ആന്ധ്രാപ്രദേശിൽ എക്‌സ്‌പ്രസ് ട്രെയിനും പാസഞ്ചർ ട്രെയിനിലേക്ക് ഇടിച്ചുകയറിയ അപകടത്തിൽ മരിച്ചവരുടെ എണ്ണം 13 ആയി. 50 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ വിശാഖപട്ടണത്തെയും വിജയനഗരത്തിലെയും ആശുപത്രികളിലേക്ക് മാറ്റി. വിഴിനഗരം ജില്ലയിലെ അലമണ്ടയ്ക്കും കാണ്ടകപള്ളിയ്ക്കും ഇടയിൽ ഹൗറ- ചെന്നൈ റൂട്ടിൽ ഞായർ രാത്രി 7.30നാണ് അപകടമുണ്ടായത്.
സിഗ്നൽ ലഭിക്കാത്തതിനെ തുടർന്ന് നിർത്തിയിട്ടിരുന്ന വിശാഖപട്ടണം– പാലാസ പാസഞ്ചറിലേക്ക് വിശാഖപട്ടണം– രായഗഡ എക്‌സ്പ്രസ് ഇടിച്ചുകയറുകയായിരുന്നു. പാസഞ്ചറിന്റെ പിന്നിലെ രണ്ട് ബോഗിയും എക്പ്രസിന്റെ എൻജിൻ ബോഗിയും ഇടിയുടെ ആഘാതത്തിൽ പാളംതെറ്റി. അതേസമയം വെളിച്ചക്കുറവ് രക്ഷാപ്രവർത്തനത്തെ ബാധിച്ചു. ഡിവിഷണൽ റെയിൽവേ മാനേജർ സൗരഭ് പ്രസാദ് സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നിയന്ത്രിക്കുകയാണ്.
പരമാവധി ആംബുലൻസുകൾ അപകടസ്ഥലത്തേക്ക് എത്തിക്കാൻ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡി നിർദേശം നൽകി. പരിക്കേറ്റവർക്ക് ചികിത്സ ഉറപ്പാക്കണമെന്നും ഉദ്യോഗസ്ഥർ അടിയന്തര ദുരന്തനിവാരണ പ്രവർത്തനങ്ങളിൽ ഏർപ്പെടണമെന്നും നിർദേശിച്ചു. മാസങ്ങൾക്ക് മുമ്പ് ഒഡിഷയിലെ ബാലസോറിൽ ട്രെയിനുകൾ കൂട്ടിയിടിച്ച് 280 പേർ കൊല്ലപ്പെട്ടിരുന്നു.
English Summary: Andhra train accident; 13 death
You may also like this video