Site icon Janayugom Online

സര്‍ക്കാരുകള്‍ക്ക് വേണ്ടി ഫോണ്‍ ചോര്‍ത്താന്‍ മറ്റൊരു ഇസ്രയേലി കമ്പനിയും

എന്‍എസ്ഒയ്ക്കു പുറമെ മറ്റൊരു ഇസ്രയേലി കമ്പനി കൂടി സര്‍ക്കാരുകള്‍ക്കു ഫോണ്‍ ചോര്‍ത്തി നല്‍കുന്നതായി വെളിപ്പെടുത്തല്‍. സ്മാര്‍ട്ട്ഫോണുകള്‍ ഹാക്ക് ചെയ്യുന്നതിനായി ക്വാഡ്രീം എന്ന ചെറുകമ്പനി പെഗാസസ് പോലുള്ള ചാരസോഫ്റ്റ്‌വേറുകള്‍ നിര്‍മ്മിച്ചു നല്‍കുന്നതായി റോയിട്ടേഴ്സ് പുറത്തുവിട്ട റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ഐഫോണില്‍ കടന്നുകയറുന്നതിനായി എന്‍എസ്ഒ ആപ്പിളിന്റെ ഫോഴ്‌സ്‌ഡ്‌എൻട്രി സുരക്ഷാപിഴവ് ഉപയോഗപ്പെടുത്തിയ രീതിതന്നെയാണ് ക്വാഡ്രീമും അവലംബിക്കുന്നത്. റോയിട്ടേഴ്സാണ് ഇക്കാര്യം പുറത്തുവിട്ടത്. രണ്ട് കമ്പനികളുടെയും സോഫ്റ്റ്‌വേറുകള്‍ക്ക് ഫോണിന്റെ ഉടമ ലിങ്ക് തുറക്കാതെ തന്നെ അതിലേക്ക് പ്രവേശിക്കാന്‍ കഴിയുമെന്നും റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു. ഇതിനായി സീറോ-ക്ലിക്ക് എന്നറിയപ്പെടുന്ന ഒരു നൂതന ഹാക്കിങ് സാങ്കേതിക വിദ്യയാണ് രണ്ട് സ്ഥാപനങ്ങളും ഉപയോഗിക്കുന്നത്.

ടെക് ലോകത്തെ തന്നെ ഞെട്ടിക്കുന്ന തരത്തില്‍ ചാര സോഫ്റ്റ്‌വേറുകള്‍ക്ക് ഫോണുകള്‍ ഇരയാകുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നതെന്ന് വിദഗ്ദര്‍ അഭിപ്രായപ്പെടുന്നു. തങ്ങള്‍ സുരക്ഷിതരാണെന്ന് വിശ്വസിക്കാനാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നത്. നിങ്ങള്‍ സുരക്ഷിതരാണെന്ന് ഫോണ്‍ കമ്പനികള്‍ വിശ്വസിപ്പിക്കുകയും ചെയ്യുന്നു. എന്നാല്‍ യാഥാര്‍ത്ഥ്യം അതല്ലെന്ന് കോർഡിസെപ്സ് സിസ്റ്റംസ് എന്ന സൈബര്‍ സുരക്ഷാ സ്ഥാപനത്തിന്റെ സഹസ്ഥാപകനായ ഡേവ് ഐറ്റെൽ പറയുന്നു.

ക്വാഡ്രീമിന്റെ സീറോ ക്ലിക്ക് കഴിവ് എന്‍എസ്ഒയ്ക്ക് സമാനമാണെന്ന് സൈബര്‍ രംഗത്ത് ഗവേഷണം നടത്തുന്ന സിറ്റിസണ്‍ ലാബിലെ ബില്‍ മാര്‍ക്‌സാക്ക് പറയുന്നു. അതേസമയം ക്വാഡ്രീമിനെക്കുറിച്ചുള്ള ആരോപണത്തില്‍ അന്വേഷണം ഉണ്ടാകുമോ എന്ന ചോദ്യത്തിനോട് പ്രതികരിക്കാന്‍ ആപ്പിള്‍ വക്താവ് വിസമ്മതിച്ചു.

eng­lish sum­ma­ry; Anoth­er Israeli com­pa­ny to leak phones for governments

you may also like this video;

Exit mobile version