നായകളുടെ കടിയേല്‍ക്കുന്ന സംഭവങ്ങളും പേവിഷ ബാധയേറ്റുള്ള മരണങ്ങളും വര്‍ധിക്കുന്ന സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി മൃഗസംരക്ഷണ വകുപ്പ്. സംസ്ഥാനത്തെ തെരുവുനായ്ക്കള്‍ക്കും പേവിഷ പ്രതിരോധ കുത്തിവയ്പ് നടത്തുന്നതിനുള്ള മുന്നൊരുക്കങ്ങള്‍ ആരംഭിച്ചു. ഈ മാസം 15 മുതല്‍ 30 വരെ ആദ്യഘട്ടമായി അഞ്ച് കോര്‍പറേഷനുകളില്‍ തെരുവുനായ്ക്കള്‍ക്കുള്ള വാക്സിനേഷന്‍ യജ്ഞം നടക്കും. മുഴുവൻ വളർത്തുനായ്ക്കൾക്കും പൂച്ചകൾക്കും ക്യാമ്പുകൾ സംഘടിപ്പിച്ച് സമയബന്ധിതമായി പേവിഷ പ്രതിരോധ കുത്തിവയ്പ് നൽകുന്ന പ്രവര്‍ത്തനമാണ് നിലവില്‍ നടന്നുകൊണ്ടിരിക്കുന്നത്. 15 വരെ നടക്കുന്ന ക്യാമ്പയിന്റെ ഭാഗമായി ഈ വിഭാഗത്തിലെ വലിയൊരു ശതമാനത്തിലും വാക്സിനേഷന്‍ നല്‍കാന്‍ സാധിക്കുമെന്നാണ് വകുപ്പിന്റെ വിലയിരുത്തല്‍.
വളര്‍ത്തുമൃഗങ്ങള്‍ക്കുള്ള ലൈസന്‍സിന് വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണെന്നതും വളര്‍ത്തുനായ്ക്കളുടെ കടിയേറ്റവര്‍ക്കും പേവിഷബാധയേല്‍ക്കുന്നതായുള്ള സംഭവങ്ങളും പേവിഷ പ്രതിരോധ കുത്തിവയ്പ് ക്യാമ്പയിന്‍ കൂടുതല്‍ സജീവമാകാന്‍ കാരണമായി. 15ന് ശേഷവും മൃഗാശുപത്രികളിലെത്തി പ്രതിരോധ കുത്തിവയ്പെടുക്കുന്നതിനുള്ള സൗകര്യമുണ്ട്. തദ്ദേശ സ്വയംഭരണ വകുപ്പുമായി ചേര്‍ന്ന് മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ നടക്കുന്ന റാബിസ് ഫ്രീ കേരള വാക്സിനേഷന്‍ ക്യാമ്പയിന്റെ ഭാഗമായി 2021–22ല്‍ 1,94,081 വാക്സിനേഷനുകളാണ് വളര്‍ത്തുനായ്ക്കള്‍ക്ക് നല്‍കിയത്.
2022–23 വര്‍ഷത്തില്‍ ഇതുവരെയായി 1,70,113 വാക്സിനേഷനുകളും നല്‍കിക്കഴിഞ്ഞു. സംസ്ഥാന മൃഗസംരക്ഷണ വകുപ്പിന്റെ ഏറ്റവും പുതിയ കണക്കുകൾ അനുസരിച്ചു ഒമ്പത് ലക്ഷം നായ്ക്കളെയാണ് വീടുകളിൽ വളർത്തുന്നത്. തെരുവ് നായ്ക്കളുടെ എണ്ണം മൂന്നു ലക്ഷത്തിൽ താഴെയാണ്. വിവിധ വകുപ്പുകളുമായി സഹകരിച്ചുകൊണ്ട്, ആകെ 12 ലക്ഷത്തോളം വരുന്ന ഈ നായ്ക്കളിൽ ബഹുഭൂരിപക്ഷത്തിനും പേവിഷ പ്രതിരോധ കുത്തിവയ്പ് നല്‍കുന്നതിനുള്ള തീവ്രയജ്ഞത്തിലാണ് വകുപ്പ്. ഈ വർഷം ജൂലൈ വരെ 1,83,931 പേർക്കാണ് നായയുടെ കടിയേറ്റതെന്നാണ് നിയമസഭയില്‍ സര്‍ക്കാര്‍ വ്യക്തമാക്കിയത്. മൃഗസംരക്ഷണ വകുപ്പിന്റെ കീഴിൽ നിലവിലുള്ള എബിസി സെന്ററുകളുടെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തിക്കൊണ്ട് തെരുവുനായ്ക്കളുടെ വന്ധ്യംകരണം കാര്യക്ഷമമായി നടത്തും. പേവിഷബാധ നിർമ്മാർജ്ജനവുമായി ബന്ധപ്പെട്ട് സ്കൂളുകളിൽ ഉൾപ്പെടെ വ്യാപകമായ ബോധവൽക്കരണ ക്യാമ്പയിനുകൾ സന്നദ്ധ സംഘടനകൾ, റസിഡൻസ് അസോസിയേഷനുകൾ എന്നിവയുമായി ചേർന്നുകൊണ്ട് നടത്താനുമുള്ള തീരുമാനമാണ് മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ കൈക്കൊണ്ടിരിക്കുന്നത്.
English Summary: Animal Welfare Department to strengthen rabies prevention
You may also like this video