പത്തനംതിട്ട ലോക്‌സഭാ മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥി അനിൽ ആന്റണി തോൽക്കുമെന്ന് പിതാവും കോണ്‍ഗ്രസ് നേതാവുമായ എ കെ ആന്റണി. പത്തനംതിട്ടയില്‍ ബിജെപി വിജയിക്കുമെന്നും അച്ഛനോട് സഹതാപം മാത്രമാണെന്നും അനിലിന്റെ മറുപടി.
കോണ്‍ഗ്രസ് നേതാക്കളും നേതാക്കളുടെ മക്കളും ബിജെപിയിലേക്ക് പോകുന്നത് വിരോധാഭാസമല്ല, വലിയ തെറ്റാണെന്ന് മകന്‍ അനില്‍ ആന്റണിയും കെ കരുണാകരന്റെ മകള്‍ പത്മജയും ഉള്‍പ്പെടെ ബിജെപിയിലേക്ക് പോയതിനെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി തിരുവനന്തപുരത്ത് ആന്റണി പറഞ്ഞു.
ചെറുപ്പകാലം മുതല്‍ കുടുംബം വേറെ, രാഷ്ട്രീയം വേറെ എന്നതാണ് തന്റെ നിലപാടെന്നും അദ്ദേഹം ന്യായീകരിച്ചു. സംസ്ഥാനത്ത് എല്ലാ മണ്ഡലങ്ങളിലും ബിജെപിക്ക് വോട്ട് കുറയുമെന്നും മൂന്നാം സ്ഥാനത്താകുമെന്നും ആന്റണി പറഞ്ഞു.
എന്നാല്‍ ചന്ദ്രനെ നോക്കി പട്ടികള്‍ കുരയ്ക്കുന്നതുപോലെയാണ് കോണ്‍ഗ്രസിന്റെ ഇപ്പോഴത്തെ അവസ്ഥയെന്നും പത്തനംതിട്ടയില്‍ ബിജെപി വിജയിക്കുമെന്നും, അച്ഛനോട് സഹതാപം മാത്രമെന്നുമാണ് മറുപടിയായി അനില്‍ ആന്റണി പത്തനംതിട്ടയില്‍ പറഞ്ഞത്.
അതിനിടെ അനിൽ ആന്റണിക്കെതിരേ ഒളിയമ്പെറിഞ്ഞ് അർജുൻ രാധാകൃഷ്ണൻ രംഗത്തെത്തി. കപട രാജ്യസ്നേഹം നടിക്കുന്ന ചെന്നായക്കളെക്കാൾ നല്ലത് പതിറ്റാണ്ടുകളായി ഇന്ത്യൻ മതേതരത്വത്തിനും ഭരണഘടനയ്ക്കും കാവൽനിൽക്കുന്ന പട്ടികൾ ആവുന്നതാണെന്ന് അർജുൻ രാധാകൃഷ്ണൻ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
English Summary: Anil says he sympathizes with his father
You may also like this video