Site iconSite icon Janayugom Online

അന്നയുടെ മരണം ദാരുണമെന്ന് കൺസൾട്ടൻസി സ്ഥാപനം ; അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രതൊഴില്‍ മന്ത്രി

പുണെയില്‍ ചാർട്ടേഡ് അക്കൗണ്ടന്റായിരുന്ന കൊച്ചി സ്വദേശി അന്ന സെബാസ്റ്റ്യന്റെ മരണം അമിത ജോലിഭാരത്തെ തുടർന്നാണെന്ന പരാതിയില്‍ അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രതൊഴില്‍ മന്ത്രി ശോഭ കരന്തലജെ. അതേസമയം, സംഭവം അതീവ ദാരുണമാണെന്നും കമ്പനിയിലെ തൊഴിൽ സാഹചര്യം മെച്ചപ്പെടുത്താൻ പരിശ്രമിക്കുമെന്നും കൺസൾട്ടൻസി സ്ഥാപനമായ ഏണ്‍സ്റ്റ് & യങ് പ്രതികരിച്ചു. ഇത്തരത്തിൽ ഒന്ന് സംഭവിക്കാൻ പാടില്ലായിരുന്നു. അന്നയുടെ കുടുംബത്തിന് എല്ലാവിധ സഹായവും നൽകുമെന്നും കമ്പനി വ്യക്തമാക്കി .

 

അന്ന സെബാസ്റ്റ്യന്റെ അമ്മ അനിത അഗസ്റ്റിൻ കമ്പനിക്ക് അയച്ച വൈകാരികമായ കത്ത് വലിയ ചർച്ചയായതിന് പിന്നാലെ ആണ് ഏണ്‍സ്റ്റ് &യങിന്റെ പ്രതികരണം. പുണെ ക്യാംപസിൽ ചാർട്ടേഡ് അക്കൗണ്ടന്റായി ജോലിയിൽ കയറിയ 27കാരിയായ അന്ന ഹൃദയാഘാതത്തെ തുടർന്ന് ജൂലൈ 21നാണ് മരിച്ചത്. അന്നയുടെ അമ്മയുടെ കത്തിന്റെ പൂര്‍ണരൂപം ഇങ്ങനെ.. ‘മികച്ചൊരു കരിയര്‍ പ്രതീക്ഷിച്ചാണ് ചാര്‍ട്ടേഡ് അക്കൗണ്ടന്‍സി പൂര്‍ത്തിയാക്കി ഈ വര്‍ഷം മാര്‍ച്ചില്‍ അന്ന സെബാസ്റ്റ്യന്‍ പുണെയിലെ ഏണ്‍സ്റ്റ് & യങ് (ഇ വൈ) കമ്പനിയില്‍ എക്സിക്യൂട്ടിവ് ആയി ജോലിയില്‍ പ്രവേശിച്ചത്. എന്നാല്‍ വൈകാതെ ആ പ്രതീക്ഷകളെല്ലാം തകിടംമറിഞ്ഞു. തന്റെ ജോലിക്ക് പുറമേ അനൗദ്യോഗികമായി അധികജോലി അന്നയ്ക്ക് മേല്‍ അടിച്ചേല്‍പ്പിച്ചു. അവധി ദിവസങ്ങളില്‍ പോലും വാക്കാല്‍ നിരവധി അസൈന്‍മെന്റുകള്‍ നല്‍കി. ക്രിക്കറ്റ് മല്‍സരങ്ങള്‍ നടക്കുന്ന സമയത്ത് മാനേജര്‍മാര്‍ ആ സമയത്തെ ജോലി മാറ്റി നല്‍കി മകളെ സമ്മര്‍ദത്തിലാക്കി. അമിത ജോലിഭാരം കടുത്ത മാനസിക സമ്മര്‍ദത്തിലേക്കും ഉറക്കമില്ലാത്ത അവസ്ഥയിലേക്കും എത്തിച്ചു. മകള്‍ക്ക് ഇനി ഈ മാനേജര്‍മാരുടെ കീഴില്‍ നിന്ന് ഒരിക്കലും രക്ഷപ്പെടാന്‍ കഴിയില്ലെന്ന് പറഞ്ഞ് ഒരു ഓഫിസ് പാര്‍‌ട്ടിയില്‍വെച്ച് മുതിര്‍ന്ന ഒരു ടീം ലീഡര്‍ അന്നയെ കളിയാക്കി. ഈ ജോലി സംസ്കാരമാണ് തന്റെ മകളുടെ ആരോഗ്യം ക്ഷയിപ്പിച്ച് മരണത്തിലേക്ക് തള്ളിവിട്ടത്. ഈ അവസ്ഥയ്ക്ക് മാറ്റമുണ്ടാകണം. ഇനി ആര്‍ക്കും തന്റെ മകള്‍ക്ക് സംഭവിച്ചത് പോലെ ഉണ്ടാകാന്‍ പാടില്ലെന്നും അനിത കത്തില്‍ വ്യക്തമാക്കുന്നു.

 

Exit mobile version