Site iconSite icon Janayugom Online

ജെബി മേത്തറുടെ രാജ്യസഭ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ കോൺഗ്രസിൽ അമർഷം കടുക്കുന്നു

jebijebi

ജെബി മേത്തറുടെ രാജ്യസഭ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ കോൺഗ്രസിൽ അമർഷം കടുക്കുന്നു .എ കെ ആന്റണി പണ്ട് മാസ് ഹോട്ടലിൽ തിന്നും കുടിച്ചും കിടന്നതിനെ കടം വീട്ടി എന്ന് തുടങ്ങി കെ സുധാകാരന് എ കെ ആന്റണിയുടെ സ്വാധീനം അറിയില്ല , ലിജു വിചാരിച്ചു സുധാകരൻ പുലിയാണെന്ന് , ഇപ്പോഴല്ലേ കാര്യം തിരിയുന്നത് എന്ന് തുടങ്ങി കോൺഗ്രസ് ഗ്രൂപ്പുകളിൽ വിമർശനം പുകയുകയാണ്. എന്നാൽ അടിച്ചേൽപ്പിച്ചാൽ കാര്യങ്ങൾ അറിയുമെന്ന നിലപാടിലേക്കാണ് കോൺഗ്രസ് ഗ്രൂപ്പുകൾ . പഞ്ചാബിൽ അടി കിട്ടിയിട്ടും പഠിച്ചില്ലെങ്കിൽ കേരളത്തിൽ ഇനി രാഹുലിനും സ്ഥാനമില്ലെന്ന് ഐ ഗ്രൂപ്പിലെ യുവതുർക്കികൾ തിളയ്ക്കുമ്പോൾ നിസ്സഹായമാണ് നേതൃത്വം. ഇതിനിടെ ജെബി മേത്തറിനെതിരെ സാമൂഹിക മാധ്യമങ്ങളിൽ വ്യാപക പ്രചരണം. നടൻ ദിലീപിനൊപ്പമുളള പഴയ സെൽഫി ഫോട്ടോയാണ് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. 2021 നവംബറിൽ നടന്ന ആലുവ നഗരസഭയുടെ ശതാബ്ദി ആഘോഷം ഉദ്ഘാടനം ചെയ്യാൻ ദിലീപ് എത്തിയപ്പോൾ എടുത്ത സെൽഫിയാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. ആലുവ നഗരസഭയുടെ വൈസ് ചെയർമാനായ ജെബി മേത്തറും മറ്റ് അംഗങ്ങളുമാണ് സെൽഫിയിലുളളത്. രാജ്യസഭാ സ്ഥാനാര്‍ത്ഥിയായി മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ ജെബി മേത്തറിനെ തിരഞ്ഞെടുത്തതോടെ തിരിച്ചടിയേറ്റ് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. എ ഗ്രൂപ്പിന്റെ പിന്തുണയോടെ വി ഡി സതീശന്‍ നിര്‍ദേശിച്ച പേരായിരുന്നു ജെബി മേത്തറിന്റെത്.

