ഉത്തർപ്രദേശിൽ ബൂത്ത് ലെവൽ ഓഫിസർ (ബിഎൽഒ) വീട്ടിൽ കുഴഞ്ഞ് വീണ് മരിച്ചു. ഹത്രാസ് ജില്ലയിലെ സിക്കന്ദ്രാ റാവുവിലെ ബ്രഹ്മൻപൂര്‍ സ്വദേശിയായ കമലകാന്ത് ശർമ്മയാണ് (40) മരിച്ചത്. ഇതോടുകൂടി സംസ്ഥാനത്ത് ബിഎല്‍ഒമാരുടെ മരണം മൂന്നായി.
കമലകാന്ത് കുറച്ച് ദിവസമായി ജോലി സംബന്ധമായി കടുത്ത സമ്മർദത്തിലായിരുന്നു എന്നാണ് മകൻ വിനായകിന്റെ ആരോപണം. നവ്‌ലി ലാൽപൂരിലെ കോമ്പോസിറ്റ് സ്കൂളിൽ അധ്യാപകനായിരുന്നു കമലകാന്ത്. രാവിലെയോടെ വീട്ടില്‍ കുഴഞ്ഞുവീഴുകയായിരുന്നു. ആശുപത്രിയിലേക്ക് കൊണ്ട് പോകുന്നതിനിടെയാണ് മരണം സംഭവിച്ചതെന്ന് ജില്ലാ കളക്ടര്‍ അതുൽ വത്സ് പറഞ്ഞു. കഴിഞ്ഞദിവസം ബിജ്നോർ ജില്ലയിൽ ഒരു വനിതാ ബിഎൽഒ ഹൃദയാഘാതം മൂലം മരിച്ചിരുന്നു.
യുപിയില്‍ വീണ്ടും ബിഎല്‍ഒ മരണം

