ബിസിസിഐയുടെ പുതിയ വാര്‍ഷിക കരാറില്‍ അജിങ്ക്യ രഹാനെയെയും ചേതേശ്വര്‍ പുജാരയെയും തരംതാഴ്‌ത്തി. അഞ്ച് കോടി രൂപ വാർഷിക പ്രതിഫലമുള്ള എ ഗ്രേഡിൽനിന്ന് മൂന്ന് കോടി പ്രതിഫലമുള്ള ബി ഗ്രേഡിലേക്ക് ഇരുവരും താതാഴ്‌ത്തപ്പെട്ടു. കഴിഞ്ഞ മൂന്ന് വര്‍ഷത്തോളമായി പ്രതീക്ഷയ്ക്കൊത്ത് ഉയരാനാവാതിരുന്ന രഹാനെയും പുജാരയും നിലവില്‍ രഞ്ജി ട്രോഫി കളിക്കുകയാണ്. ഇരുവരെയും പൂര്‍ണമായും കൈവിടാന്‍ ബിസിസിഐ തയ്യാറായില്ലെങ്കിലും എ ഗ്രേഡില്‍ നിന്ന് ബി ഗ്രേഡിലേക്ക് തരം താഴ്ത്തിയിരിക്കുകയാണ്.
ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിലും ഇരുവരും ഇടം നേടിയിരുന്നില്ല. പരിക്കിന്റെ പിടിയിലായ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യക്കും ഗ്രേഡിങ്ങില്‍ ഇടിവ് സംഭവിച്ചു. എ ഗ്രേഡില്‍ നിന്ന് സി ഗ്രേഡിലേക്കാണ് ഹാര്‍ദികിനെ തരംതാഴ്‌ത്തിയത്. ഇത് പ്രകാരം ഒരുകോടി രൂപ മാത്രമാവും ഹര്‍ദിക്കിന് പ്രതിഫലമായി ലഭിക്കുക. 2021ലെ ടി20 ലോകകപ്പിന് ശേഷം ഹര്‍ദിക് ഇന്ത്യന്‍ ടീമിന് പുറത്താണ്. തുടര്‍ച്ചയായി പരിക്ക് വേട്ടയാടുന്ന ഹര്‍ദിക്കിന് മുന്നില്‍ വലിയ വെല്ലുവിളി തന്നെയാണ് ഈ തരംതാഴ്‌ത്തലെന്ന് പറയാം.
വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ വൃദ്ധിമാന്‍ സാഹ ഗ്രേഡ് ബിയില്‍ നിന്ന് സിയിലെത്തി. വിരാട് കോലി, രോഹിത് ശർമ്മ, ജസ്പ്രീത് ബുംറ എന്നിവരാണ് പ്രതിവർഷം ഏഴു കോടി രൂപ ലഭിക്കുന്ന എ പ്ലസ് വിഭാഗത്തിലുള്ളത്. വർഷം അഞ്ച് കോടി രൂപ ലഭിക്കുന്ന എ വിഭാഗത്തിൽ റിഷഭ് പന്ത്, രവീന്ദ്ര ജഡേജ, കെ എൽ രാഹുൽ, മുഹമ്മദ് ഷമി, ആർ. അശ്വിൻ എന്നിവരും ഇടംപിടിച്ചു.
English Summary:Annual contract announced; Rahane and Pujara were demoted
You may also like this video