ഒരു ഇടവേളയ്ക്ക് ശേഷം രാജസ്ഥാന്‍ കോണ്‍ഗ്രസില്‍ വീണ്ടും അടി തുടങ്ങി. പാര്‍ട്ടിയില്‍ തനിക്ക് വെല്ലുവിളി ഉയര്‍ത്തുന്ന യുവനേതാവ് സച്ചിന്‍ പൈലറ്റിനെ ‘ചതിയന്‍’ എന്നു വിശേഷിപ്പിച്ച് മുഖ്യമന്ത്രി അശോക് ഗെലോട്ട് രംഗത്തെത്തിയതോടെ വിഭാഗീയത അതിരുകള്‍ ലംഘിച്ചു.
എന്‍ഡിടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ ആറു തവണയാണ് പൈലറ്റിനെ ചതിയന്‍ എന്ന് ഗെലോട്ട് വിശേഷിപ്പിച്ചത്. സച്ചിന്‍ പാര്‍ട്ടിയെ വഞ്ചിച്ചുവെന്നും ഗെലോട്ട് ആരോപിച്ചു. അദ്ദേഹം സര്‍ക്കാരിനെ മറിച്ചിടാനാണ് നോക്കിയത്. അതില്‍ അമിത് ഷായ്ക്കും ധര്‍മ്മേന്ദ്ര പ്രധാനും പങ്കുണ്ട്. എല്ലാവരും ഡല്‍ഹിയില്‍ യോഗം ചേര്‍ന്നിരുന്നു. ചിലര്‍ 34 ദിവസം റിസോര്‍ട്ടില്‍ കഴിഞ്ഞു. അതാണ് ഞങ്ങളുടെ എംഎല്‍എമാരെ രോഷാകുലരാക്കിയത്.
സ്വന്തം സര്‍ക്കാരിനെ താഴെയിറക്കാന്‍ ശ്രമിക്കുന്ന പാര്‍ട്ടി അധ്യക്ഷനെ ഇന്ത്യ ആദ്യമായി കാണുകയാകും. അട്ടിമറിക്കാന്‍ ബിജെപി 10 കോടി വീതമാണ് നല്‍കിയത്. ഇതിന്റെ തെളിവുകള്‍ കൈവശമുണ്ട്. ചിലര്‍ക്ക് അഞ്ചു കോടി കിട്ടി, ചിലര്‍ക്ക് പത്തും. പൈലറ്റ് മാപ്പ് പറയണം എന്നായിരുന്നു എംഎല്‍എമാരുടെ ആവശ്യം. എന്നാല്‍ നാളിതുവരെ അങ്ങനെയൊന്നുണ്ടായില്ല. അദ്ദേഹം മാപ്പ് പറഞ്ഞാല്‍ തീരുന്ന പ്രശ്നമേ നിലവില്‍ പാര്‍ട്ടിയിലുള്ളൂവെന്നും ഗെലോട്ട് അഭിമുഖത്തില്‍ പറഞ്ഞിരുന്നു.
മുഖ്യമന്ത്രി അശോക് ഗെലോട്ടും സച്ചിന്‍ പൈലറ്റും തമ്മിലുള്ള പോര് കാലങ്ങളായി രാജസ്ഥാന്‍ കോണ്‍ഗ്രസിന് കടുത്ത തലവേദനയാണ്. മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു 2020 ല്‍ പൈലറ്റിന്റെ കലാപം. എന്നാല്‍ ഗെലോട്ട് വഴങ്ങിയില്ല. 100ല്‍ അധികം എംഎല്‍എമാരുമായി ഗെലോട്ട് കരുത്തു കാട്ടിയതോടെ പൈലറ്റ് തോല്‍വി സമ്മതിക്കുകയായിരുന്നു. പിന്നാലെ സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനവും ഉപമുഖ്യമന്ത്രി പദവിയും അദ്ദേഹത്തിന് നഷ്ടമാവുകയും ചെയ്തിരുന്നു.
അതേസമയം ഗെലോട്ടിന്റെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് സച്ചിന്‍ പറഞ്ഞു. ഞാന്‍ പാര്‍ട്ടി അധ്യക്ഷനായിരിക്കെ രാജസ്ഥാനില്‍ ബിജെപിയുടെ അവസ്ഥ മോശമായിരുന്നു. എന്നിട്ടും ഗെലോട്ടിന് മുഖ്യമന്ത്രിയാകാന്‍ കോണ്‍ഗ്രസ് വീണ്ടും അവസരം നല്‍കി. രാജസ്ഥാന്‍ തെരഞ്ഞെടുപ്പില്‍ നമുക്ക് എങ്ങനെ വീണ്ടും വിജയിക്കാം എന്നതിനാണ് മുന്‍ഗണന നല്‍കേണ്ടതെന്നും സച്ചിന്‍ കൂട്ടിച്ചേര്‍ത്തു.
English Summary: Another blow to Rajasthan Congress
You may also like this video