ലൈംഗികക്കുറ്റവാളിയായ ജെഫ്രി എപ്സ്റ്റൈനുമായുള്ള സൗഹൃദത്തിൻ്റെ പേരിൽ ബ്രിട്ടീഷ് രാജാവ് ചാൾസ് മൂന്നാമൻ്റെ ഇളയ സഹോദരൻ ആൻഡ്രൂ രാജകുമാരന് എല്ലാ രാജകീയ പദവികളും നഷ്ടമായി. വിൻഡ്സർ കൊട്ടാരവളപ്പിലെ റോയൽ ലോഡ്ജിൽ നിന്നും ആൻഡ്രൂ രാജകുമാരൻ പുറത്താകുകയും ചെയ്തു. ആൻഡ്രൂ രാജകുമാരൻ ഇനിമുതൽ ആൻഡ്രൂ മൗണ്ട് ബാറ്റൺ വിൻഡ്‌സർ എന്നാകും അറിയപ്പെടുകയെന്നും വിൻഡ്‌സറിലെ കൊട്ടാരത്തിൽ നിന്നും സ്വകാര്യ വസതിയിലേക്ക് അദ്ദേഹം താമസം മാറുന്നതായും കൊട്ടാരം പ്രസ്താവനയിൽ അറിയിച്ചു. ആരോപണങ്ങൾ ആൻഡ്രൂ നിഷേധിക്കുന്നുണ്ടെങ്കിലും, അതിജീവിതർക്ക് ഒപ്പമാണ് കൊട്ടാരം നിലകൊള്ളുന്നതെന്നും പ്രസ്താവനയിൽ പറയുന്നു.
കുപ്രസിദ്ധ സെക്സ് ടേപ്പുകളിൽ ഉൾപ്പെട്ടതിന് പിന്നാലെ യോർക്ക് ഡ്യൂക്ക് എന്ന സ്ഥാനപ്പേരും മറ്റ് ബഹുമതികളും ആൻഡ്രൂ നേരത്തെ സ്വമേധയാ ഉപേക്ഷിച്ചിരുന്നു. മുൻ ഭാര്യ സാറ ഫെർഗൂസനൊപ്പം റോയൽ ലോഡ്ജിൽ കഴിഞ്ഞിരുന്ന ആൻഡ്രൂ, നോർഫോക്ക് കൗണ്ടിയിലെ സാൻഡ്രിങാം എസ്റ്റേറ്റിലെ വസതിയിലേക്ക് താമസം മാറും. 2021ലാണ് എപ്സ്റ്റൈൻ കേസിലെ അതിജീവിതമാരിലൊരാൾ കൗമാരക്കാരിയായിരുന്ന തന്നെ ആൻഡ്രൂ ലൈംഗികമായി ദുരുപയോഗം ചെയ്തുവെന്ന ആരോപണവുമായി രംഗത്തെത്തിയത്. ഇതിന് പിന്നാലെ യുവതി ജീവനൊടുക്കുകയും ചെയ്തിരുന്നു.

