Site iconSite icon Janayugom Online

ജനറൽ ആശുപത്രിക്ക് മുന്നിൽ കാർ ഫുട്പാത്തിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ ഒരാള്‍ കൂടി മരിച്ചു; വള്ളക്കടവ് സ്വദേശിനി ശ്രീപ്രിയയാണ് മരിച്ചത്

തിരുവനന്തപുരം ജനറൽ ആശുപത്രിക്ക്  സമീപം  കാർ  ഫുട്പാത്തിലേക്ക്  ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ ചികിത്സയിലിരുന്ന ഒരാൾ കൂടി മരിച്ചു.  ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന മുട്ടത്തറ വള്ളക്കടവ് സ്വദേശിനി എസ്  ശ്രീപ്രിയ(23) ആണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ  രാവിലെയാണ് മരണം. ഓഗസ്റ്റ് 10നായിരുന്നു ജനറൽ ആശുപത്രിക്ക് സമീപമുള്ള ഫുട്പാത്തിൽ നിയന്ത്രണം നഷ്ടപ്പെട്ട കാർ ഇടിച്ചുകയറി അപകടമുണ്ടായത്.

വട്ടിയൂർക്കാവ് സ്വദേശി എ കെ വിഷ്ണുനാഥ് ഓടിച്ചിരുന്ന വാഹനമാണ് അപകടമുണ്ടാക്കിയത്. ഓട്ടോറിക്ഷകളെയും കാൽനടയാത്രക്കാരെയും ഇടിച്ചു തെറിപ്പിച്ച് ഇരുമ്പ് റെയിലിംഗിലൂടെ ഇടിച്ചുകയറി അഞ്ച് മീറ്റർ അകലെയാണ് വാഹനം നിന്നത്. രണ്ട് കാൽനടക്കാരും മൂന്ന് ഓട്ടോ ഡ്രൈവർമാരുമടക്കം ജനറൽ ആശുപത്രിക്ക് മുന്നിലുണ്ടായിരുന്ന അഞ്ച് പേർക്ക് അപകടത്തിൽ പരിക്കേറ്റിരുന്നു. പരിക്കേറ്റവരില്‍ ഒരാളായ ഓട്ടോറിക്ഷ ഡ്രൈവർ ഷാഫി (42 ഒരാഴ്ചയ്ക്ക് ശേഷം മരിച്ചിരുന്നു. പിന്നാലെയാണിപ്പോൾ കാൽനട യാത്രക്കാരിയായ ശ്രീപ്രിയയുടെ മരണം. അപകടത്തിൽ ഉൾപ്പെട്ട മറ്റൊരു ഓട്ടോറിക്ഷ ഡ്രൈവറായ സുരേന്ദ്രൻ ചികിത്സയിൽ തുടരുകയാണ്. ശാസ്താംകോട്ട സ്വദേശി ആഞ്ജനേയനും കുമാറും ആണ് സംഭവത്തിൽ പരിക്കേറ്റ മറ്റുള്ളവർ.

Exit mobile version