Site iconSite icon Janayugom Online

വിജയ് ചിത്രത്തിന് വീണ്ടും നിയമതടസ്സം; ജനനായകന്റെ റിലീസ് ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു

വിജയ്‌യുടെ ‘ജനനായകൻ’ സിനിമയുടെ റിലീസ് വീണ്ടും അനിശ്ചിതത്വത്തിൽ. ചിത്രത്തിന് ഉടൻ ‘U/A’ സർട്ടിഫിക്കറ്റ് നൽകണമെന്ന ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തു. സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ സെൻസർ ബോർഡ് സമർപ്പിച്ച അപ്പീലിലാണ് ഈ നടപടി. ഇതോടെ സിനിമയുടെ റിലീസ് വൈകുമെന്ന് ഉറപ്പായി. കേസ് കൂടുതൽ വാദത്തിനായി ജനുവരി 21ലേക്ക് മാറ്റിവെച്ചു.

ഹൈക്കോടതിയിൽ നടന്ന വാശിയേറിയ വാദത്തിൽ സെൻസർ ബോർഡിനായി സോളിസിറ്റർ ജനറൽ തുഷാർ മേത്ത വീഡിയോ കോൺഫറൻസിങ് വഴി ഹാജരായപ്പോൾ, ജനനായകനു വേണ്ടി മുൻ അറ്റോർണി ജനറൽ മുകുൾ റോത്തഗിയാണ് വാദിച്ചത്. നേരത്തെ സിനിമ റിവൈസിങ് കമ്മിറ്റിക്ക് അയച്ച സെൻസർ ബോർഡ് ചെയർമാന്റെ നടപടിയെ ജസ്റ്റിസ് പി ടി ആശ രൂക്ഷമായി വിമർശിച്ചിരുന്നു. ഈ നടപടി നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സർട്ടിഫിക്കറ്റ് നൽകാൻ കോടതി ഉത്തരവിട്ടതെങ്കിലും ഡിവിഷൻ ബെഞ്ച് ഇപ്പോൾ അത് തടഞ്ഞിരിക്കുകയാണ്.

എച്ച് വിനോദ് സംവിധാനം ചെയ്ത ചിത്രം ഇന്ന് (09/01/2025) റിലീസ് ചെയ്യാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ സെൻസർ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട നിയമതടസ്സങ്ങൾ കാരണം റിലീസ് മാറ്റുകയായിരുന്നു. കെ വി എൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ വെങ്കട്ട് കെ നാരായണ നിർമിക്കുന്ന ഈ ചിത്രം വിജയ്‌യുടെ സിനിമാ കരിയറിലെ അവസാന ചിത്രമാണെന്ന പ്രത്യേകതയുമുണ്ട്. പുതിയ റിലീസ് തീയതി അറിയാനുള്ള കാത്തിരിപ്പിലാണ് തമിഴ് സിനിമാ ലോകവും ആരാധകരും.

Exit mobile version