Site icon Janayugom Online

സ്ത്രീത്വത്തെ അപമാനിച്ച എംഎസ്എഫ് “സ്ത്രീ നവോത്ഥാനത്തിന്റെ നാമ്പുകൾ” നുള്ളുന്നു; പരിഹസിച്ച് സോഷ്യൽ മീഡിയ

അനീതിക്കെതിരെ പ്രതികരിച്ച പെൺകരുത്തിനെ തച്ചുടച്ച ശേഷം “സ്ത്രീ നവോത്ഥാനത്തിന്റെ നാമ്പുകൾ” എന്ന പ്രമേയത്തിൽ ഹരിതയെക്കൊണ്ട് സെമിനാർ സംഘടിപ്പിക്കുന്ന മുസ്ലീം ലീഗ് — എംഎസ്എഫ് നേതൃത്വത്തെ പരിഹസിച്ച് സോഷ്യൽ മീഡിയ. എംഎസ്എഫ് നേതാക്കൾ സ്ത്രീത്വത്തെ അപമാനിച്ചതിനെതിരെ പരാതി നൽകിയെങ്കിലും നടപടി സ്വീകരിക്കാതെ കയ്യൊഴിയുകയാണ് ലീഗ് നേതൃത്വം ചെയ്തത്. തുടർന്ന് ഹരിത നേതാക്കൾ വനിതാ കമ്മിഷനെ സമീപിക്കുകയായിരുന്നു. പരാതിയിൽ എംഎസ്എഫ് സംസ്ഥാന അധ്യക്ഷൻ പി കെ നവാസിനെ അറസ്റ്റു ചെയ്യുന്ന സാഹചര്യമുണ്ടായിട്ടും ഇരകളായ പെൺകുട്ടികൾക്കൊപ്പം നിൽക്കാൻ ലീഗ് നേതൃത്വം തയ്യാറായില്ല. പാർട്ടിയിൽ ഒരു വിഭാഗവും പൊതു സമൂഹവും ശക്തമായ പ്രതിഷേധങ്ങൾ ഉയർത്തിയെങ്കിലും പരാതി നൽകിയ ഹരിത നേതാക്കളെ ഒഴിവാക്കി ഹരിതയ്ക്ക് പുതിയ സംസ്ഥാന കമ്മിറ്റിയെ പ്രഖ്യാപിക്കുകയാണ് മുസ് ലിം ലീഗ് നേതൃത്വം ചെയ്തത്. 

ഇത്തരത്തിൽ പുനസ്ഥാപിച്ച ഹരിത കമ്മിറ്റിയെ മുഖ്യധാരയിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്ത്രീ നവോത്ഥാനത്തിന്റെ നാമ്പുകൾ എന്ന പ്രമേയത്തിൽ 28 ന് കോഴിക്കോട്ട് സി എച്ച് സെമിനാർ സംഘടിപ്പിക്കുന്നത്. എം എസ് എഫ് സംസ്ഥാന കമ്മിറ്റി ഫേസ് ബുക്ക് വഴിയാണ് പരിപാടിയുടെ പോസ്റ്റർ പുറത്തുവിട്ടത്. പഴയ ഹരിത കമ്മിറ്റി പിരിച്ചുവിട്ട് പുതിയ നേതൃത്വം വന്നതിന് ശേഷം നടക്കുന്ന പ്രധാനപ്പെട്ട പരിപാടി കൂടിയാണിത്. ഇതിനെതിരെയാണ് വ്യാപക പരിഹാസം ഉയരുന്നത്. സ്ത്രീകളുടെ പ്രശ്നങ്ങൾക്കും പ്രയാസങ്ങൾക്കും നേരെ മുഖം തിരിച്ച ശേഷം സ്ത്രീ നവോത്ഥാനമെന്ന പേരിൽ എത്തുന്ന എംഎസ്എഫ്- മുസ് ലിം ലീഗ് നേതൃത്വത്തെ വലിയ തോതിലാണ് പലരും പരിഹസിക്കുന്നത്. പുതിയ ഹരിത കമ്മിറ്റിയും എത്ര നാൾ തുടരുമെന്ന് സ്ത്രീ നവോത്ഥാനക്കാർ വ്യക്തമാക്കണമെന്ന് ചോദ്യം ഉയരുന്നു. 

പരാതി ഉയർത്തിയ ഹരിത നേതൃത്വത്തിലെ ഒരാളെ പോലും പ്രധാന പദവിയിലേക്ക് പരിഗണിക്കാതെയാണ് പുതിയ ഹരിത കമ്മിറ്റി രൂപീകരിച്ചത്. അനീതിക്കെതിരെ നിലപാട് സ്വീകരിക്കുന്ന സ്ത്രീകളോട് ഇത്തരത്തിൽ നിലപാട് സ്വീകരിച്ചശേഷം ആരെ ബോധ്യപ്പെടുത്താനാണ് ഇത്തരം പരിപാടികൾ സംഘടിപ്പിക്കുന്നതെന്നും പലരും ചോദിക്കുന്നു. 

Eng­lish Sum­ma­ry : anti woman pol­i­cy hold­ing msf organ­is­ing women empow­er­ment programme

You may also like this video :

Exit mobile version