Site iconSite icon Janayugom Online

കണ്ണൂർ സെൻട്രൽ ജയിലിലേക്ക് വീണ്ടും ലഹരി ഡെലിവറി നടത്താന്‍ ശ്രമം; മുഖ്യപ്രതി പിടിയിൽ

കണ്ണൂർ സെൻട്രൽ ജയിലിലേക്ക് വീണ്ടും ഡെലിവറി. 8 കെട്ട് ബീഡി മൂന്നംഗ സംഘം എറിഞ്ഞു നൽകി. കഴിഞ്ഞ ശനിയാഴ്ചയാണ് കണ്ണൂർ സെൻട്രൽ ജയിലിലേക്ക് ലഹരിയെത്തിക്കാൻ വീണ്ടും ശ്രമം നടന്നത്. ഉദ്യോഗസ്ഥരെ കണ്ടതും സംഘം ഓടി രക്ഷപ്പെടുകയായിരുന്നു.ജയിൽ സൂപ്രണ്ട് നല്‍കിയ പരാതിയിൽ ഇവർക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

കഴിഞ്ഞ മാസം ജയിലിലേക്ക് ലഹരിയെത്തിച്ച കേസിൽ ഒരാൾ കൂടി ഇതിനിടെ പിടിയിലായി.സംഘത്തിലെ പ്രധാനിയായ മജീഫിനെയാണ് പൊലീസ് പിടിയികൂടിയത്. നിരവധി ലഹരി കേസുകളില്‍ ഇയാള്‍ പ്രതിയാണ്. മൊബൈൽ ഫോണും ലഹരി മരുന്നുകളും മദ്യവും ജയിലിൽ എത്തിക്കാൻ പുറത്ത് വലിയ സംഘം തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. നേതൃത്വം നൽകുന്നത് സെൻട്രൽ ജയിലില്‍ മുമ്പ് തടവുകാരായിരുന്നവരെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.

ഇവർക്ക് ജയിലും പരിസരവും നന്നായി അറിയുന്നതിനാല്‍ പദ്ധതിക്കായി വ്യക്തമായ പ്ലാനുണ്ടാക്കും. തടവുകാരുടെ വിസിറ്റേഴ്സായി ജയിലിൽ എത്തും. സാധനങ്ങൾ എറിഞ്ഞു നൽകേണ്ട സ്ഥലവും സമയവും ശേഷം നിശ്ചയിക്കും. തുടർന്ന് ഈ വിവരം കൂലിക്ക് എറിഞ്ഞുനൽകുന്നവർക്ക് കൈമാറുന്നതാണ് അടുത്ത ഘട്ടം. തടവുകാരുടെ ബന്ധുക്കളിലൂടെയും സുഹൃത്തുക്കളിലൂടെയും ജയിലിൽ എത്തിച്ച സാധനങ്ങളുടെ പണം സംഘത്തിന് കൃത്യമായി ലഭിക്കും. ജയിലിൽ നിന്ന് ഫോണിലൂടെ വിവരങ്ങൾ പുറത്തേക്ക് കൈമാറുന്നുണ്ട്. ജയിലിൽ എത്തുന്ന ലഹരി മരുന്നുകളും, മദ്യവും തടവുകാർക്ക് വിൽപ്പന നടത്താനും പ്രത്യേക സംഘം ജയിലിനകത്തുമുണ്ടെന്നാണ് കണ്ടെത്തല്‍. ജയിലിലേക്ക് മൊബൈൽ ഫോൺ എറിഞ്ഞു നല്‍കുന്നതിനിടെ പിടിയിലായ പനങ്കാവ് സ്വദേശി അക്ഷയ്‌യെ ചോദ്യം ചെയ്തപ്പോഴാണ് നിർണായക വിവരങ്ങൾ പൊലീസിന് ലഭിച്ചത്. ലഹരി വസ്തുക്കളും മൊബൈൽ ഫോണും ഉൾപ്പെടെയുള്ള സാധനങ്ങൾ എറിഞ്ഞു കൊടുത്താൽ കൂലി കിട്ടാറുണ്ടെന്നും മതിലിന് അകത്ത് നിന്ന് സിഗ്നൽ ലഭിച്ചാല്‍ പുറത്തു നിന്ന് സാധനം എറിഞ്ഞു കൊടുക്കുമെന്നും അക്ഷയ് മൊഴി നല്‍കിയിരുന്നു. ഒരു കെട്ട് സാധനം അകത്തേക്ക് എറിഞ്ഞു കൊടുത്താൽ 1000 രൂപ പ്രതിഫലം കിട്ടുമെന്നും അക്ഷയിയുടെ മൊഴി നല്‍കിയിരുന്നു.

Exit mobile version