രാജ്യസഭയില്‍ നിന്നും ഒഴിവാകുന്ന എകെ ആന്റണിയുടെ പിന്തുണയും ജെബി മേത്തറിനായിരുന്നു. കെസുധാകരനൊപ്പം നിന്ന് സംസ്ഥാന നേതൃത്വത്തിലേക്ക് തിരിച്ചുവരവിനുള്ള രമേശ് ചെന്നിത്തലയുടെ ശ്രമങ്ങളും ഇതോടെ പരാജയപ്പെട്ടു. രമേശ് ചെന്നിത്തലയുടെ വിശ്വസ്തനായ എം ലിജുവിനെ സ്ഥാനാര്‍ത്ഥിയാക്കണമെന്നായിരുന്നു കെ.സുധാകരന്റെ നിര്‍ദേശം. അവസാന നിമിഷം വരെ കെ.സുധാകരന്‍ എം.ലിജുവിന് വേണ്ടി നിന്നു.എം. ലിജുവിനൊപ്പം ഡല്‍ഹിയിലെത്തി ഹൈക്കമാന്‍ഡ് നേതാക്കളില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ കെ.സുധാകരന്‍ ശ്രമിച്ചിരുന്നു. എന്നിട്ടും എം.ലിജുവിന്റെ പേര് ഹൈക്കമാന്‍ഡ് അംഗീകരിച്ചിരുന്നില്ല. കെ.സി വേണുഗോപാലാണ് ഇതിന് പിന്നിലെന്നായിരുന്നു കോണ്‍ഗ്രസിനകത്തെ സംസാരം. കേരളത്തില്‍ തിരിച്ചെത്തിയ കെ.സുധാകരന്‍ വി.ഡി സതീശനുമായി ചര്‍ച്ച ചെയ്ത് മൂന്ന് പേരുകള്‍ ഹൈക്കമാന്റിന് സമര്‍പ്പിച്ചു. ജെബി മേത്തറിനെ നിര്‍ദേശിച്ചത് വി.ഡി സതീശനായിരുന്നു. ജെബി മേത്തര്‍, എം.ലിജു, ജെയ്‌സണ്‍ ജോസഫ് എന്നീ പേരുകളായിരുന്നു അന്തിമപട്ടികയില്‍. ഈ പേരുകളില്‍ നിന്നും ജെബി മേത്തറിനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുകയായിരുന്നു. എം.ലിജുവിനെ പരിഗണിക്കുന്നതില്‍ വി.ഡി സതീശന്‍ എ ഗ്രൂപ്പ് സഖ്യത്തിന് എതിര്‍പ്പുണ്ടായിരുന്നു. സതീശന്‍ പാച്ചേനിയുടെ പേരാണ് കെ.സുധാകരന്‍ നേരത്തെ മുന്നോട്ട് വെച്ചിരുന്നത്. രമേശ് ചെന്നിത്തലയുടെ താല്‍പര്യം കൂടി കണക്കിലെടുത്താണ് എം. ലിജുവിലേക്കെത്തിയത്. കെ.സുധാകരനും രമേശ് ചെന്നിത്തലയ്ക്കുമൊപ്പം നിന്നിരുന്ന കെ.മുരളീധരന്‍ എം.ലിജുവിനെ സ്ഥാനാര്‍ത്ഥിയാക്കുന്നതിനെ എതിര്‍ത്തത് തിരിച്ചടിയായി. തിരഞ്ഞെടുപ്പില്‍ തോറ്റവര്‍ രാജ്യസഭയിലേക്ക് വേണ്ടെന്നായിരുന്നു കെ.മുരളീധരന്റെ നിലപാട്. മുസ്ലിം സമുദായത്തില്‍ നിന്നും അംഗങ്ങളെ കോണ്‍ഗ്രസ് പാര്‍ലമെന്റിലേക്ക് അയക്കുന്നില്ലെന്ന വിമര്‍ശനമുയര്‍ന്നിരുന്നു. എം.എം ഹസന്റെ പേരായിരുന്നു ഈ വിഭാഗം മുന്നോട്ട് വെച്ചത്.

സി.പി.എം യുവപ്രാതിനിധ്യം ഉറപ്പാക്കുമ്പോഴും കോണ്‍ഗ്രസ് യുവാക്കളെയും വനിതകളെയും പരിഗണിക്കുന്നില്ലെന്നും പാര്‍ട്ടിക്കുള്ളില്‍ നിന്നു തന്നെ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിനെല്ലാം പരിഹാരം എന്ന നിലയിലാണ് ജെബി മേത്തറിനെ പരിഗണിക്കുന്നതിലേക്ക് എത്തിയത്. യൂത്ത് കോണ്‍ഗ്രസ് ദേശീയ ഭാരവാഹി എന്ന നിലയില്‍ ദില്ലിയിലെ പ്രവര്‍ത്തന പരിചയവും ജെബിയെ തുണച്ചു. എ ഗ്രൂപ്പില്‍ എ.കെ ആന്റണിയുടെയും ഉമ്മന്‍ചാണ്ടിയുടെയും വിശ്വസ്തനായ കെ.എം.ഐ മേത്തറുടെ മകളാണ് ജെബി മേത്തര്‍. മുന്‍ കെ.പി.സി.സി പ്രസിഡന്റ് ടി.ഒ ബാവയുടെ കൊച്ചുമകളുമാണ്. ആലുവ നഗരസഭ വൈസ് ചെയര്‍പേഴ്‌സണായിരുന്നു. ജെബി മേത്തറിന്റെ പേര് മുന്നോട്ട് വെച്ച് എ.കെ ആന്റണിയുടെയും ഉമ്മന്‍ചാണ്ടിയുടെയും പിന്തുണ ഉറപ്പിക്കാനും വി.ഡി സതീശന് കഴിഞ്ഞു.

