Site iconSite icon Janayugom Online

ദക്ഷിണാഫ്രിക്കയിൽ വീണ്ടും കൂട്ടവെടിവെപ്പ്; 10 മരണം

ദക്ഷിണാഫ്രിക്കയിലെ ജൊഹാനസ്ബർഗിന് സമീപമുള്ള ബെക്കേഴ്‌സ്‌ഡാൽ ടൗൺഷിപ്പിൽ അജ്ഞാതരായ തോക്കുധാരികൾ നടത്തിയ വെടിവെപ്പിൽ 10 പേർ കൊല്ലപ്പെട്ടു. ശനിയാഴ്ച രാത്രി നടന്ന ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഈ മാസം ദക്ഷിണാഫ്രിക്കയിൽ നടക്കുന്ന രണ്ടാമത്തെ കൂട്ടവെടിവെപ്പാണിത്. 

തെരുവിലൂടെ നടന്നവർക്ക് നേരെ അക്രമികൾ യാദൃശ്ചികമായി വെടിയുതിർക്കുകയായിരുന്നുവെന്ന് പൊലീസ് പ്രസ്താവനയിൽ പറഞ്ഞു. കൊല്ലപ്പെട്ടവരുടെ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. എന്തിനാണ് ആക്രമണം നടത്തിയതെന്ന കാര്യത്തിൽ വ്യക്തതയില്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രികളിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. നേരത്തെ ഡിസംബർ 6ന് പ്രിട്ടോറിയയ്ക്ക് സമീപം നടന്ന മറ്റൊരു വെടിവെപ്പിൽ മൂന്ന് വയസ്സുകാരനടക്കം 12 പേർ കൊല്ലപ്പെട്ടിരുന്നു. ലോകത്ത് ഏറ്റവും കൂടുതൽ കൊലപാതക നിരക്കുള്ള രാജ്യങ്ങളിലൊന്നാണ് ദക്ഷിണാഫ്രിക്ക. ആവർത്തിച്ചുണ്ടാകുന്ന ഇത്തരം കൂട്ടവെടിവെപ്പുകൾ രാജ്യത്തെ ക്രമസമാധാന നിലയെക്കുറിച്ചുള്ള വലിയ ആശങ്കകളാണ് ഉയർത്തുന്നത്.

Exit mobile version