Site iconSite icon Janayugom Online

ആറ്റുകാൽ ക്ഷേത്രത്തിൽ വീണ്ടും ബോംബ് ഭീഷണി; നടൻ എസ് വി ശേഖറിൻ്റെ വീട്ടിലും ബോംബ് വെച്ചിട്ടുണ്ടെന്ന് സന്ദേശം

ആറ്റുകാൽ ക്ഷേത്രത്തിൽ വീണ്ടും ബോംബ് ഭീഷണി. ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാമത്തെ തവണയാണ് ബോംബ് ഭീഷണി സന്ദേശം ലഭിക്കുന്നത്. ക്ഷേത്രത്തിൻ്റെ ഔദ്യോഗിക ഇ‑മെയിൽ വിലാസത്തിലേക്കാണ് ഇത്തവണയും സന്ദേശം എത്തിയത്. നടൻ എസ് വി ശേഖറിൻ്റെ വീടിലും ക്ഷേത്രത്തിലും ബോംബ് വെച്ചിട്ടുണ്ടെന്നാണ് സന്ദേശത്തിൽ പറയുന്നത്. ഈ ഭീഷണിക്ക് തമിഴ്നാട് പൊലീസാണ് സഹായം നൽകിയതെന്നും മെയിലിൽ ആരോപിക്കുന്നു.

കഴിഞ്ഞ ആഴ്ച സമാന രീതിയിൽ പത്മനാഭസ്വാമി ക്ഷേത്രത്തിലും ആറ്റുകാൽ ക്ഷേത്രത്തിലും ബോംബ് ഭീഷണി ഉണ്ടായിരുന്നു. അന്ന് പത്മനാഭസ്വാമി ക്ഷേത്രത്തിൻ്റെ ഇ‑മെയിലിലേക്കാണ് ഭീഷണി സന്ദേശം എത്തിയിരുന്നത്. രണ്ട് ക്ഷേത്രങ്ങളിലും ബോംബ് വെച്ചിട്ടുണ്ടെന്നും വൈകിട്ട് സ്‌ഫോടനം ഉണ്ടാകുമെന്നുമായിരുന്നു ആ സന്ദേശം. സന്ദേശങ്ങളുടെ പശ്ചാത്തലത്തിൽ പൊലീസും ബോംബ് സ്ക്വാഡും രണ്ട് ക്ഷേത്രങ്ങളിലും വിപുലമായ പരിശോധനകൾ നടത്തിയെങ്കിലും സംശയാസ്പദമായി ഒന്നും കണ്ടെത്താനായില്ല. തുടർച്ചയായുള്ള ഭീഷണി സന്ദേശങ്ങൾ ലഭിക്കുന്ന സാഹചര്യത്തിൽ ക്ഷേത്രങ്ങളിലെ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

Exit mobile version