ലെബനനിലെ ഹിസ്ബുള്ള ശക്തികേന്ദ്രങ്ങളില്‍ വാക്കി ടോക്കികള്‍ പൊട്ടിത്തെറിച്ച് മൂന്ന് പേര്‍ കൊല്ലപ്പെട്ടു. ചൊവ്വാഴ്ച ലെബനനില്‍ വിവിധ ഭാഗങ്ങളിലായി പേജറുകള്‍ പൊട്ടിത്തെറിച്ച് ഒന്‍പത് പേര്‍ കൊല്ലപ്പെടുകയും 2,800-ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ബുധനാഴ്ചത്തെ സ്‌ഫോടനങ്ങള്‍.
അതേസമയം എത്ര വാക്കി ടോക്കികള്‍ പൊട്ടിത്തെറിച്ചുവെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. ബയ്‌റുത്ത്, ബെക്കാ വാലി, ദക്ഷിണ ലെബനൻ എന്നിങ്ങനെ മൂന്നിടത്ത് സ്ഫോടനമുണ്ടായതായാണ് ലെബനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഹിസ്ബുള്ള നേതാക്കളുടെ സംസ്കാരച്ചടങ്ങിനിടെയായിരുന്നു സ്ഫോടനം. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ചൊവ്വാഴ്ചയുണ്ടായ ആക്രമണത്തിൽ പരിക്കേറ്റവരില്‍ ഭൂരിഭാഗവും ഇറാൻ പിന്തുണയുള്ള സായുധസംഘമായ ഹിസ്ബുള്ളയിലെ അംഗങ്ങളാണ്. ഇതില്‍ ഇരുനൂറിലേറെപ്പേരുടെ നില ഗുരുതരമാണ്. മുഖത്തും കൈയിലും വയറ്റിലുമാണ് മിക്കവർക്കും പരിക്ക്. ഹിസ്ബുള്ളയുടെ എം.പി.മാരായ അലി അമ്മാർ, ഹസ്സൻ ഫദ്‍ലള്ള എന്നിവരുടെ ആൺമക്കളും ഹിസ്ബുള്ള അംഗത്തിന്റെ പത്തുവയസ്സുകാരി മകളും മരിച്ചവരിലുൾപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. ലെബനനിലെ ഇറാൻ സ്ഥാനപതി മൊജ്താബ അമാനിക്ക് ഗുരുതരമായി പരിക്കേറ്റു.