുത്ത സഹകരണബന്ധം വെച്ചുപുലര്‍ത്തുമെന്നും ഒര്‍സി അഭിപ്രായപ്പെട്ടിരുന്നു. 

ഒക്ടോബർ 27ലെ ആദ്യഘട്ട തെരഞ്ഞെടുപ്പിൽ 44 ശതമാനം വോട്ട് ഓർസിക്ക്‌ ലഭിച്ചപ്പോൾ ഡെൽഗാഡോ 27 ശതമാനത്തിലൊതുങ്ങി. എന്നാൽ മറ്റൊരു യാഥാസ്ഥിതിക പാർടിയായ കൊളറാഡോ പാർടി 20 ശതമാനം വോട്ടുനേടിയതും രാജ്യത്തെ പത്തുശതമാനത്തോളം വോട്ടർമാർ തീരുമാനമെടുക്കാതെ തുടരുന്നതും തെരഞ്ഞെടുപ്പ്ഫലം പ്രവചനാതീതമാക്കിയിരുന്നു. 

Exit mobile version