Site iconSite icon Janayugom Online

ഫ്രീഡം ഫ്ലോട്ടിലയുടെ ബോട്ടുകള്‍ക്ക് നേരെ വീണ്ടും ഡ്രോണാക്രമണം

മാനുഷിക സഹായങ്ങളുമായി ഗാസയിലേക്ക് പുറപ്പെട്ട ഫ്രീഡം ഫ്ലോട്ടിലയുടെ ബോട്ടുകള്‍ക്ക് നേരെ വീണ്ടും ഡ്രോണാക്രമണം. ചില ബോട്ടുകളെ ലക്ഷ്യമാക്കി ഒന്നിലധികം ഡ്രോണുകള്‍ ആക്രമണം നടത്തിയതായും ആശയവിനിമയ സംവിധാനങ്ങള്‍ തടസപ്പെട്ടുവെന്നും ഗ്ലോബൽ സുമുദ് ഫ്ലോട്ടില്ല (ജിഎസ്എഫ്) അറിയിച്ചു. അഞ്ച് ബോട്ടുകള്‍ ആക്രമിക്കപ്പെട്ടതായി ജർമ്മൻ മനുഷ്യാവകാശ പ്രവർത്തക യാസെമിൻ അകാർ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ പറഞ്ഞു. ഈ മാസം ആദ്യം, ടുണീഷ്യയിൽ നിലയുറപ്പിച്ചിരിക്കെ ബോട്ടുകള്‍ക്ക് നേരെ ആക്രമണമുണ്ടായിരുന്നു. സ്വീഡിഷ് കാലാവസ്ഥാ പ്രചാരകയായ ഗ്രേറ്റ തുൻബെർഗ് ഉൾപ്പെടെയുള്ള പ്രവർത്തകരെ വഹിച്ചുകൊണ്ടുള്ള ഫ്ലോട്ടില്ല ഓഗസ്റ്റ് അവസാനത്തിൽ ബാഴ്‌സലോണയിൽ നിന്നാണ് പുറപ്പെട്ടത്. നിലവില്‍ 51 ബോട്ടുകളാണ് ഗ്ലോബൽ സുമുദ് ഫ്ലോട്ടില്ലയുടെ ഭാഗമായുള്ളത്. ഫ്ലോട്ടില്ലയെ ഗാസയിലേക്ക് പ്രവേശിക്കാന്‍ അനുവദിക്കില്ലെന്ന മുന്നറിയിപ്പ് ഇസ്രയേല്‍ ആവര്‍ത്തിച്ചിട്ടുണ്ട്. ജൂൺ, ജൂലൈ മാസങ്ങളിൽ കടൽ മാർഗം ഗാസയിലെത്താൻ പ്രവർത്തകർ നടത്തിയ രണ്ട് ശ്രമങ്ങൾ ഇസ്രായേൽ തടഞ്ഞിരുന്നു.

Exit mobile version