കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിക്കെതിരെ ബിജെപി സംസ്ഥാന നേതൃത്വം. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് സിനിമാ മേഖലയില്‍ ഉയര്‍ന്നുവന്ന ആരോപണങ്ങളില്‍ സുരേഷ് ഗോപി സ്വീകരിക്കുന്ന നിലപാട് പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കുന്നതാണെന്നും ഇത് തിരുത്തണമെന്നും ആവശ്യപ്പെട്ട് മുതിര്‍ന്ന നേതാക്കള്‍തന്നെ അദ്ദേഹത്തെ ബന്ധപ്പെട്ടതായാണ് സൂചന.
മലയാള സിനിമ മേഖലയെ പിടിച്ചുലയ്ക്കുന്ന മീടു വിവാദത്തില്‍ ആരോപണങ്ങളെ നിസാരവല്‍ക്കരിച്ച സുരേഷ് ഗോപിക്കെതിരെ സംസ്ഥാന ബിജെപിയിലെ രണ്ട് പ്രബല ഗ്രൂപ്പുകളും രംഗത്തെത്തി. പല വിഷയങ്ങളിലും പിന്തുണ നല്‍കിയിരുന്ന ചില നേതാക്കളും അദ്ദേഹത്തെ കൈവിട്ടു. നിലപാട് പറയേണ്ടത് സംസ്ഥാന അധ്യക്ഷനാണെന്നും സുരേഷ് ഗോപിയല്ലെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. മാധ്യമ പ്രവര്‍ത്തകരെ ഉള്‍പ്പെടെ ആക്ഷേപിക്കുകയും ആക്രമിക്കുകയും ചെയ്യുന്ന സുരേഷ് ഗോപിയുടെ ശൈലി പാര്‍ട്ടിക്ക് വലിയ ക്ഷീണമാണെന്നും ഇത് ബിജെപിയുടെ ഒറ്റപ്പെടലിന് കാരണമാകുമെന്നും ഇവര്‍ ദേശീയ നേതൃത്വത്തെ ഉള്‍പ്പെടെ അറിയിച്ചിട്ടുണ്ട്.
മുകേഷിനെ പിന്തുണച്ചുവെന്ന കാരണത്താല്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ കഴിഞ്ഞ ദിവസം സുരേഷ് ഗോപിയെ തള്ളിപ്പറഞ്ഞിരുന്നു. അധ്യക്ഷനടക്കം സംസ്ഥാന ഭാരവാഹികൾ ഒരു നിലപാട് സ്വീകരിക്കുമ്പോൾ അതിനെതിരായി നിലപാടെടുത്ത സുരേഷ് ഗോപിയുടെ പ്രവൃത്തി ശരിയായില്ലെന്ന് നേതാക്കള്‍ വ്യക്തമാക്കി. ബിജെപിയിലെ പി കെ കൃഷ്ണദാസ് പക്ഷവും ഇക്കാര്യത്തില്‍ ഔദ്യോഗിക നേതൃത്വത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
തൃശൂരിലെ ജയത്തിലൂടെ സംസ്ഥാനത്താകെ നേട്ടമുണ്ടാക്കാനാകുമെന്നായിരുന്നു ബിജെപിയുടെ കണക്കുകൂട്ടല്‍. പക്ഷെ കേരളത്തിലാദ്യമായി ലോക്‌സഭയില്‍ ജയിച്ച ബിജെപി എംപി പിന്നീട് പാര്‍ട്ടിയെ നിരന്തരം വെട്ടിലാക്കുന്ന നിലപാടുകളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് എതിര്‍പക്ഷക്കാര്‍ ചൂണ്ടിക്കാട്ടുന്നു.
കെ സുരേന്ദ്രന് പുറമെ എം ടി രമേശ് അടക്കമുള്ള നേതാക്കളും സുരേഷ് ഗോപിയെ വിയോജിപ്പറിയിച്ചുകഴിഞ്ഞു. പാർട്ടി സംസ്ഥാന കമ്മിറ്റി അംഗം സന്ദീപ് വാര്യര്‍ ഫേസ്ബുക്കിലൂടെ സുരേഷ് ഗോപിക്കെതിരെ പരസ്യമായി രംഗത്തെത്തി. സിനിമ മേഖലയിൽ നിന്ന് രാഷ്ട്രീയ രംഗത്തെത്തിയ സുരേഷ് ഗോപിക്ക് പരിചയക്കുറവാണെന്നും അദ്ദേഹത്തെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തണമെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. പാര്‍ട്ടിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കണമെന്നും ഒറ്റയാന്‍ പ്രവര്‍ത്തനം അവസാനിപ്പിക്കണമെന്നും നേതൃത്വം സുരേഷ് ഗോപിക്ക് താക്കീത് നല്‍കിയതായും സൂചനയുണ്ട്.