Site icon Janayugom Online

ചരിത്രം, ഭാവനയും വര്‍ത്തമാനവും

annirupathonnil

രിത്രവും കെട്ട്കഥകളും ഇഴചേർന്ന കൃതികളുടെ വായന പലവിധത്തിൽ ഇതിനകം സാധ്യമായിട്ടുണ്ട്. എന്നാൽ ചരിത്രത്തിന്റെ ഓർമകളും ഓർമകളുടെ ചരിത്രവും എന്ന് വേർപ്പെടുത്തിയെടുക്കുക പ്രയാസം. മലബാർ കലാപത്തെക്കുറിച്ച് അന്വേഷണവും വിശകലനവും ചെയ്ത് ഒരു ചരിത്രാധിഷ്ടിത നോവൽ എന്നത് ശ്രമകരമായ എഴുത്താണെന്ന് പറയാതെ വയ്യ. യാതൊരു പക്ഷവും ചേരാതെ മലബാർ കലാപത്തെ കുറിച്ചുളള വിവിധ വായനകളെ ഏകോപിപ്പിച്ചുകൊണ്ടുളള ബൃഹത്തായ കൃതിയാണ് പൂർണ്ണ‑ഉറൂബ് അവാർഡ് നേടിയ റഹ്‌മാൻ കിടങ്ങയത്തിന്റെ ‘അന്നിരുപത്തൊന്നില്.’ കൊളോണിയൽ ഭരണത്തിന് അറുതി വരുത്തി സ്വാതന്ത്ര്യം നേടാനുള്ള കലാപങ്ങളുടെ, പോരാട്ടങ്ങളുടെ, ലഹളയുടെ, പോരിന്റെ, ഹാലിളക്കത്തിന്റെ, യുദ്ധത്തിന്റെയും ഭാഗമായുള്ള ഖിലാഫത്ത് കാലവും സമരങ്ങളുമാണ് ഈ നോവലിന് ആധാരം.

1921ലെ ലഹളയും സ്വാതന്ത്ര്യത്തിനായുളള വിവിധ സമരങ്ങളും നമ്മെ പഠിപ്പിച്ച പാഠങ്ങൾ പലതാണ്. പക്ഷം പിടിക്കലും ഒറ്റിക്കൊടുക്കലും മാത്രമല്ല മനുഷ്യത്വവും മതസൗഹാർദ്ദവും രേഖപ്പെടുത്തിയ ചരിത്രാംശം കൂടിയുണ്ട് മലബാർ കലാപത്തിന്. താൽപര്യത്തിനൊത്തും ചരിത്തത്തിനൊത്തും ചരിത്രവായന പലവിധത്തിൽ സാധ്യമാണ്. ചരിത്രം ചോരാതെ കഥപറയുന്നതിൽ നീതിപൂർവ്വമായ ഒരു സമീപനം അന്നിരുപത്തൊന്നിലിന്റെ രചനയിൽ വ്യക്തമാണ്. കിസയുടെ ശൈലിയിൽ പുറമെ ഇരുന്ന് പറയുന്ന തരത്തിലാണ് ഈ കൃതിയിൽ മലബാറിന്റെ നാട്ടുജീവിതങ്ങളുടെ സംഭഷണം. ഇത് സമഗ്രമായ ഒരു ദേശചരിത്രം കൂടിയാണ്.

അന്നും ഇന്നും മനുഷ്യർ ഒന്നാണ് എന്ന സൃഷ്ടാവിന്റെ പ്രതിനിധിയായ മനുഷ്യരെപ്പറ്റിയുളള സന്ദേശം ഖിലാഫത്തിന്റെ മാർഗ്ഗരേഖയെക്കുറിച്ച് ഖുറാൻ ഉയർത്തി പറയുന്നുണ്ട്. ഒപ്പം, ധനികൻ-ദരിദ്രൻ, കറുത്തവൻ‑വെളുത്തവൻ, ജാതി-മതം എന്നിങ്ങനെയുളള വേർതിരിവില്ലാത്തതിന്റെ ഔന്നത്യവും ഔചിത്യവും വിളംബരപ്പെടുന്ന എഴുത്ത് രീതിയും ഈ കൃതിയ്ക്കുണ്ട്.

ദേശീയതലത്തിൽ ഈയിടെ ഏറെ ചർച്ചചെയ്യപ്പെട്ട മൗലികതയുടെ വിഷയമാണല്ലോ ഭക്ഷണവും വസ്ത്രവും. ഏത് വേഷമാണോ ഒരാൾക്ക് സുരക്ഷ തരുന്ന വസ്ത്രം, അത് ധരിക്കാൻ വ്യക്തിയ്ക്ക് അവകാശമുണ്ട്, സ്വാതന്ത്ര്യമുണ്ട് എന്നത് ഈ കൃതിയിൽ ഊക്കോടെ പറയുന്നുണ്ട്. ഹിന്ദു സ്ത്രീ ഉമ്മക്കുപ്പായവും വെളളക്കാച്ചിയും ധരിക്കുന്ന അപൂർവ അനുഭവവും സന്ദർഭവും ഇതിലുണ്ട്. ഊലിക്കുട്ടി പ്രസ്താവിക്കുന്നത് ഇങ്ങനെ: “വസ്ത്രം ഒരു സുരക്ഷാ കവചമാണ്.”

