ഡൗൺ സിൻഡ്രോം എന്ന ജനിതക തകരാറിന് മുന്നിൽ കീഴടങ്ങാതെ ഉയരങ്ങൾ കീഴടക്കുകയാണ് കോഴിക്കോട് സ്വദേശിനിയായ അനിതാ മേനോൻ എന്ന പെൺകുട്ടി. മോഡലിംഗ് രംഗത്തും ചിത്രകലയുടെ ലോകത്തുമെല്ലാം നിറഞ്ഞു നിൽക്കുന്ന അനിത എന്ന ഇരുപത്തഞ്ചുകാരി തന്റെ സിനിമാ സ്വപ്നങ്ങളും പങ്കുവെക്കുന്നു.
ദുരിതങ്ങൾക്ക് മുമ്പിൽ പതറാതെ മകളെയും കൊണ്ട് പോരാടിയ മാതാപിതാക്കളുടെ കരുത്തു കൂടിയാണ് അനിതയുടെ വിജയങ്ങൾ. കോഴിക്കോട് സ്വദേശിയായ രാംദാസിന്റെയും ഉഷയുടെയും ഇളയമകളാണ് അനിത. സൗദിയിൽ ഉള്ളപ്പോഴാണ് ഉഷ അനിതയെ ഗർഭം ധരിക്കുന്നത്. പിന്നീട് ഭേപ്പാലിലിൽ മാതാപിതാക്കളുടെ അടുത്തേക്ക് ഉഷ തിരിച്ചുവന്നു. ഇവിടെ വെച്ചാണ് അനിതയെ പ്രസവിക്കുന്നത്. മകൾക്ക് ഡൗൺ സിൻഡ്രോമുണ്ടെന്ന് അറിഞ്ഞതോടെ തകർന്നുപോയെന്ന് ഉഷ പറയുന്നു.
മകളുടെ അവസ്ഥയറിഞ്ഞതോടെ രാംദാസ് സൗദിയിലെ ജോലി രാജിവെച്ച് നാട്ടിലേക്ക് മടങ്ങി. ഡൗൺ സിൻഡ്രോമിന് പുറമെ ഹൃദയത്തിനും തകരാറുകളുള്ള മകളുമായി ആശുപത്രികളിൽ നിന്ന് ആശുപത്രികളിലേക്കുള്ള ഓട്ടമായിരുന്നു പിന്നീട്. വലിയ ചെലവുള്ള ചികിത്സയും ശസ്ത്രക്രിയകളുമെല്ലാമായി ആ യാത്ര തുടർന്നു. പിന്നീട് ദുബായിലേക്ക് മടങ്ങിയ ഇവർ മൂത്ത മകളായ അഞ്ജലിയെ പരിപാലിച്ചപോളെ സാധാരണ ഒരു കുട്ടിയെപ്പോലെ തന്നെയായിരുന്നു അനിതയെയും വളർത്തിക്കൊണ്ടുവന്നത്. ഡോക്ടർമാരുടെയും വിദഗ്ധ തെറാപ്പിസ്റ്റുകളുടെയും പിന്തുണയോടെ അനിതയെ മികച്ച രീതിയിൽ ഉയർത്തിക്കൊണ്ടുവരുവാൻ മാതാപിതാക്കൾക്ക് സാധിച്ചു. അവധിക്കാലത്ത് നാട്ടിലെത്തിയപ്പോഴാണ് അനിതയ്ക്ക് മോഡിലിംഗിനോട് താത്പര്യം തോന്നിയത്. ആദ്യം പരസ്യ ഏജൻസികളിൽ നിന്നും പ്രതികരണമൊന്നും ലഭിച്ചില്ലെങ്കിലും പിന്നീട് ഫ്രൈഡേ മാഗസിൻ പിന്തുണയുമായി എത്തുകയും ഗൾഫ് ന്യൂസ് സ്റ്റുഡിയോയിൽ ഫോട്ടോ ഷൂട്ട് നടത്തുകയും ചെയ്തു. ഇതോടെ ആത്മവിശ്വാസം ലഭിച്ച അനിത വുമൺ ടു വുമൺ എന്ന കമ്പനിയുടെ കലണ്ടർ ഗേൾ ആയി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. ഇന്ത്യയിലെ മുഖ്യധാരാ മോഡലാകുക എന്നതാണ് അനിതയുടെ ആഗ്രഹം. ഭിന്നശേഷിക്കാരോടുള്ള സമൂഹത്തിന്റെ കാഴ്ചപ്പാട് മാറ്റിക്കൊണ്ട് മോഡലിംഗ് രംഗത്ത് ശ്രദ്ധേയയാകണമെന്നും ഇവർ പറയുന്നു. സിനിമയിൽ അഭിനയിക്കാനും അനിതയ്ക്ക് ആഗ്രഹമുണ്ടെന്ന് അനിതയുടെ പിതാവ് കെ പി രാംദാസ് പറഞ്ഞു.
കുടുംബം പൂനൈയിലെത്തിയ ശേഷം അനിത ഇവിടെ മോഡലിംഗ് രംഗത്ത് സജീവമാണ്. ദീപാവലി വിളക്കുകൾ പെയിന്റ് ചെയ്തുകൊണ്ടുക്കുക, അക്രലിക് പെയിന്റിംഗ് എന്നീ രംഗങ്ങളിലും അനിത സജീവമായി തുടരുന്നുണ്ട്. മെക്സിക്കോയിലെ ആർട്ട് ഗ്യാലറിയിൽ ഉൾപ്പെടെ അനിതയുടെ ചിത്രങ്ങൾ പ്രദർശിപ്പിച്ചിട്ടുണ്ട്. 2021 ലെ വേൾഡ് ഡൗൺ സിൻഡ്രോം കോൺഗ്രസ് എന്ന പരിപാടിയിലും അനിത പങ്കെടുത്തിട്ടുണ്ട്. അനിതയെപ്പോലെ പല കുട്ടികളെയും പലയിടത്തു നിന്നും മാറ്റി നിർത്തപ്പെടുന്ന സമീപനം ഉണ്ടാവുമ്പോഴാണ് എല്ലാറ്റിനെയും നേരിട്ട് അനിതയുടെയും കുടുംബത്തിന്റെയും മുന്നോട്ടുള്ള യാത്ര. അനിതയുടെ ‘ഹോപ്പ് വിത്ത് ആർട്’ ചിത്രപ്രദർശനം ലളിതകല അക്കാദമി ആർട് ഗാലറിയിൽ ബുധനാഴ്ച ആരംഭിക്കും. മേയർ ബീനഫിലിപ്പ് പ്രദർശനം ഉദ്ഘാടനം ചെയ്യും. വാർലി ക്യാൻവാസ് പെയിന്റിംഗ്, പെബിൾ ആർട്, ക്യാൻവാസ് പെയിന്റിംഗുകൾ, വാർലി പെയിന്റിംഗ് എന്നിവയെല്ലാം പ്രദർശനത്തിലുണ്ട്. ഭിന്നശേഷിക്കാർക്ക് പ്രചോദനം നൽകുകയെന്ന ലക്ഷ്യത്തോടെയാണ് പ്രദർശനം സംഘടിപ്പിക്കുന്നതെന്ന് അനിതയുടെ മാതാവ് ഉഷ പറഞ്ഞു.