Site iconSite icon Janayugom Online

അന്‍മോല്‍ ബിഷ്ണോയിയെ യുഎസ് നാടുകടത്തി; ഇന്ന് ഇന്ത്യയിലെത്തിക്കും

കുപ്രസിദ്ധ ഗുണ്ടാത്തലവൻ ലോറൻസ് ബിഷ്ണോയിയുടെ സഹോദരൻ അൻമോല്‍ ബിഷ്ണോയ്‌യെ അമേരിക്ക നാടുകടത്തി. ഇന്ന് ഇന്ത്യയിലെത്തുമെന്ന് റിപ്പോര്‍ട്ട്. യു‌എസിന്റെ ഹോംലാൻഡ് സെക്യൂരിറ്റി ഡിപ്പാര്‍ട്ട്മെന്റ് ബാബ സിദ്ദിഖിയുടെ മകൻ സീഷൻ സിദ്ദിഖിന് ഇമെയിലിലൂടെ ഇക്കാര്യം അറിയിച്ചതായാണ് വിവരം. 18നാണ് അൻമോളിനെ കൈമാറിയതെന്നും ഇന്ന് ഇന്ത്യയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നതായും ഇമെയിലില്‍ പറയുന്നു. 

2024ലെ ബാബ സിദ്ദിഖിയുടെ കൊലപാതകം, 2022ലെ പഞ്ചാബി ഗായകൻ സിദ്ധു മുസാവാലയുടെ കൊലപാതകം തുടങ്ങി നിരവധി കുറ്റകൃത്യങ്ങളില്‍ ഇന്ത്യ അന്വേഷിക്കുന്ന പ്രതിയാണ് അൻമോല്‍ ബിഷ്ണോയ്. 2024 ഏപ്രിലിൽ ബോളിവുഡ് താരം സൽമാൻ ഖാന്റെ മുംബൈയിലെ വീടിന് മുന്നില്‍ വെടിവയ്പ് നടത്തിയ കേസിലും ഇയാള്‍ പ്രതിയാണ്. കഴിഞ്ഞ വര്‍ഷം നവംബറിലാണ് നിയമവിരുദ്ധമായി പ്രവേശിച്ച അൻമോല്‍ ബിഷ്ണോയെ അമേരിക്കൻ അധികൃതര്‍ പിടികൂടുന്നത്. മഹാരാഷ്ട്ര കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിക്കുകയും ആഗോള നിയമ നിർവഹണ ഏജൻസിയായ ഇന്റർപോൾ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിക്കുകയും ചെയ്തതിന് പിന്നാലെയായിരുന്നു അൻമോല്‍ അമേരിക്കയില്‍ പിടിയിലാകുന്നത്. അൻമോളിനെ പിടികൂടാൻ സഹായിക്കുന്നവർക്ക് 10 ലക്ഷം രൂപ എൻഐഎയും പാരിതോഷികമായി പ്രഖ്യാപിച്ചിരുന്നു. യുഎസ് കേന്ദ്രീകരിച്ച് ബാബാ സിദ്ധിഖി വധത്തിനായി അൻമോല്‍ ബിഷ്ണോയ് ഗുഢാലോചന നടത്തിയെന്നാണ് എൻഐഎയുടെ കണ്ടെത്തൽ.

Exit mobile version