Site iconSite icon Janayugom Online

കൊടുവള്ളിയിൽ തട്ടിക്കൊണ്ടുപോയ അനൂസ് റോഷനെ കണ്ടെത്തി

കൊടുവള്ളിയിലെ വീട്ടിൽനിന്ന് കഴിഞ്ഞ ശനിയാഴ്ച തട്ടിക്കൊണ്ടു പോയ യുവാവിനെ കണ്ടെത്തി. മലപ്പുറം കൊണ്ടോട്ടിയിൽനിന്നാണ് യുവാവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. കൊടുവള്ളി കിഴക്കോത്ത് സ്വദേശി റഷീദിന്റെ മകൻ അനൂസ് റോഷനെയാണ് ശനിയാഴ്ച വൈകീട്ട് നാലു മണിയോടെ ആയുധങ്ങളുമായി കാറിൽ എത്തിയ സംഘം വീട്ടിൽ നിന്നും തട്ടിക്കൊണ്ട് പോയത്. വിദേശത്തുവെച്ച് സഹോദരൻ അജ്മൽ റോഷനുമായി സാമ്പത്തിക ഇടപാട് നടത്തിയവരാണ് തട്ടിക്കൊണ്ടു പോകലിനു പിന്നിലെന്നു സംശയമുണ്ടായിരുന്നു. 

കുഴൽപ്പണ‑സ്വർണക്കടത്ത് സംഘത്തേയും പൊലീസ് സംശയിച്ചിരുന്നു. അതിനിടെ തട്ടിക്കൊണ്ടു പോയവരുടെ ചിത്രങ്ങളടക്കം പൊലീസ് പുറത്തുവിട്ടിരുന്നു. പ്രതികൾക്കായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസും പുറത്തിറക്കിയിരുന്നു. അന്വേഷണം പുരോഗമിക്കുന്നതിടയിലാണ് ഇന്നലെ അനൂസിനെ കണ്ടെത്തിയത്. അനൂസുമായി സംഘം പലയിടങ്ങളിലും സഞ്ചരിച്ചതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇക്കാര്യങ്ങൾ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിരുന്നത്. കെഎൽ 65 എൽ 8306 നമ്പർ കാറിലാണ് സംഘം എത്തിയതെന്ന് സൂചന ലഭിച്ചിരുന്നു. എന്നാൽ നമ്പർ വ്യാജമാണെന്നു പിന്നീട് കണ്ടെത്തി. 

അനൂസ് റോഷനെ താമസിപ്പിച്ചത് മൈസൂരിലെ രഹസ്യകേന്ദ്രത്തിലാണെന്നാണ് വിവരം. പൊലീസിന്റെ പിടിയിലാകുമെന്ന് കരുതി പ്രതികൾ പാലക്കാട് ഇറങ്ങുകയായിരുന്നു. അനൂസ് എത്തിയ ടാക്സിയുടെ ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാളെ ചോദ്യം ചെയ്യുമെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേരെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ ഇവർ നേരിട്ട് ബന്ധപ്പെട്ടവരല്ല. അനൂസിൽ നിന്ന് വിശദമായ മൊഴിയെടുത്തതിന് ശേഷം മാത്രമെ സംഭവത്തെക്കുറിച്ച് വ്യക്തത വരുകയുള്ളുവെന്ന് പൊലീസ് വ്യക്തമാക്കി. കേസന്വേഷണച്ചുമതലയുള്ള താമരശ്ശേരി ഡിവൈഎസ്‌പി സുഷീറിന്റെ നേതൃത്വത്തിലുള്ള സംഘം അനൂസിനെ മുക്കം സിഎച്ച്സിയില്‍ വൈദ്യ പരിശോധന നടത്തിയശേഷം വീട്ടിലെത്തിച്ചു. അനൂസിന്റെ സഹോദരൻ അജ്മൽ റോഷൻ വിദേശത്താണ്. ഇയാളുമായുള്ള സാമ്പത്തിക തക്കർത്തെത്തുടർന്നാണ് അനൂസിനെ തട്ടിക്കൊണ്ടുപോയതെന്നാണ് സൂചന. അന്നൂസിന്റെ മൊഴിയെടുത്തശേഷം പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കുമെന്ന് പൊലീസ് അറിയിച്ചു.

Exit mobile version