ഒരു മാസം നീണ്ടുനില്‍ക്കുന്ന പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന് നാളെ തുടക്കം. സര്‍ക്കാരിനെതിരെ ശക്തമായ പ്രതിരോധം ഉയര്‍ത്താനുറച്ച് പ്രതിപക്ഷവും പ്രതിപക്ഷത്തെ പ്രതിരോധിക്കാനുള്ള തന്ത്രങ്ങള്‍ക്ക് രൂപം നല്‍കി ഭരണപക്ഷവും തയ്യാറെടുപ്പിലാണ്. സമ്മേളനത്തിന് മുന്നോടിയായുള്ള സര്‍വകക്ഷി യോഗം ഇന്ന്. പഹല്‍ഗാം തീവ്രവാദി ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പ്രത്യേക പാര്‍ലമെന്റ് സമ്മേളനം വിളിച്ചു ചേര്‍ക്കണമെന്ന പ്രതിപക്ഷ ആവശ്യവും കേന്ദ്രസര്‍ക്കാര്‍ നിരാകരിച്ചിരുന്നു. പഹല്‍ഗാം തീവ്രവാദി ആക്രമണവും തിരിച്ചടിയായ ഓപ്പറേഷന്‍ സിന്ദൂറും സമ്മേളനത്തില്‍ ഭരണ — പ്രതിപക്ഷ പോരാട്ടത്തിന് വഴിവയ്ക്കും. യുദ്ധം നിര്‍ത്തിവയ്ക്കാന്‍ ഇടപെടല്‍ നടത്തിയെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അവകാശവാദം സര്‍ക്കാരിന് തിരിച്ചടിയാകും.
അമേരിക്കയുടെ ഇറക്കുമതി തീരുവ ഉള്‍പ്പെടെ വിദേശകാര്യ നയവുമായി ബന്ധപ്പെട്ട വിഷയങ്ങളിലും പ്രതിപക്ഷം സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കും. ബിഹാര്‍ തെരഞ്ഞെടുപ്പിന് മുന്നോടിയായി തെരഞ്ഞെടുപ്പ് കമ്മിഷന്‍ നടത്തുന്ന തീവ്ര വോട്ടര്‍പട്ടിക പുതുക്കലിനു പിന്നിലുള്ള ബിജെപി രാഷ്ട്രീയ ലക്ഷ്യങ്ങളും പ്രതിപക്ഷം ഇരുസഭകളിലും ഉയര്‍ത്തും. ഔദ്യോഗിക വസതിയില്‍ നോട്ടുകെട്ടുകള്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ വിഷയത്തില്‍ ജസ്റ്റിസ് യശ്വന്ത് വര്‍മ്മയെ ഇംപീച്ച് ചെയ്യാനുള്ള സര്‍ക്കാര്‍ നീക്കത്തിന് തടയിടാന്‍ അദ്ദേഹം സുപ്രീം കോടതിയെ സമീപിച്ചതും സഭകളില്‍ ചര്‍ച്ചയാകും.

