തിരുപ്പതി ലഡ്ഡുവിൽ മൃഗക്കൊഴുപ്പ് കണ്ടെത്തിയ സംഭവം അന്വേഷിക്കാൻ ഒമ്പത് അംഗ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് സർക്കാർ. ഗുണ്ടൂർ റേഞ്ച് ഇൻസ്പെക്ടർ ജനറൽ സർവശ്രേഷ്ഠ് ത്രിപാഠിയായിരിക്കും പ്രത്യേകം അന്വേഷണ സംഘത്തിന് നേതൃത്വം നൽകുക. മുൻ വൈഎസ്ആർ കോൺഗ്രസ് പാർട്ടിയുടെ ഭരണകാലത്ത് തിരുമലയിൽ നടന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ട മറ്റ് ക്രമക്കേടുകളും എസ്ഐടി അന്വേഷിക്കും.
ത്രിപാഠിയെ കൂടാതെ വിശാഖപട്ടണം റേഞ്ചിന്റെ ഡപ്യൂട്ടി ഇൻസ്പെടകർ ജനറലായി സേവനമനുഷ്ഠിക്കുന്ന ഗോപിനാഥ് ജാട്ടി ഐപിഎസ്, വി ഹർഷ് വർദ്ധൻ രാജു ഐപിഎസ്, വെങ്കട് റാവുജി സീതാരാമ റാവു, ജി ശിവനാരായണ സ്വാമി, ടി സത്യനാരായണ, കെ ഉമാ മഹേശ്വർ, എം സൂര്യനാരായണ തുടങ്ങിയവരും അന്വേഷണ സംഘത്തിലുണ്ട്.നേരത്തെ മുന്‍ സർക്കാരിന്റെ കാലത്ത് തിരുപ്പതി ശ്രീ വെങ്കിടേശ്വര ക്ഷേത്രത്തിൽ വിതരണം ചെയ്ത ലഡുവിൽ മൃഗക്കൊഴുപ്പ് കണ്ടെത്തിയിരുന്നു. ഗുജറാത്തിലെ നാഷണൽ ഡയറി ഡവലപ്‌മെന്റ് ബോർഡിന് കീഴിൽ നടത്തിയ പരിശോധനയിലാണ് തിരുപ്പതി ലഡ്ഡുവിൽ മൃഗക്കൊഴുപ്പും മീനെണ്ണയുടെ അംശവും കണ്ടെത്തിയത്.
നിലവിലെ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവാണ് പരിശോധന ഫലം പുറത്തുവിട്ട് വലിയ വിവാദത്തിന് തിരികൊളുത്തിയത്. ജഗൻ മോഹൻ റെഡ്ഡിയുടെ നേതൃത്വത്തിലുള്ള മുൻ വൈഎസ്ആർസിപി സർക്കാരിനെ ഉന്നമിടുകയായിരുന്നു റെഡ്ഡിയുടെ പ്രധാനലക്ഷ്യം. എന്നാൽ വൈഎസ്ആർസിപി ആരോപണം നിഷേധിക്കുകയായിരുന്നു.
തിരുപ്പതി ലഡ്ഡുവിനെതിരെ വിവാദം ശക്തമായതോടെ പ്രസാദം തയ്യാറാക്കുന്ന പുരിയിലെ ജഗന്നാഥ ക്ഷേത്രത്തിലെ നെയ്യിന്റെ ഗുണനിലവാരം പരിശോധിക്കാൻ ഒഡീഷ സർക്കാർ തീരുമാനിച്ചിരുന്നു. ഇതുവരെ ക്ഷേത്രത്തിലെ പ്രസാദത്തെ കുറിച്ച് പരാതികൾ ലഭിച്ചിട്ടില്ല. സംസ്ഥാന സർക്കാരിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഒഡീഷ മിൽക് ഫെഡറേഷൻ മാത്രമാണ് ക്ഷേത്രത്തിലേക്ക് നെയ്യ് വിതരണം ചെയ്യുന്നതെന്നും പുരി ജില്ലാ കളക്ടർ സിദ്ധാർത്ഥ് ശങ്കർ സ്വെയിൻ പറഞ്ഞു