Site iconSite icon Janayugom Online

വാര്‍ഷിക പരീക്ഷ ഏപ്രില്‍ ആദ്യവാരത്തിൽ

സംസ്ഥാനത്ത് പുനരാരംഭിച്ച ഒന്നുമുതല്‍ ഒമ്പതുവരെയുള്ള ക്ലാസുകള്‍ മാര്‍ച്ച് 31 വരെ തുടരും. വാര്‍ഷിക പരീക്ഷ ഏപ്രില്‍ ആദ്യവാരത്തിൽ ആരംഭിക്കും. ഇന്നലെ പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി വിളിച്ചു ചേര്‍ത്ത അധ്യാപക സംഘടനാ പ്രതിനിധികളടങ്ങുന്ന ക്യൂഐപി യോഗത്തിലാണ് തീരുമാനം. മാര്‍ച്ച് 31നകം പാഠഭാഗങ്ങള്‍ തീര്‍ക്കാനും ശനിയാഴ്ച പ്രവൃത്തി ദിനമാക്കുന്നതിനോട് സഹകരിക്കാമെന്നും അധ്യാപക സംഘടനകള്‍ അറിയിച്ചു.

എന്നാല്‍ മാര്‍ച്ച് വരെ മാത്രം മതി ക്ലാസുകളെന്ന് ചര്‍ച്ചയില്‍ തീരുമാനമായിട്ടുണ്ട്. കോവിഡ് കാലത്തിന്റെ പശ്ചാത്തലത്തിൽ കുട്ടികൾക്ക് പരീക്ഷാ സമ്മർദ്ദം കുറയ്കാൻ മുൻ നിശ്ചയിച്ച പ്രകാരമുള്ള ഫോക്കസ് ഏരിയയും മാർക്ക് ക്രമവും തുടരും. മുഴുവന്‍ സമയ ക്ലാസ് ആരംഭിക്കുന്ന ഫെബ്രുവരി 21 മുതല്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ നിര്‍ബന്ധമാക്കില്ലെന്നും എന്നാല്‍ ആവശ്യമുള്ളവര്‍ക്ക് തുടരാമെന്നുമാണ് ചര്‍ച്ചയിലെ ധാരണ.

21 മുതൽ സ്കൂളുകളിൽ പൂർണ തോതിൽ കുട്ടികൾ എത്തുകയും, വൈകുന്നേരം വരെ പ്രവർത്തിക്കേണ്ടതിനാൽ സ്കൂളുകൾ സജ്ജമാക്കാനുള്ള ജില്ലാ തല അവലോകനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റും കളക്ടറും ചേർന്ന് നടത്തും. കുട്ടികൾക്ക് സ്കൂളിലെത്താൻ സ്കൂൾ വാഹനങ്ങൾ, കുട്ടികളുടെ ആരോഗ്യ സുരക്ഷ ഉൾപ്പെടെയുള്ള കാര്യങ്ങൾ ജില്ലാ തല യോഗം ചർച്ച ചെയ്ത് തീരുമാനിക്കും. ഓൺലൈൻ ക്ലാസുകൾ തുടരും. നേരിട്ടുള്ള ക്ലാസുകൾ ആരംഭിക്കുന്ന സാഹചര്യത്തിൽ സ്കൂൾ തല ഓൺ ക്ലാസ് വേണ്ടെന്നും യോഗത്തിൽ തീരുമാനമായി. യോഗത്തിൽ എൻ ശ്രീകുമാർ, ഒ കെ ജയകൃഷ്ണൻ, എൻ ടി ശിവരാജൻ, സലാഹുദീൻ, സി പ്രദീപ്, കരിം പടുകുണ്ടിൽ, ഗോപകുമാർ, രാജീവ് പി എം, ഹരീഷ് കെ, തമീമുദീൻ, മുഹമ്മദലി എന്നിവർ പങ്കെടുത്തു.

eng­lish sum­ma­ry; Annu­al exam in the first week of April

you may also like this video;

Exit mobile version