Site iconSite icon Janayugom Online

വയനാട് അവഗണനയ്ക്കെതിരെ രോഷാഗ്നി ജ്വലിച്ചു

വയനാടിന് പ്രത്യേക പാക്കേജ് അനുവദിക്കാത്തതിലും ദുരിതാശ്വാസം നടത്തിയ ഹെലികോപ്റ്റര്‍, വിമാനങ്ങള്‍ എന്നിവയുടെ തുക ആവശ്യപ്പെട്ടതിലും പ്രതിഷേധിച്ച് നാടെമ്പാടും രോഷാഗ്നി ജ്വലിച്ചു. സിപിഐ ആഹ്വാനപ്രകാരം സംസ്ഥാനത്ത് ആയിരക്കണക്കിന് ബ്രാഞ്ച്, ലോക്കല്‍ കേന്ദ്രങ്ങളിലും ജില്ലാ ആസ്ഥാനങ്ങളിലും പന്തംകൊളുത്തി പ്രകടനങ്ങളും നിശാ മാര്‍ച്ചുകളും നടന്നു. 

വയനാടിന് പ്രത്യേക സഹായം നല്‍കാതിരിക്കുമ്പോഴും ദുരിതാശ്വാസപ്രവര്‍ത്തനത്തിനെത്തിയ ഹെലികോപ്റ്റര്‍, വിമാന ചെലവുകള്‍ നല്‍കണമെന്നാവശ്യപ്പെട്ട കേന്ദ്രത്തിന്റെ കത്ത് കഴിഞ്ഞ ദിവസം പുറത്തുവന്നത് ജനരോഷം ഇരട്ടിയാക്കിയിരിക്കുകയാണ്. 132 കോടി 62 ലക്ഷം രൂപ ഉടന്‍ നല്‍കണമെന്നാണ് കേന്ദ്രം ആവശ്യപ്പെട്ടിരിക്കുന്നത്. 

കേന്ദ്രനിലപാടില്‍ കേരളത്തില്‍ നിന്നുള്ള എംപിമാര്‍ പാര്‍ലമെന്റ് മന്ദിര വളപ്പില്‍ പ്രതിഷേധിച്ചു. കേന്ദ്ര സര്‍ക്കാര്‍ കേരളത്തോട് കാട്ടുന്ന സാമ്പത്തിക അവഗണനയ്ക്ക് പുറമെ ചൂരല്‍മല ദുരന്തവുമായി ബന്ധപ്പെട്ട് ലഭിക്കേണ്ട അര്‍ഹമായ സാമ്പത്തിക സഹായം നല്‍കാത്ത നിലപാടിനെതിരെയായിരുന്നു ഇന്നലെ കേരള എം പിമാര്‍ പ്രതിഷേധിച്ചത്. 

വയനാടിനോട് നീതി കാണിക്കൂ, വയനാടിന് ദുരിതാശ്വാസ പാക്കേജ് അനുവദിക്കൂ എന്ന ഫ്ലക്‌സും പിടിച്ചായിരുന്നു എംപിമാരുടെ പ്രതിഷേധം. പ്രധാനമന്ത്രി ദുരന്ത ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് അഞ്ചു മാസം പിന്നിടുമ്പോഴും സഹായത്തിന്റെ കണികപോലും നല്‍കാത്ത കേന്ദ്ര നിലപാടിനെതിരെ എംപിമാര്‍ നടത്തിയ പ്രതിഷേധം ശ്രദ്ധേയമായി.

വയനാട്ടിലെ ദുരന്തം സഭാ നടപടികള്‍ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് എംപിമാര്‍ ലോക്‌സഭയിലും രാജ്യസഭയിലും നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ അടിയന്തര പ്രമേയത്തിന് അനുമതി നല്‍കാതെ കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഒളിച്ചുകളി തുടരുകയാണുണ്ടായത്.
കേരളത്തില്‍ നിന്നുള്ള എംപിമാര്‍ ഈ വിഷയം പാര്‍ലമെന്റിന്റെ ഇരു സഭകളുടെയും ശ്രദ്ധയില്‍ പെടുത്തിയെങ്കിലും സര്‍ക്കാര്‍ അനങ്ങാപ്പാറ നയമാണ് സ്വീകരിച്ചത്.

Exit mobile version