കൃഷി വകുപ്പ് ഹോർട്ടികോർപ്പ് മുഖാന്തിരം ആന്ധ്രാപ്രദേശിലെ കർഷകരിൽ നിന്നും സംഭരിച്ച 10 ടൺ തക്കാളി കൂടി ഇന്ന് കേരളത്തിൽ എത്തും. കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ ഡിസംബർ 22 മുതൽ ജനുവരി ഒന്നു വരെ വിവിധ ഭാഗങ്ങളിലായി ക്രിസ്മസ് പുതുവത്സര വിപണികൾ സംഘടിപ്പിച്ചിരിക്കുന്നതിനാൽ ഈ വിപണികളിലേക്കു കൂടിയാണ് തക്കാളി അടിയന്തരമായി എത്തിക്കുന്നത്. ആന്ധ്രയിൽ നിന്നും തക്കാളി ലോഡുമായുള്ള വാഹനം ഇന്ന് തിരുവനന്തപുരത്ത് ആനയറയിലെ വേൾഡ് മാർക്കറ്റിൽ എത്തുമെന്ന് കൃഷി മന്ത്രി പി പ്രസാദ് പറഞ്ഞു.
പച്ചക്കറികൾക്ക് വില കുതിച്ചുയർന്ന സമയത്ത് കൃഷി വകുപ്പ് കഴിഞ്ഞ ഒരു മാസമായി ശക്തമായ രീതിയിൽ വിപണി ഇടപെടലുകൾ നടത്തിയതിനെ തുടർന്ന് പല പച്ചക്കറികളുടെയും വില പൊതുവിപണിയിൽ നിയന്ത്രിക്കാൻ കഴിഞ്ഞതായും മന്ത്രി പറഞ്ഞു. പ്രാദേശികമായി കർഷകരിൽ നിന്നും സംഭരണം ശക്തമാക്കുകയും തമിഴ്‌നാട്ടിലെ കർഷകരിൽ നിന്നും നേരിട്ട് പച്ചക്കറി സംഭരിക്കുന്ന നടപടികളടക്കം പലതും ഇക്കാലയളവിൽ കൃഷിവകുപ്പ് ചെയ്തു. തെങ്കാശിയിലെ കർഷകരിൽ നിന്നും നേരിട്ട് പച്ചക്കറികൾ സംഭരിക്കുന്നതിന് കഴിഞ്ഞ ആഴ്ച ധാരണയുമായിട്ടുണ്ട്. ഇതു പ്രകാരമുള്ള പച്ചക്കറികൾ അടുത്ത ആഴ്ച മുതൽ എത്തിത്തുടങ്ങും. ആന്ധ്രായിലെ മുളകാലച്ചെരുവിൽ നിന്നുമുള്ള കർഷകരിൽ നിന്നുമാണ് ഇപ്പോൾ തക്കാളി സംഭരിക്കുന്നത്.ഇന്ന് രാവിലെ വേൾഡ് മാർക്കറ്റിൽ എത്തുന്ന തക്കാളി ലോഡ് കൃഷി ഡയറക്ടർ സുഭാഷ് സ്വീകരിക്കും.
ENGLISH SUMMARY:Another 10 tonnes of tomatoes from Andhra Pradesh to Kerala
You may also like this video