Site iconSite icon Janayugom Online

കെ സുധാകരനെ തെറിപ്പിക്കാന്‍ വീണ്ടും നീക്കം

കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് കെ സുധാകരനെ മാറ്റാൻ വീണ്ടും നീക്കങ്ങൾ തുടങ്ങി. കെപിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട് എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെ കണ്ട ഏഴ് എംപിമാർ സുധാകരനെ മാറ്റണമെന്ന് ആവശ്യപ്പെട്ടു.
സുധാകരനെതിരായിരുന്ന കൊടിക്കുന്നിൽ സുരേഷ്, കെ മുരളീധരൻ എന്നിവർക്ക് പുറമേ ബെന്നി ബഹനാൻ, ടി എൻ പ്രതാപൻ, ആന്റോ ആന്റണി, എം കെ രാഘവൻ, ഡീൻ കുര്യാക്കോസ് എന്നിവരാണ് നിലപാടറിയിച്ചത്. 

കഴിഞ്ഞ ദിവസം ചേർന്ന കെപിസിസി നിർവാഹക സമിതിയിൽ മൗനം പാലിച്ച നേതാക്കളുടെ നിലപാട് മാറ്റം സുധാകരനെയും അനുയായികളെയും അമ്പരപ്പിച്ചു. സംസ്ഥാനത്ത് നേതൃമാറ്റം ഇല്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ വ്യക്തമാക്കിയ സാഹചര്യത്തിൽ ഒരു വിഭാഗം എംപിമാർ അനാവശ്യ വിവാദം സൃഷ്ടിക്കാൻ ശ്രമിക്കുകയാണെന്ന് സുധാകരനൊപ്പമുള്ളവർ ആരോപിക്കുന്നു. മുമ്പ് ചില നീക്കങ്ങൾ ഉണ്ടായപ്പോൾ എ കെ ആന്റണി, സുധാകരന് അനുകൂലമായ നിലപാടാണ് എടുത്തത്. അതുകൊണ്ട് തന്നെ ലോക്‌സഭ തെരഞ്ഞെടുപ്പിന് മുൻപ് നേതൃമാറ്റം ഉണ്ടാകില്ലെന്ന വിശ്വാസത്തിലാണ് സുധാകരൻ ക്യാമ്പ്.
സുധാകരനെ മാറ്റണമെന്ന ആവശ്യവുമായി രാഹുൽ ഗാന്ധിയെയും എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിനെയും കേരളത്തിന്റെ ചുമതലയുള്ള താരിഖ് അൻവറിനേയും എംപിമാർ നേരത്തെ കണ്ടിരുന്നു. അവിടെയുണ്ടായ നിർദേശമനുസരിച്ചാണ് ഖാർഗെയെ കണ്ടതെന്നാണ് സൂചന. ആരോഗ്യ പ്രശ്നങ്ങളും നിരന്തരം വിവാദ പ്രസ്താവനകൾ നടത്തുന്നതും ചൂണ്ടിക്കാട്ടിയാണ് സുധാകരനെതിരെ എംപിമാരുടെ നീക്കം. നിലപാട് പരസ്യമാക്കുന്നില്ലെങ്കിലും സംസ്ഥാനത്തെ ചില മുതിർന്ന നേതാക്കൾക്കും സുധാകരന്റെ പ്രവർത്തനത്തിൽ അതൃപ്തിയുണ്ട്. വരുംദിവസങ്ങളിൽ ഡൽഹി കേന്ദ്രീകരിച്ച് പുനഃസംഘടന സംബന്ധിച്ച ചരട് വലികൾ കൂടുതൽ ശക്തമാകും. 

അതേസമയം ഹൈക്കമാൻഡ് ഒരവസരം കൂടി നൽകുമെന്ന പ്രതീക്ഷയിലാണ് കെ സുധാകരൻ. ആരോഗ്യപ്രശ്നങ്ങൾ ഉണ്ടെന്ന വാദം ശരിയല്ലെന്ന് സുധാകരനൊപ്പം നിൽക്കുന്നവര്‍ പറയുന്നു. ഇപ്പോഴും സംഘടനയെ ചലിപ്പിക്കാൻ ശേഷിയുള്ള നേതാവാണ് സുധാകരനെന്നും അവർ ചൂണ്ടിക്കാണിക്കുന്നു.
കൂടിക്കാഴ്ചയിൽ ശശി തരൂരിനെ പ്രവർത്തക സമിതിയിലേക്ക് എടുക്കണമെന്ന ആവശ്യം എം കെ രാഘവന് പുറമേ കെ മുരളീധരനുമെടുത്തുവെന്നാണറിയുന്നത്. എ ഗ്രൂപ്പിന്റെ എംപിമാരും തരൂരിന് അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്. 

Eng­lish Sum­ma­ry: Anoth­er move to drop K Sudhakaran

You may also like this video

Exit mobile version