Site iconSite icon Janayugom Online

വികസന വെല്ലുവിളികൾ നേരിടുന്ന കുട്ടികളുടെ ഉന്നമനത്തിന് അങ്കണവാടി പ്രവേശനം

വികസന വെല്ലുവിളികൾ നേരിടുന്ന കട്ടികളെ ചികിത്സയോടൊപ്പം അങ്കണവാടികളിൽ പ്രവേശിപ്പിക്കുന്നതിന് വനിത ശിശുവികസന വകുപ്പ് അനുമതി നൽകി. രണ്ടിനും മൂന്നിനും ഇടയില്‍ പ്രായമുള്ള വികസന വെല്ലുവിളികൾ നേരിടുന്ന കുട്ടികളെ ചികിത്സയോടൊപ്പം അങ്കണവാടികളിൽ പ്രവേശിപ്പിക്കുന്നത് അവരുടെ സാമൂഹിക മാനസിക വികസനം സാധ്യമാകാൻ വളരെ പ്രയോജനകരമാകുമെന്ന് ചൈൽഡ് ഡെവലപ്മെന്റ് സെന്റർ ഉൾപ്പെടെ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. 

ഓട്ടിസം, സംസാര‑ഭാഷാ വികസന പ്രശ്നങ്ങൾ മുതലായവ പോലുള്ള വികസന വെല്ലുവിളികൾ നേരിടുന്ന കുട്ടികളെ നേരത്തെ കണ്ടെത്തി വേണ്ട ഇടപെടലുകൾ നടത്തുന്നത് അവരുടെ വികസനത്തിന് അത്യന്താപേക്ഷിതമാണ്. ഇത്തരം കുട്ടികളെ സാധാരണ കുട്ടികളോടൊപ്പം സമയം ചെലവഴിക്കാൻ അനുവദിക്കുകയാണെങ്കിൽ ഇവർക്ക് മറ്റ് കുട്ടികൾ ചെയ്യുന്ന കാര്യങ്ങൾ കാണുന്നതിനും അവ അനുകരിക്കുന്നതിനും അവരുടെ കഴിവുകൾ വികസിപ്പിക്കുന്നതിനും സാധിക്കുമെന്നും മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.

സിഡിപിഒമാർക്കും സൂപ്പർവൈസർമാർക്കും ഭിന്നശേഷികൾ നേരത്തെ കണ്ടെത്തുന്നതിനുള്ള പരിശീലന പരിപാടികൾ വകുപ്പിന്റെ ആഭിമുഖ്യത്തിൽ നടത്തിയിട്ടുണ്ട്. ആവശ്യമെങ്കിൽ കട്ടികളുടെ സംരക്ഷകരാരെയെങ്കിലും (അമ്മ, അമ്മൂമ്മ തുടങ്ങിയവർ) അവിടെ നിൽക്കാൻ അനുവദിക്കുന്നതാണ്. ഈ കട്ടികൾ സിഡിസി, ഡിഇഐസി, നിഷ് തുടങ്ങിയ സ്ഥാപനങ്ങളിൽ നിന്നും ചികിത്സ ലഭിക്കുന്ന കുട്ടികളായതിനാൽ തന്നെ അവർക്ക് വേണ്ട തെറാപ്പികൾ ആ സ്ഥാപനങ്ങളിൽ ലഭിക്കുന്നതാണ്. 

Exit mobile version