ജമ്മുകശ്മീരിലെ കത്വ ജില്ലയിലുണ്ടായ മേഘവിസ്‌ഫോടനത്തില്‍ ഏഴുപേര്‍ മരിച്ചു. ആറ് പേര്‍ക്ക് പരിക്കേറ്റു. ശനിയാഴ്ച അര്‍ധരാത്രിയില്‍ രാജ്ബാഗിലെ ജോദ് ഘാട്ടി ഗ്രാമത്തിലാണ് മേഘവിസ്‌ഫോടനവും മിന്നല്‍ പ്രളയവും ഉണ്ടായത്. മരിച്ചവരില്‍ അഞ്ചുപേര്‍ കുട്ടികളാണ്. രണ്ട് വയസിനും 15 വയസിനുമിടയില്‍ പ്രായമുള്ളവരാണ് മരിച്ചതെന്ന് ജില്ലാ അധികൃതര്‍ പറഞ്ഞു.
രണ്ടുദിവസമായി പെയ്ത കനത്ത മഴയിലും മണ്ണിടിച്ചിലിലും വന്‍ നാശനഷ്ടമാണ് കത്വയില്‍ ഉണ്ടായത്. വെള്ളപ്പൊക്കം കാരണം ഗ്രാമത്തിലേക്കുള്ള ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്. റെയിൽവേ ട്രാക്കുകളും റോഡുകളും തകർന്നിട്ടുണ്ട്. കത്വയിൽ രക്ഷാപ്രവർത്തനത്തിനും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കുമായി സിവിൽ അഡ്മിനിസ്ട്രേഷൻ, സൈന്യം, അർദ്ധസൈനിക ഉദ്യോഗസ്ഥരെയും വിന്യസിച്ചിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് പറഞ്ഞു. തുടർച്ചയായ മേഘവിസ്ഫോടനങ്ങൾ ജമ്മു കശ്മീരിൽ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്, ദുർബലമായ ഹിമാലയൻ മേഖലയിൽ തീവ്രമായ കാലാവസ്ഥാ ദുരന്തങ്ങള്‍ വർധിച്ചുവരുകയാണെന്ന് അധികൃതര്‍ പറഞ്ഞു.
അതേസമയം കിഷ്ത്വാറിലെ ചോസോട്ടി ഗ്രാമത്തിൽ രക്ഷാപ്രവർത്തനം നാലാം ദിവസത്തിലേക്ക് കടന്നു. വ്യാഴാഴ്ചയുണ്ടായ മേഘവിസ്ഫോടനത്തിൽ 65 ഓളം പേർ മരിച്ചതായാണ് ഔദ്യോഗിക കണക്ക്. നൂറിലധികം പേരെ ഇനിയും കണ്ടെത്താനുണ്ട്. 167 പേരെ രക്ഷപ്പെടുത്തി. ഒറ്റപ്പെട്ടു പോയ ഗ്രാമത്തിലേക്കും മച്ചൈൽ മാതാ ദേവാലയത്തിലേക്കും ബെയ്‌ലി പാലം നിര്‍മ്മിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. മതിയായ മരുന്നുകളും മറ്റ് അടിയന്തര മെഡിക്കൽ സംവിധാനങ്ങളും ഏർപ്പെടുത്തിയതായി ജില്ലാ ഭരണകൂടം അറിയിച്ചു. ഇതുവരെ 50 മൃതദേഹങ്ങൾ തിരിച്ചറിഞ്ഞതായും അധികൃതര്‍ അറിയിച്ചു.
കശ്മീരില്‍ വീണ്ടും മേഘവിസ്ഫോടനം; കത്വയില്‍ ഏഴ് മരണം

