Site iconSite icon Janayugom Online

മണിപ്പൂരില്‍ വീണ്ടും വെടിവയ്പ്

മണിപ്പൂരില്‍ വീണ്ടും വെടിവയ്പ്. ബിഷ്ണുപുർ ജില്ലയിൽ കർഷകർക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. 20 ഓളം കർഷകരെ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റി. മേഖലയിൽ സുരക്ഷാസേനയും അക്രമികളും തമ്മിലുണ്ടായ ഏറ്റുമുട്ടൽ 15 മിനിറ്റോളം നീണ്ടു. അതേസമയം അഞ്ച് ജില്ലകളിലായി ആറ് പൊലീസ് സ്റ്റേഷൻ പരിധികൾ കൂടി വിവാദ സായുധസേനാ (പ്രത്യേക അധികാരങ്ങൾ) നിയമ (അഫ്സ്പ) പരിധിയിലാക്കി. സ്ഥിതിഗതികള്‍ കലുഷിതമായി തുടരുന്ന സാഹചര്യത്തിലാണ് നടപടി.

അക്രമികൾ കൊലപ്പെടുത്തിയ 31കാരി ക്രൂരബലാത്സംഗത്തിനിരയായതായാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ശരീരത്തിന്റെ 99 ശതമാനം പൊള്ളലേൽക്കുകയും അവയവങ്ങൾ മുറിച്ചു മാറ്റിയതായും റിപ്പോർട്ടിൽ കണ്ടെത്തി. തലയോട്ടി തകർത്ത നിലയിൽ ആണ്. കഴിഞ്ഞ ഏഴ് ദിവസത്തിനിടെ മണിപ്പൂരിൽ 14 പേരാണ് കൊല്ലപ്പെട്ടത്. സംഘർഷം വ്യാപിക്കുന്നത് കണക്കിലെടുത്ത് 20 കമ്പനി അധിക കേന്ദ്രസേനയെ കഴിഞ്ഞദിവസം സംസ്ഥാനത്ത് വിന്യസിച്ചിരുന്നു. 

ഇംഫാൽ വെസ്റ്റ് ജില്ലയിലെ സെക്മൈ, ലാംസാങ്, ഇംഫാൽ ഈസ്റ്റിലെ ലാംലൈ, ജിരിബാം, കാങ്പോക്പിയിലെ ലെയ്മഖോങ്, ബിഷ്ണുപൂരിലെ മോയിരാങ് പൊലീസ് സ്റ്റേഷൻ പരിധികളാണ് പുതുതായി അഫ്സ്പ നിയമത്തിന് കീഴിലാക്കിയത്.
ഒക്ടോബർ ഒന്നിന് 19 പൊലീസ് സ്റ്റേഷൻ പരിധികൾ ഒഴികെ മണിപ്പൂർ മുഴുവൻ ‘സംഘർഷ മേഖല’ ആയി പ്രഖ്യാപിച്ച് അഫ്സ്പ നടപ്പാക്കിയിരുന്നു. എന്നാൽ സുരക്ഷാ സ്ഥിതി വിലയിരുത്തിയതിനെ തുടർന്ന് ആറ് പൊലീസ് സ്റ്റേഷൻ പരിധികൾ കൂടി അഫ്സ്പ പരിധിയിൽ ഉൾപ്പെടുത്തുകയായിരുന്നു. ഇതോടെ മണിപ്പൂരിൽ 13 പൊലീസ് സ്റ്റേഷൻ പരിധികൾ മാത്രമാണ് അഫ്സ്പയില്‍ നിന്നും ഒഴിവാക്കപ്പെട്ടിരിക്കുന്നത്. 

Exit mobile version