Site iconSite icon Janayugom Online

അനില്‍ അംബാനിയുടെ മകന് ഒരു കോടി പിഴ

ambaniambani

റിലയന്‍സ് ഹോം ഫിനാന്‍സ് കേസില്‍ പ്രമുഖ വ്യവസായി അനില്‍ അംബാനിയുടെ മകന്‍ ജയ് അന്‍മോല്‍ അംബാനിക്ക് സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) ഒരു കോടി രൂപ പിഴ ചുമത്തി. റിലയന്‍സ് ഹോം ഫിനാന്‍സ് അനില്‍ അംബാനിയുടെ നേതൃത്വത്തിലുള്ള കമ്പനികള്‍ക്ക് നിയമം ലംഘിച്ച് വായ്പകള്‍ അനുവദിച്ചതായി സെബിയുടെ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

സുരക്ഷിതമല്ലാത്ത വായ്പകള്‍ക്ക് അംഗീകാരം നല്‍കിയെന്നതാണ് ജയ് അന്‍മോല്‍ അംബാനിക്കെതിരെ സെബി ഉന്നയിക്കുന്ന പ്രധാന ആരോപണം. 45 ദിവസത്തിനുള്ളില്‍ പിഴയടയ്ക്കാനാണ് നിര്‍ദേശിച്ചിരിക്കുന്നത്. റിലയന്‍സ് കാപിറ്റല്‍ ഉള്‍പ്പെടെയുള്ള ഗ്രൂപ്പ് കമ്പനികള്‍ക്ക് മൂലധന വായ്പ നല്‍കുന്നതില്‍ അശ്രദ്ധ കാണിച്ചതായി സെബി അന്വേഷണത്തില്‍ കണ്ടെത്തി. റിലയന്‍സ് ഹോം ഫിനാന്‍സിന്റെ ചീഫ് റിസ്ക് ഓഫിസറായിരുന്ന കൃഷ്ണന്‍ ഗോപാലകൃഷ്ണന് 15 ലക്ഷം രൂപയും പിഴ ചുമത്തിയിട്ടുണ്ട്.
കമ്പനിയുടെ നിക്ഷേപകരുടെ താല്പര്യങ്ങളെ മാനിക്കാതെയാണ് നോണ്‍ എക്സിക്യൂട്ടീവ് ഡയറക്ടറായ ജയ് അന്‍മോല്‍ വായ്പകള്‍ നല്‍കിയതെന്ന് സെബി കുറ്റപ്പെടുത്തി.
മറ്റൊരു സംഭവത്തില്‍, അനില്‍ അംബാനിയെ ഓഹരി വിപണിയില്‍ ഇടപാടുകള്‍ നടത്തുന്നതില്‍ നിന്ന് കഴിഞ്ഞ മാസം സെബി വിലക്കിയിരുന്നു. 

Exit mobile version