ആൻഡമാൻ നിക്കോബാർ ദ്വീപുകളുടെ പേര് മാറ്റണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തെഴുതിയതായി മുൻ എംപിയും തെലങ്കാന ജാഗൃതി പ്രസിഡന്‍റുമായ കെ കവിത. ദ്വീപുകൾക്ക് ആസാദ് ഹിന്ദ് എന്ന പേര് നൽകണമെന്നാണാവശ്യം. നേതാജി സുഭാഷ് ചന്ദ്രബോസിന്‍റെ 129ാം ജന്മദിനാഘോഷ വേളയിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
പൈതൃക സംരക്ഷണം, സാംസ്കാരിക നവോത്ഥാനം, തെലങ്കാനയുടെ സുസ്ഥിര വികസനം എന്നീ ലക്ഷ്യങ്ങൾക്കായി പ്രവർത്തിക്കുന്ന സംഘടനയാണ് തെലങ്കാന ജാഗൃതി.
ബ്രിട്ടീഷ് കോളനി വാഴ്ച്ചയിൽ നിന്നും ആദ്യം സ്വതന്ത്രമായ ഇന്ത്യൻ പ്രദേശമാണ് ആൻഡമാൻ നിക്കോബാർ ദ്വീപുകൾ. പേര് മാറ്റുന്നതിനുള്ള ഭരണഘടനാപരവും ഭരണപരവുമായ നടപടിക്രമങ്ങൾ ആരംഭിക്കണമെന്ന് കത്തിൽ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടതായും അവർ പറഞ്ഞു.
ആസാദ് ഹിന്ദ് എന്നത് വെറുമൊരു പ്രതീകാത്മക പദവിയല്ലെന്നും നേതാജിയുടെ നേതൃത്വത്തിൽ ഇന്ത്യ സ്വീകരിച്ച പരമാധികാരത്തിന്റെ ആദ്യ ശ്വാസമാണെന്നും ഈ നീക്കത്തെ പിന്തുണയ്ക്കുന്നവർ വാദിക്കുന്നു.

