Site iconSite icon Janayugom Online

ബോക്‌സിംഗിൽ വീണ്ടും ഇതിഹാസ സംഗമം; മെയ്‌വെതർ‑പാക്യാവോ റീമാച്ച് സെപ്റ്റംബറില്‍

ബോക്‌സിംഗ് ലോകം കാത്തിരുന്ന ആവേശപ്പോരാട്ടത്തിന് കളമൊരുങ്ങുന്നു. ഇതിഹാസ താരങ്ങളായ ഫ്ലോയ്ഡ് മെയ്‌വെതറും മാനി പാക്യാവോയും തമ്മിലുള്ള രണ്ടാം പോരാട്ടം സെപ്റ്റംബറിൽ നടക്കും. സെപ്റ്റംബർ 19 ശനിയാഴ്ച ലാസ് വെഗാസിലെ ‘സ്ഫിയർ’ സ്റ്റേഡിയത്തിലാണ് ഈ പ്രൊഫഷണൽ റീമാച്ച് നിശ്ചയിച്ചിരിക്കുന്നത്. ഒൻപത് വർഷങ്ങൾക്ക് ശേഷമുള്ള ഇവരുടെ നേർക്കുനേർ പോരാട്ടം നെറ്റ്ഫ്ലിക്സിലൂടെ തത്സമയം കാണാം. 48കാരനായ മെയ്‌വെതർ തന്റെ നാലാം വിരമിക്കൽ പ്രഖ്യാപനം പിൻവലിച്ചാണ് വീണ്ടും റിംഗിലെത്തുന്നത്. 2017ൽ കോനർ മക്ഗ്രെഗറെ തോൽപ്പിച്ചതിന് ശേഷം മെയ്‌വെതർ പങ്കെടുക്കുന്ന ആദ്യ പ്രൊഫഷണൽ മത്സരമാണിത്. രാഷ്ട്രീയത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനായി 2021ൽ വിരമിച്ച 47കാരനായ പാക്യാവോ, കഴിഞ്ഞ ജൂലൈയിൽ മരിയോ ബാരിയോസുമായുള്ള മത്സരത്തിലൂടെയാണ് ബോക്സിംഗിലേക്ക് തിരിച്ചെത്തിയത്.

2015ൽ നടന്ന ഇവരുടെ ആദ്യ പോരാട്ടം ‘നൂറ്റാണ്ടിന്റെ മത്സരം’ എന്നാണ് വിശേഷിപ്പിക്കപ്പെട്ടത്. അന്ന് മെയ്‌വെതറായിരുന്നു വിജയി. ബോക്സിംഗ് ചരിത്രത്തിലെ ഏറ്റവും കൂടുതൽ പണം വാരിക്കൂട്ടിയ മത്സരമായിരുന്നു അത്. ഇത്തവണ മെയ്‌വെതറുടെ പ്രൊഫഷണൽ റെക്കോർഡിലെ ഏക തോൽവി താൻ സമ്മാനിക്കുമെന്ന് പാക്യാവോ വെല്ലുവിളിച്ചു. എന്നാൽ ആദ്യ മത്സരത്തിലെ ഫലം തന്നെ ഇത്തവണയും ആവർത്തിക്കുമെന്ന് മെയ്‌വെതർ ആത്മവിശ്വാസം പ്രകടിപ്പിച്ചു. നിലവിൽ 50 മത്സരങ്ങളിൽ ഒന്നിൽ പോലും തോൽക്കാത്ത റെക്കോർഡാണ് മെയ്‌വെതർക്കുള്ളത്. ഈ വർഷം മൈക്ക് ടൈസനുമായും അദ്ദേഹം ഏറ്റുമുട്ടുന്നുണ്ട്. ലോകമെമ്പാടും കോടിക്കണക്കിന് ആരാധകർ കാത്തിരിക്കുന്ന പാക്യാവോ-മെയ്‌വെതർ പോരാട്ടത്തിന്റെ ടിക്കറ്റ് വിവരങ്ങളും മറ്റ് വിശദാംശങ്ങളും വരും ആഴ്ചകളിൽ പുറത്തുവിടും.

Exit mobile version