Site iconSite icon Janayugom Online

മൃഗസംരക്ഷണ വകുപ്പ് ഒരുക്കങ്ങൾ തുടങ്ങി: സഞ്ചരിക്കുന്ന വെറ്ററിനറി യൂണിറ്റ് ഉടൻ കർഷകരിലേക്കെത്തും

animal husbandaryanimal husbandary

സംസ്ഥാനത്തെ മൃഗസംരക്ഷണ മേഖലയിലെ കർഷകർക്ക് ആശ്വാസമേകാൻ സഞ്ചരിക്കുന്ന വെറ്ററിനറി യൂണിറ്റുകൾ ഒരുങ്ങുന്നു. 29 ബ്ലോക്ക് പഞ്ചായത്തുകളിലാണ് ആദ്യഘട്ട സേവനം നടപ്പാക്കുന്നത്. ഒരു വെറ്ററിനറി സർജൻ, പാരാവെറ്റ്, ഡ്രൈവർ കം അറ്റൻഡന്റ് എന്നിവരുൾപ്പെട്ട സംഘം ആയിരിക്കും കർഷകർക്ക് ഏത് സമയത്തും വീട്ടുപടിക്കൽ ചികിത്സാ സേവന സൗകര്യങ്ങളുമായി എത്തുക.
അഭിമുഖങ്ങൾ വഴി തിരഞ്ഞെടുത്ത താല്ക്കാലിക ജീവനക്കാർക്ക് തിരുവനന്തപുരം കുടപ്പനക്കുന്ന് മൃഗസംരക്ഷണ കേന്ദ്രത്തിൽ വച്ച് രണ്ട് ദിവസത്തെ പ്രായോഗിക പരിശീലനം നൽകി. 

വലിയ മൃഗങ്ങളേയും ചെറിയ മൃഗങ്ങളേയും ശുശ്രൂഷിക്കുന്നതിനുള്ള ചികിത്സാ സൗകര്യങ്ങൾ അടങ്ങിയ വാഹനം അടുത്ത മാസത്തോടെ നിരത്തിലിറങ്ങും. കോൾ സെന്റർ വഴിയാകും ചികിത്സ ഷെഡ്യൂൾ ഏകോപിപ്പിക്കുക. ജിപിഎസ് ട്രാക്കിങ് സംവിധാനം വഴി വാഹനം ഏതു ബ്ലോക്കിലാണെന്നും ഏത് വഴിയിലൂടെയാണ് സഞ്ചരിക്കുന്നതെന്നും രേഖപ്പെടുത്തുംവിധമാണ് സജ്ജീകരിച്ചിരിക്കുന്നത്.
ചികിത്സയ്ക്ക് ശേഷം കോൾ സെന്റർ വഴി യഥാസമയം കർഷകരുടെ പ്രതികരണം എടുക്കുന്ന സംവിധാനവും ക്രമീകരിച്ചിട്ടുണ്ടെന്ന് മൃഗസംരക്ഷണ വകുപ്പ് ഡയറക്ടർ ഡോ. എ കൗശിഗൻ ഐഎഎസ് പറഞ്ഞു. പദ്ധതി കൂടുതൽ ഇടങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിനായി സഞ്ചരിക്കുന്ന വെറ്ററിനറി യൂണിറ്റുകൾ വാടകയ്ക്കെടുക്കുന്ന കാര്യം പരിഗണനയിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേന്ദ്രസർക്കാർ 60 ശതമാനവും കേരള സർക്കാർ 40 ശതമാനവും വിഹിതം വഹിക്കുന്ന പദ്ധതിയാണ് ഇത്. പരിശീലന പരിപാടിയിൽ അഡീഷണൽ ഡയറക്ടർ ഡോ. വിനുജി ഡി കെ, ജോയിന്റ് ഡയറക്ടർ ഡോ. ബേബി കെ കെ, ഡെപ്യൂട്ടി ഡയറക്ടർ ഡോ. പുഷ്പലത, ഡോ. വേണുഗോപാൽ, ഡോ. ആശ ടി ടി എന്നിവർ സംസാരിച്ചു. 

Eng­lish Sum­ma­ry: Ani­mal wel­fare depart­ment starts prepa­ra­tions: Mobile vet­eri­nary unit to reach farm­ers soon

You may also like this video

Exit mobile version