Site iconSite icon Janayugom Online

തായ‍്‍ലാന്‍ഡില്‍ വീണ്ടും ക്രെയിന്‍ അപകടം; രണ്ട് പേര്‍ മരിച്ചു

തായ‍്‍ലാന്‍ഡില്‍ വീണ്ടും ക്രെയിന്‍ അപകടം. തലസ്ഥാനമായ ബാങ്കോക്കിനടുത്തുള്ള സമുത് സഖോൺ പ്രവിശ്യയിലാണ് ക്രെയിൻ രണ്ട് വാഹനങ്ങള്‍ക്ക് മുകളിലേക്ക് തകര്‍ന്നുവീണത്. സംഭവത്തില്‍ രണ്ട് പേര്‍ മരിച്ചതായി പൊലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം വടക്കുകിഴക്കൻ നഖോൺ റാറ്റ്ചസിമ പ്രവിശ്യയിൽ അതിവേഗ റെയിൽ പദ്ധതിയ്ക്കായി എത്തിച്ച ക്രെയിന്‍ ട്രെയിനു മുകളില്‍ തകര്‍ന്നുവീണ് 32 പേര്‍ മരിച്ചിരുന്നു. 

എലിവേറ്റഡ് ഹൈവേയുടെ നിർമ്മാണത്തിനായി എത്തിച്ച ക്രെയിന്‍ റോ‍ഡിലേക്ക് തകര്‍ന്നു വീഴുകയായിരുന്നുവെന്ന് പ്രാദേശിക ജില്ലാ പൊലീസ് സൂപ്രണ്ട് പറഞ്ഞു. അപകടത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തായ്‌ലൻഡിലെ നിർമ്മാണ പദ്ധതികൾ മൂലമുണ്ടായ മാരകമായ അപകട പരമ്പരയിലെ ഏറ്റവും പുതിയ സംഭവമാണിത്. ട്രെയിനു മുകളിലേക്ക് ക്രെയിന്‍ വീണുണ്ടായ അപകടത്തില്‍ 66 പേർക്കും പരിക്കേറ്റിരുന്നു. അതേസമയം, രണ്ട് സംഭവങ്ങളിലും അന്വേഷണം പ്രഖ്യാപിച്ചതായി അധികൃതര്‍ അറിയിച്ചു. 

Exit mobile version