Site iconSite icon Janayugom Online

പാക് കുറ്റവാളിയില്‍ നിന്നും വധഭീക്ഷണി നേരിടുന്നുവെന്ന് അൻമോൽ ബിഷ്ണോയ്; സുരക്ഷ ആവശ്യപ്പെട്ട് കോടതിയിൽ ഹർജി സമർപ്പിച്ചു

തനിക്ക് പാകിസ്ഥാനില്‍ നിന്നും വധഭീക്ഷണി നേരിടുന്നുവെന്നും അതിനാല്‍ പ്രത്യേക സുരക്ഷ ഏര്‍പ്പെടുത്തണമെന്നും ആവശ്യപ്പെട്ട് അൻമോൽ ബിഷ്ണോയ്. എൻഐഎ കസ്റ്റഡിയിൽ കഴിയുന്ന അൻമോൽ പ്രത്യേക സുരക്ഷ ആവശ്യപ്പെട്ട് നവംബർ 27ന് കോടതിയിൽ ഹർജി സമർപ്പിച്ചു. പാക് കുറ്റവാളി ഷെഹ്സാദ് ഭട്ടിയിൽനിന്നുമാണ് താന്‍ വധഭീഷണി നേരിടുന്നതെന്നാണ് ബിഷ്ണോയ് ഹര്‍ജിയില്‍ പറയുന്നത്. 

എൻഐഎ ഹെ‍ഡ്ക്വാർട്ടേഴ്സിൽനിന്ന് കോടതിയിലേക്ക് കൊണ്ടുപോകുമ്പോൾ സുരക്ഷ വേണമെന്നും ഒപ്പം ബുള്ളറ്റ് പ്രൂഫ് ജാക്കറ്റും വാഹനവും വേണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. വധഭീഷണി കണക്കിലെടുത്ത് പ്രത്യേക പരിശോധനകൾ നടത്തണമെന്നും അൻമോൽ ഹർജിയിൽ ആവശ്യപ്പെട്ടു. അതേസമയം അൻമോലിന്റെ ‍കസ്റ്റഡി കാലാവധി എൻഐഎ സ്പ‍െഷൽ ജഡ്ജി പ്രശാന്ത് ശർമ ഡിസംബർ അഞ്ച് വരെ നീട്ടി. 

ബാബാ സിദ്ദിഖിയുടേത് ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ അൻമോൽ ബിഷ്ണോയിയെ നവംബർ 19നാണ് ഇന്ത്യയിൽ എത്തിച്ചത്. പഞ്ചാബി ഗായകൻ സിദ്ദു മൂസവാലയുടെ കൊലക്കേസിലും ഇയാൾ പ്രതിയാണ്. ഈ വർഷം ഏപ്രിൽ 14ന് ബോളിവു‍ഡ് താരം സൽമാൻ ഖാന്റെ മുംബൈ ബാന്ദ്രയിലെ വീടിനു പുറത്ത് വെടിയുതിർത്ത സംഭവത്തിനു പിന്നിലും ഇയാളാണെന്ന് സംശയിക്കുന്നു. ബിഷ്ണോയിയെ കണ്ടെത്തുന്നവർക്ക് എൻഐഎ 10 ലക്ഷം രൂപ പ്രതിഫലം പ്രഖ്യാപിച്ചിരുന്നു.

Exit mobile version