Site icon Janayugom Online

കള്ളപ്പണം വെളുപ്പിക്കൽ കേസ്: അനിൽ ദേശ്മുഖ് ജുഡീഷ്യൽ കസ്റ്റഡിയിൽ

കള്ളപ്പണം വെളുപ്പിച്ചതുമായി ബന്ധപ്പെട്ട കേസിൽ മഹാരാഷ്ട്ര മുൻ ആഭ്യന്തരമന്ത്രി അനിൽ ദേശ്മുഖിനെ രണ്ടാഴ്ചത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. നാല് ദിവസത്തെ എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് (ഇഡി) കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടർന്നാണ് അവധിക്കാല കോടതിയുടെ നടപടി. കൂടുതൽ ചോദ്യം ചെയ്യലിനായി കസ്റ്റഡിയിൽ വിടണമെന്ന് ഇഡി ആവശ്യപ്പെട്ടെങ്കിലും കോടതി അനുവദിച്ചില്ല.

കഴിഞ്ഞ തിങ്കളാഴ്ചയാണ് ബാറുടമകളിൽനിന്ന് പ്രതിമാസം 100 കോടി രൂപ പിരിക്കാൻ പൊലീസുകാരോട് ആവശ്യപ്പെട്ടെന്ന കേസിൽ അനിൽ ദേശ്മുഖ് അറസ്റ്റിലാകുന്നത്. 12 മണിക്കൂര്‍ ചോദ്യം ചെയ്യലിന് ശേഷമാണ് ദേശ്മുഖിനെ അറസ്റ്റ് ചെയ്തത്. മുംബൈ മുൻ പൊലീസ് കമ്മിഷണർ പരംബീർ സിങ്ങിന്റെ ആരോപണങ്ങളെ തുടർന്ന് ഈ വർഷമാദ്യം ദേശ്മുഖ് ആഭ്യന്തരമന്ത്രി സ്ഥാനം രാജിവച്ചിരുന്നു.

എന്നാൽ തനിക്കെതിരായ ആരോപണങ്ങൾ കെട്ടിച്ചമച്ചതാണെന്ന് ദേശ്മുഖ് പറഞ്ഞിരുന്നു. പരംബീർ സിങ്ങിനെതിരെ സാമ്പത്തിക ആരോപണങ്ങൾ ഉന്നയിച്ച് ദേശ്മുഖ് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറേയ്ക്ക് കത്തയച്ചിരുന്നു. കൂടാതെ പരംബീറിനെതിരെ മാനനഷ്ടക്കേസും ഫയൽ ചെയ്തു. ഇതിനുപിന്നാലെ പരംബീർ സിങ്ങിനെ കാണാതാവുകയും തുടർന്ന് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും ചെയ്തു.

eng­lish sum­ma­ry: Anil Desh­mukh sent to 14-day judi­cial cus­tody in mon­ey laun­der­ing case

you may also like this video

Exit mobile version