Site iconSite icon Janayugom Online

മദര്‍ ഏലീശ്വയുടെ വാഴ്ത്തപ്പെട്ട പദവി പ്രഖ്യാപനം 8ന്

കേരള കത്തോലിക്കാ സഭയിലെ ആദ്യ സന്ന്യാസിനി മദര്‍ ഏലീശ്വ വാഴ്ത്തപ്പെട്ട പദവിയിലേക്ക്. എട്ടിന് ദേശീയ മരിയന്‍ തീര്‍ഥാടനകേന്ദ്രമായ വല്ലാര്‍പാടം ബസിലിക്കയിൽ വൈകിട്ട് നാലിന് ശുശ്രൂഷകൾ ആരംഭിക്കും. മുഖ്യകാർമികത്വം വഹിക്കുന്ന ലിയോ പതിനാലാമന്‍ മാർപാപ്പായുടെ പ്രതിനിധി മലേഷ്യയിലെ പെനാങ് രൂപത മെത്രാന്‍ കര്‍ദിനാള്‍ ഡോ. സെബാസ്റ്റ്യന്‍ ഫ്രാന്‍സിസ് പ്രഖ്യാപനം നടത്തുമെന്ന് വരാപ്പുഴ സഹായ മെത്രാൻ ഡോ. ആന്റണി വാലുങ്കൽ, സിടിസി മദര്‍ ജനറൽ സിസ്റ്റർ ഷഹീല എന്നിവർ അറിയിച്ചു. മദർ ഏലീശ്വയുടെ ഛായാചിത്രം, ലോഗോ, ദീപശിഖ എന്നിവയുടെ പ്രയാണങ്ങൾ 3.30ന് ബസിലിക്ക കവാടത്തിലെത്തും. തുടർന്നു കർദിനാൾമാരെയും മെത്രാന്മാരെയും സ്വീകരിക്കും. 4.30ന് ദിവ്യബലി ആരംഭിക്കും. 

വരാപ്പുഴ ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ മദര്‍ ഏലീശ്വയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കുന്നതിനുള്ള അഭ്യര്‍ഥന നടത്തും. തുടർന്നു വാഴ്ത്തപ്പെട്ട പദവി പ്രഖ്യാപനം. കര്‍ദിനാള്‍ ഡോ. ഓസ്വാള്‍ഡ് ഗ്രേഷ്യസ് മദര്‍ ഏലീശ്വായുടെ തിരുസ്വരൂപം അനാവരണം ചെയ്യും. മദറിന്റെ തിരുശേഷിപ്പ് ഔദ്യോഗികമായി ഏറ്റുവാങ്ങി അള്‍ത്താരയില്‍ പ്രതിഷ്ഠിക്കും. ദിവ്യബലിക്കുശേഷം വാഴ്ത്തപ്പെട്ട മദർ ഏലീശ്വയുടെ നൊവേന സിബിസിഐ അധ്യക്ഷന്‍ മാര്‍ ആന്‍ഡ്രൂസ് താഴത്ത് പ്രകാശനം ചെയ്യും. മദര്‍ ഏലീശ്വയെ വിശുദ്ധരുടെ നാമകരണത്തിനായുള്ള വത്തിക്കാന്‍ കാര്യാലയം 2023 നവംബര്‍ എട്ടിനാണ് ധന്യപദവിയിലേക്ക് ഉയര്‍ത്തിയത്. വാഴ്ത്തപ്പെട്ടവളായി സഭ അംഗീകരിക്കുന്നതോടെ മദറിന്റെ പേരില്‍ പ്രാദേശിക സഭയിലെ വണക്കത്തിന് അനുമതി ലഭിക്കും.
മദർ ഏലീശ്വയുടെ പേരിലുള്ള അത്ഭുതം വത്തിക്കാൻ സ്ഥിരീകരിച്ചിട്ടുണ്ട്. വിശുദ്ധപദത്തിലേക്ക് ഉയര്‍ത്തുന്നതിന് വാഴ്ത്തപ്പെട്ടവളുടെ മാധ്യസ്ഥ്യത്തില്‍ മറ്റൊരു അത്ഭുതം കൂടി വത്തിക്കാന്‍ അംഗീകരിക്കേണ്ടതുണ്ടെന്നും ഡോ. ആന്റണി വാലുങ്കൽ അറിയിച്ചു.

Exit mobile version