കെ.എസ്.യു സംസ്ഥാന പ്രസിഡന്റിനും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റിനും തെരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കുമ്പോള്‍ മഹിളാ കോണ്‍ഗ്രസിനെയും അതേരീതിയില്‍ പരിഗണിക്കണമെന്നതായിരുന്നു വി.ഡി സതീശന്റെ വാദം. അവസരം കിട്ടിയിട്ടും തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടവരെ വീണ്ടും പരിഗണിക്കരുതെന്നും നേതാക്കള്‍ നിര്‍ദേശിച്ചു. ഇതോടെ ഷാനിമോള്‍ ഉസ്മാന്‍ അടക്കമുള്ളവരുടെ പേരുകള്‍ വെട്ടി. ഗ്രൂപ്പുകള്‍ ഒഴിവാക്കി ഒറ്റക്കെട്ടായി മുന്നോട്ട് പോകണമെന്ന കെ.സുധാകരന്റെയും വി.ഡി സതീശന്റെയും തീരുമാനത്തിന് തിരിച്ചടിയേറ്റത് പുനഃസംഘടന ചര്‍ച്ചകളിലായിരുന്നു. ഗ്രൂപ്പുകള്‍ പുതിയ നേതൃത്വത്തിന് കീഴില്‍ സജീവമായി. ഇതിനിടെയാണ് രാജ്യസഭയിലേക്കുള്ള തെരഞ്ഞെടുപ്പും വന്നത്. മുല്ലപ്പള്ളി രാമചന്ദ്രന്‍, കെ.വി തോമസ്, എം.എം ഹസന്‍ എന്നീ മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെടെ സീറ്റിനായി രംഗത്തെത്തി. യുവാക്കളെ പരിഗണിക്കമെന്ന നിര്‍ദേശം യൂത്ത് കോണ്‍ഗ്രസും മുന്നോട്ട് വെച്ചു. ഇടതുപക്ഷത്തെ രണ്ട് സ്ഥാനാര്‍ത്ഥികളും നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിട്ടും സ്ഥാനാര്‍ത്ഥിയെ കണ്ടെത്താന്‍ കഴിയാത്തത് പാര്‍ട്ടിക്കകത്തും പുറത്തും വിമര്‍ശനത്തിനിടയാക്കി. രാജ്യസഭ സീറ്റിലൂടെ വി.ഡി സതീശനും എ ഗ്രൂപ്പും കെ.സുധാകരനെയും രമേശ് ചെന്നിത്തലയെയും മറികടന്നതോടെ കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോര് അവസാനിക്കുന്നില്ലെന്നാണ് അണികളിലേക്ക് എത്തുന്ന സന്ദേശം.ഇതിനിടയിൽ സീറ്റിനായി ശ്രമിച്ച കെ വി തോമസ് ജെബി മേത്തർ ക്ക് അഭിവാദ്യം അർപ്പിച്ചുഫേസ്ബുക്കിൽ പോസ്റ്റിട്ടു .‘അഭിനന്ദനങ്ങള്‍ ജെബി’ എന്നായിരുന്നു ആ കുറിപ്പ്.

Eng­lish Sum­ma­ry: Anger is mount­ing in Con­gress over Jebi Math­er’s Rajya Sab­ha candidature

You may like this video also

Exit mobile version