മുഖ്യധാരാ ചരിത്രവഴിയിൽ നിന്നും ഒതുക്കപ്പെട്ടവരാണ്, ഓർമ്മിക്കാത്തവരാണ് സ്ത്രീകൾ. അന്നും ഇന്നും സ്ത്രീകൾ ഉണ്ട്. വാരിയൻ കുന്നത്തിന്റെ ഭാര്യ മാളു, പൂക്കോട്ടൂരിലെ കുഞ്ഞാമി, ബീവി, പഞ്ചമി മുതലായവർ ഈ പുസ്തകം വായിച്ച് മടക്കിയാലും മനസ്സിൽ നിന്നും ഇറങ്ങാതെ നിൽക്കും.

ഹിന്ദു-മുസ്ലിം ഐക്യത്തിന് കോട്ടം വരുത്തുന്ന ലഹളക്കാരെ വായനക്കാർക്ക് കാണിച്ച് തരുന്നു. മാപ്പിള‑ഹിന്ദു-കീഴാള ഐക്യത്തിന്റെ സൂചനയോടെയാണ് നോവൽ പുരോഗമിക്കുന്നത്. ഒസ്സാൻ ഹൈദ്രു, ചെത്തുകാരൻ താമി എന്നിവർ പട്ടാളം ഹൈദ്രുവും താമിയും ആവുന്നതിന്റെ സരസവിവരണങ്ങൾ വേറെയാണ്.

പിരിസം, ബലാല്, ഇജ്ജ്, ഓള്, മച്ച്, പുല്ലൂട്ടി, ബിസായം, നകാര എന്നിങ്ങനെ പുതുതലമുറ കേട്ടിട്ടില്ലാത്ത അല്ലെങ്കിൽ മറന്നുപോയ ഒട്ടേറെ വാക്കുകൾ ഈ കൃതിയിൽ പ്രയോഗിച്ചിട്ടുണ്ട്. ഇതിലെ ഭാഷ നാടൻ മൊഴിയിൽ നിന്നും വരമൊഴിയിലേക്കും മേലാള‑ഇംഗ്ലീഷ് ഭാഷയിലേക്കും കഥാഗതിയിൽ മാറുന്നുണ്ട്. വിവരങ്ങൾ അതീവരഹസ്യമായി കൈമാറുന്നതിനായുളള മൈഗുരുഡ് ഭാഷയുടെ ഉപയോഗം ലഹളക്കാലത്ത് ഉണ്ടായിരുന്നതായി നോവൽ സാക്ഷ്യപ്പെടുത്തുന്നു.

ശതമാനക്കണക്കിൽ കഥയും ചരിത്രവും വിഭജിച്ച് മാറ്റാനാവാത്ത വിധത്തിലാണ് കഥയുടെ ആഖ്യാനം. കലാപത്തിനകത്തും മലബാർ പ്രദേശത്തും ഉൾപ്പെടുന്ന ചില പുതിയ കഥാപാത്രങ്ങളെ സൃഷ്ടിക്കുന്നതിൽ രചനാതന്ത്രം സൂക്ഷ്മമായി പ്രയോഗിച്ച ചേരുവ പാകത്തിനാണ്. അതുപോലെ അതിവർണ്ണനയും അമിതാഖ്യാനവും ഒഴിവാക്കിയിട്ടുമുണ്ട്.

ഭാവനാസൃഷ്ടിയ്ക്ക് അതിരുകളില്ലല്ലോ. പക്ഷേ, ചരിത്രത്തെ പിൻപറ്റിയാകുമ്പോൾ രേഖകൾക്ക് അപ്പുറം അറിയാത്തവയും കാണാത്തവയും പറഞ്ഞുകൂട. തന്റെ വല്യുമ്മ കഥയായി പറഞ്ഞു കൊടുത്തതും ചരിത്ര രേഖകളും എ കെ കോടൂരിന്റെ ‘ആംഗ്ലോ-മാപ്പിള യുദ്ധം’ എന്ന പുസ്തകവും നിമിത്തമാണ് ഈ ബൃഹത് കൃതിയുടെ രചനയെന്ന് എഴുത്തുകാരൻ ആമുഖത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

ചരിത്രം വർത്തമാനത്തിലും ഭാവിയിലും പ്രസക്തമാണ്. എങ്കിലും ഫാക്ടും ഫിക്ഷനും സമന്വയിപ്പിച്ച ഈ നോവൽ മലബാർ കലാപത്തിന്റെ നൂറാം വാർഷിക വേളയിൽ ഏറെ പ്രസക്തമാണ്. മായ്ച് കളയാവുന്നതല്ല, മായ്ച് എഴുതിയാൽ മാറുന്നതുമല്ല ചരിത്രം എന്ന് ഓർമ്മിപ്പിക്കുവാൻ പോന്നതാണ് ‘അന്നിരുപത്തൊന്നില്’ എന്ന നോവൽ.

അന്നിരുപത്തൊന്നില്

റഹ്‌മാൻ കിടങ്ങയം

പൂർണ്ണ കോഴിക്കോട്

വില: 535‑രൂപ

Exit mobile version