Site iconSite icon Janayugom Online

അന്ത്യയാമങ്ങളിൽ

രണമേ
നിൻ നിഴലാഴങ്ങളിൽ
ഒരു നറുചുംബനം ഞാനറിയുന്നു
നിൻ നനുത്ത നിശ്വാസതാളങ്ങൾ
എന്നെ പുൽകിയുണർത്തുന്നു

വസന്തമേ
നിൻ പൂമരങ്ങളിൽ എണ്ണിയാലൊടുങ്ങാത്ത
മൃദുസ്വരങ്ങൾ വിതുമ്പുന്നു
ആശകളുടെ കൂടാരങ്ങളിൽ
ഞാൻ വളർത്തിയ മോഹപ്പക്ഷികൾ
വിസ്മൃതിയുടെ കയങ്ങളിൽ മുങ്ങിത്താഴുന്നു

മരണമേ
നീ കൈയൊപ്പിട്ടുവാങ്ങിയ
ചമൽക്കാരവാഗ്ദാനങ്ങൾ
എൻ അന്ത്യശ്വാസത്തിന്റെ നിറകുടങ്ങളിൽ
മരവിച്ചു തപസിരിക്കുന്നു
നിറംമങ്ങിയ മൃദുലവികാരമായ്

വസന്തമേ
നീ ചൂടിത്തന്ന പർവതങ്ങളുടെ
ചടുലവിസ്മയം
ഇറ്റിറ്റുവീഴുന്നു
തേൻതുള്ളിയായ്
എന്നെ കാണാക്കിനാവിലാഴ്ത്തുന്നു
വനാന്തരങ്ങളിൽ
ഒരു കിളിക്കുഞ്ഞിന്റെ രോദനം,
എൻ ഹൃദയമർമ്മരങ്ങളിൽ
തീവ്രവിന്യാസങ്ങളൊരുക്കുന്നു

മരണമേ
ആകാശങ്ങളുടെ കാണാക്കോണുകളിൽ
വർണരഥവുമായ് ആരെ എതിരേൽക്കാൻ
വന്നുനിൽക്കുന്നു നീ, നിശബ്ദമായ്?
മൂടുപടങ്ങളിൽ ഒളിപ്പിച്ച
വ്യാമോഹസ്പന്ദനങ്ങൾ
നിന്റെ തീരാസ്വാസ്ഥ്യങ്ങളിൽ
കാരിരുമ്പാണിയാഴ്ത്തുന്നു

വസന്തമേ
ഇലകൊഴിഞ്ഞ മരങ്ങളും
ഞെട്ടറ്റുവീണ പുഷ്പങ്ങളും
എൻ മഴക്കെടുതികളിൽ
അഭയം തേടിയലയുന്നു

മരണമേ
എൻ ശവക്കല്ലറയ്ക്കരികിൽ
നിന്റെ പരുക്കൻ
വീണക്കമ്പികൾ നിർദയം മീട്ടി
എന്റെ ഹൃദയരാഗത്തെ
താളനിബദ്ധമാക്കൂ
ഞാനൊന്നുറങ്ങട്ടെ, അന്ത്യയാമങ്ങളിൽ
ഈ ശരശയ്യയിൽ

Exit mobile version