നാടനും വിദേശിയുമായ വിവിധ പഴവർഗങ്ങളുടെ കുത്തൊഴുക്കിൽ മലയാളി മറന്നു കളഞ്ഞ ആഞ്ഞിലിച്ചക്കയുടെ തിരിച്ചു വരവ് വേനൽക്കാലത്ത് ആഘോഷമാവുകയാണ്. കാക്ക കൊത്തി താഴെയിട്ടു ചീഞ്ഞു പോയിരുന്ന ആഞ്ഞിലിച്ചക്കയ്ക്ക് ഇപ്പോൾ വിപണിയിൽ 200 — മുതൽ 300 രൂപ വരെയാണു വില. ഇടുക്കിയിൽ നിന്നാണ് വഴിയോര വില്പനയ്ക്കായി ജില്ലയിലേക്ക് ആഞ്ഞിലിച്ചക്ക എത്തിച്ചിരിക്കുന്നത്.
എല്ലാ വീടുകളിലും, പറമ്പുകളിലും ആഞ്ഞിലി മരങ്ങളും ആഞ്ഞിലിച്ചക്കകളും ഉണ്ടെങ്കിലും പൂർണമായി പറിച്ചെടുക്കാൻ സാധിക്കാറില്ല. അതിനാൽ തന്നെ വളരെയധികം കഷ്ടപ്പെട്ടാണ് ആഞ്ഞിലിച്ചക്കകൾ ശേഖരിച്ച് വിതരണത്തിനായി എത്തിക്കുന്നത്. മൂന്ന് ആഞ്ഞിലിച്ചക്കയാണ് ഒരു കിലോഗ്രാം വാങ്ങുമ്പോൾ ലഭിക്കുന്നത്. നിത്യേന 100 കിലോ വരെ വിൽക്കുന്ന വഴിയോര കച്ചവടക്കാരുണ്ട്.
ഒരു കാലത്ത് മലയാളിയുടെ പ്രധാനപ്പെട്ട ഒരു പോഷകാഹാരം ആയിരുന്നു ആഞ്ഞിലിച്ചക്ക. വിളഞ്ഞ ആഞ്ഞിലി ച്ചക്കയുടെ പുറം തൊലി ചെത്തിക്കളഞ്ഞ് ചെറു കഷണങ്ങളാക്കി അരിഞ്ഞ് തയ്യാറാക്കുന്ന പുഴുക്കും കുരു വറുത്ത് തൊലികളഞ്ഞതും ഗൃഹാതുരത്വമുണ്ടാക്കുന്ന രുചികളാണ്. ആഞ്ഞിലിക്കുരു വറുത്ത് പൊടിച്ചു തേനുമായി ചേർത്തു ആസ്തമയെ പ്രതിരോധിക്കാനുള്ള ഔഷധമായും ഉപയോഗിച്ചിരുന്നു.
മാർച്ച്, ഏപ്രിൽ, മേയ് മാസങ്ങളിൽ സുലഭമായി ലഭിക്കുന്ന വിഭവങ്ങളായ ചക്കയ്ക്കും മാങ്ങയ്ക്കുമൊപ്പം തന്നെ ആഞ്ഞിലിച്ചക്കയും വിപണിയിൽ തിളങ്ങുന്നു. വൈൽഡ് ജാക്ക് ഫ്രൂട്ട് എന്നറിയിപ്പെടുന്ന ആഞ്ഞിലിച്ചക്കയുടെ ശാസ്ത്ര നാമം അർട്ടോകാർപ്പസ് ഹിൽസ്റ്റസ് എന്നാണ്. ആഞ്ഞിലിച്ചക്കയിൽ നിന്ന് മൂല്യ വർധിത ഉല്പന്നങ്ങൾ നിർമ്മിക്കാനുള്ള പഠനങ്ങളും ആരംഭിച്ചു കഴിഞ്ഞു.
You may also like this video